Breaking

Sunday, December 15, 2019

പെണ്‍കരുത്തില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

സംഗ്രൂർ (പഞ്ചാബ്): പെൺകരുത്തിൽ ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് കിരീടം. 273 പോയിന്റുമായാണ് കേരളം ചാമ്പ്യൻമാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര് 247 പോയിന്റും മൂന്നാമതുള്ള ഹരിയാണ241 പോയിന്റും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 101 പോയിന്റുമായി കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി. 61 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മൂന്നാമതുമാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി, നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മീറ്റിലെ മികച്ച അത്ലറ്റായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ശിർസെ തേജസ് ആണ് മികച്ച താരം. ശനിയാഴ്ച്ച ആൻസി ട്രിപ്പിൾ സ്വർണ നേട്ടത്തിലെത്തിയിരുന്നു. 100 മീറ്റർ, 200 മീറ്റർ വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ആൻസി ലോങ് ജമ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. സമാപന ദിവസം 4x100 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായതോടെ ആൻസിയുടെ അക്കൗണ്ടിൽ നാല് സ്വർണമെത്തി. താൻ ജനിക്കുംമുമ്പുള്ള മീറ്റ് റെക്കോഡ് തകർത്താണ് ലോങ്ജമ്പിൽ ആൻസി (6.26 മീറ്റർ) ഒന്നാമതായത്. 200 മീറ്റർ 24.36 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻസി സ്വർണം നേടിയത്. ദക്ഷിണേഷ്യൻ ഗെയിംസിൽ വെള്ളി നേടിയ കർണാടകയുടെ പ്രിയ എച്ച്. മോഹനെ മറികടന്നു. കേരളത്തിന്റെ പി.ഡി. അഞ്ജലിക്ക് നാലാംസ്ഥാനം ലഭിച്ചു.ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ. രോഹിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ആരതിയും കേരളത്തിനുവേണ്ടി സ്വർണം നേടി. രോഹിത്തും മീറ്റ് റെക്കോഡ് ഭേദിച്ചു. ശനിയാഴ്ച മാത്രം കേരളം നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. പെൺകുട്ടികളുടെ പോൾവാൾട്ടിൽ ബ്ലെസ്സി കുഞ്ഞുമോൻ, ഹാമർത്രോയിൽ കെസ്സിയ മറിയം ബെന്നി, 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി, ആൺകുട്ടികളുടെ പോൾവാൾട്ടിൽ അലൻ ബിജു എന്നിവർ വെള്ളി നേടി. പെൺകുട്ടികളുടെ ക്രോസ് കൺട്രിയിൽ കെ.പി. സനിക, ലോങ്ജമ്പിൽ പി.എസ്. പ്രഭാവതി, 400 മീറ്റർ ഹർഡിൽസിൽ കെ.ടി. ആദിത്യ എന്നിവരും ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്ത്, ലോങ്ജമ്പിൽ ടി.ജെ. ജോസഫ് എന്നിവരും വെങ്കലം നേടി. ആർ.കെ. സൂര്യജിത്ത് മത്സരിച്ച 110 മീറ്റർ ഹർഡിൽസിൽ ആദ്യ അഞ്ച് സ്ഥാനക്കാരും മീറ്റ് റെക്കോഡ് (14.37 സെക്കൻഡ്) ഭേദിച്ചു. വെങ്കലം നേടിയ സൂര്യജിത്ത് 14.14 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ മഹാരാഷ്ട്രയുടെ ഷിർസെ തേജസ് (13.70) സ്വർണവും വികാസ് ഖോഡ്കെ (14.02) വെള്ളിയും നേടി. അഞ്ചാംസ്ഥാനം നേടിയ കേരളത്തിന്റെ ഡീൻ ഹാർമിസ് ബിജുവും (14.37) മീറ്റ് റെക്കോഡ് കടന്നു. കേരളത്തിന്റെ ആൻ റോസ് ടോമി (14.30 സെക്കൻഡ്) വെള്ളി നേടിയ നൂറ് മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ പി.എം. തബീത്തയ്ക്കാണ് (13.75 സെക്കൻഡ്) സ്വർണം. കേരളത്തിന്റെ അപർണ റോയ് സ്ഥാപിച്ച മീറ്റ് റെക്കോഡ് (14.25) തകർത്തു. തബീത്ത ലോങ്ജമ്പിൽ രണ്ടാംസ്ഥാനവും നേടി. ബ്ലെസ്സി കുഞ്ഞുമോൻ വെള്ളി (3.10 മീറ്റർ) നേടിയ പോൾവാൾട്ടിൽ തമിഴ്നാടിന്റെ ടി. സത്യ (3.61) മീറ്റ് റെക്കോഡ് (3.60) മറികടന്നു. കേരളത്തിന്റെ നിവ്യ ആന്റണിയുടെ റെക്കോഡ് ഭേദിച്ചു. ആൺകുട്ടികളുടെ പോൾവാൾട്ടിൽ 4.10 മീറ്റർ ഉയരം താണ്ടിയാണ് അലൻ ബിജു രണ്ടാംസ്ഥാനത്തെത്തിയത്. 400 മീറ്റർ ഹർഡിൽസിൽ രോഹിത് സ്വർണത്തിലേക്ക് ഫോട്ടോ: സാബു സ്കറിയ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 1:03.23 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ആർ. ആരതി സ്വർണം നേടിയത്. കെ.ടി. ആദിത്യ 1:03.58 മിനിറ്റിൽ മൂന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ എ. രോഹിത്തിന് (52.65 സെക്കൻഡ്) പുറമേ രണ്ടും മൂന്നും സ്ഥാനം നേടിയ തമിഴ്നാടിന്റെ ജയരാഗുലും (53.75) ഗുജറാത്തിന്റെ മോറി രുചിത്തും (53.81) മീറ്റ് റെക്കോഡ് (53.90) മറികടന്നു. കേരളത്തിന്റെ എം.പി. ജാബിറിന്റെ റെക്കോഡ് തകർത്തു. വെള്ളിയാഴ്ച, യോഗ്യതാ റൗണ്ടിൽതന്നെ ലോങ്ജമ്പിലെ മീറ്റ് റെക്കോഡ് (6.05 മീറ്റർ) മറികടന്ന ആൻസി സോജൻ ശനിയാഴ്ച മിന്നുന്ന പ്രകടനം (6.26) കാഴ്ചവെച്ചു. വെങ്കലം നേടിയ പ്രഭാവതി 5.78 മീറ്റർ ചാടി. ലോങ്ജമ്പിൽ 7.17 മീറ്റർ താണ്ടിയാണ് ടി.ജെ. ജോസഫ് വെങ്കലം നേടിയത്. ഹരിയാണയുടെ ഭൂപീന്ദർ സിങ് 7.48 മീറ്റർ ചാടി സ്വർണവും തമിഴ്നാടിന്റെ എസ്. ഹരീഷ് (7.24) വെള്ളിയും നേടി. കേരളത്തിന്റെ പി.എൻ. മെഹഫിൽ ജാസ്സിമിനാണ് (7.10) നാലാംസ്ഥാനം. കെസ്സിയ മറിയം ബെന്നി വെള്ളി നേടിയ (55.73 മീറ്റർ) ഹാമർ ത്രോയിൽ ഒന്നാംസ്ഥാനം ലഭിച്ച ഡൽഹിയുടെ ഹർഷിത ഷെരാവത്തും (61.84) മീറ്റ് റെക്കോഡ് ഭേദിച്ചു. Content Highlights: National School Athletic Meet 2019 Ancy Sojan


from mathrubhumi.latestnews.rssfeed https://ift.tt/2PKM114
via IFTTT