ന്യൂഡൽഹി: വാങ്ങാൻ ആളെ കിട്ടിയില്ലെങ്കിൽ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യ അടുത്ത ജൂൺ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് അധികൃതർ. താത്കാലിക നടപടികൾക്കൊണ്ട് കൂടുതൽ കാലം നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ലെന്നും ഒരു മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യക്ക് നിലവിൽ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാൻ ആളില്ലെങ്കിൽ അടുത്ത വർഷം ജൂണോട് കൂടി ജെറ്റ് എയർവെയ്സിന് സംഭവിച്ചത് പോലെ എയർ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വകാര്യവത്കരണ പദ്ധതികൾക്കിടയിൽ ഫണ്ട് ഇറക്കാൻ വിസമ്മതിച്ച സർക്കാർ എയർ ഇന്ത്യയെ കടക്കെണിയിൽ നിന്ന് സ്വയം മുക്തമാകാൻ വിട്ടിരിക്കുകയാണ്. എന്നാൽ ദീർഘനാളത്തേക്ക് അങ്ങനെ കൊണ്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2011-12 സാമ്പത്തിക വർഷം മുതൽ ഈ വർഷം ഡിസംബർ വരെ എയർഇന്ത്യയിൽ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സർക്കാർ പറയുന്നു. 2012-ൽ യുപിഎ സർക്കാർ 10 വർഷത്തെ കാലയളവിൽ 30,000 കോടി രൂപയുടെ ധനസഹായം എയർഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു. പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2,400 കോടി രൂപയുടെ സോവറിൻ ഗ്യാരന്റിക്ക്(ഉറപ്പ്) ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 500 കോടി രൂപയ്ക്ക് മാത്രമാണ് സർക്കാർ ഗ്യാരണ്ടി നൽകിയിരിക്കുന്നത്. നിലവിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ഞങ്ങളാണ്. ജൂൺ വരെ ഈ അവസ്ഥയിൽ പോകും. ഈ സമയത്തിനുള്ളിൽ വാങ്ങാൻ വന്നില്ലെങ്കിൽ ഞങ്ങൾക്ക് അടച്ച് പൂട്ടേണ്ടി വരും എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. 2018-19 ൽ 8,556.35 കോടി രൂപയാണ് എയർഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000കോടി രൂപയുടെ കടബാധ്യത. Content Highlights:Without buyer, Air India Might be Forced to Shut Down in Six Months
from mathrubhumi.latestnews.rssfeed https://ift.tt/359w8qv
via
IFTTT