Breaking

Saturday, December 28, 2019

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

കല്പറ്റ: ഈ വർഷത്തെ പത്മപ്രഭപുരസ്കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കല്പറ്റ നാരായണൻ അധ്യക്ഷനും ഇ.പി.രാജഗോപാലൻ, സുഭാഷ് ചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയർമാൻ എം.പി. വീരേന്ദ്രകുമാർ എം.പി. അറിയിച്ചു. സാഹിത്യമികവിനുള്ള പത്മപ്രഭ പുരസ്കാരം 1996-ലാണ് ഏർപ്പെടുത്തിയത്. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാർത്ത എഴുത്തുകാരിൽ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. നവീന ഭാവുകത്വത്തിന്റെ പന്ഥാവിൽ സഞ്ചരിക്കേത്തന്നെ കഥനത്തിന്റെ പാരമ്പര്യ വെളിച്ചത്തെ ഉൾക്കൊള്ളാനും മലയാള ചെറുകഥയുടെ ആധുനികദശയിൽ അതിനു വന്നു ഭവിച്ച ദുർഗ്രഹതയിൽനിന്ന് കഥയെ വിമുക്തമാക്കുവാനും ഈ എഴുത്തുകാരനു കഴിഞ്ഞു. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയർത്തിപ്രതിഷ്ഠിക്കുന്നതിൽ സന്തോഷ് ഏച്ചിക്കാനം വഹിച്ച പങ്ക് നിസ്തുലമാണ്. താൻ ജീവിക്കുന്ന കാലത്തിന്റെ ആകുലതകളെ പൂർവമാതൃകകളില്ലാത്ത കഥാഗാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുവാനും പ്രമേയത്തിനിണങ്ങുന്ന ഭാഷാപരിചരണം കൊണ്ട് നവീനമായ ഒരു പാഠം സാധ്യമാക്കാനും ആ കഥകൾക്ക് സാധിക്കുന്നു. സൗന്ദര്യാനുഭൂതിയെ ഹനിക്കാത്ത സാമൂഹ്യവിമർശനം, സാഹിത്യപരതയെ നിഷേധിക്കാത്ത വിഷയദാർഢ്യം, മാനവികതയെ നിന്ദിക്കാത്ത ആഖ്യാനവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ. കാൽ നൂറ്റാണ്ടു പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണർവ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സമിതി പറഞ്ഞു. 1971-ൽ കാസർകോട് ജില്ലയിൽ കർണാടകത്തോട് ചേർന്നുകിടക്കുന്ന ബേഡഡുക്ക ഗ്രാമത്തിലെ കർഷകനും ഫുട്ബോൾ കളിക്കാരനുമായ എ.സി.ചന്ദ്രൻ നായരുടെയും ശ്യാമളയുടെയും മകനായാണ് സന്തോഷ് ഏച്ചിക്കാനം ജനിച്ചത്. മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങളും ജേണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയുമുള്ള സന്തോഷ് പാരലൽ കോളേജ് ഉടമയായും അധ്യാപകനായും ആകാശവാണി സ്ട്രിങ്ങറായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ അയ്യന്തോളിലാണ് ഇപ്പോൾ താമസം. ഒറ്റവാതിൽ, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, കൊമാല, നരനായും പറവയായും, പകൽ സ്വപ്നത്തിൽ വെയിലു കായാൻ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന കൃതികൾ. നിദ്ര, അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ഞാൻ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോൾഡ്, ചന്ദ്രേട്ടൻ എവിടെയാണ്, അബി തുടങ്ങിയ സിനിമകൾക്കും ഒട്ടേറെ ടെലിവിഷൻ പരമ്പരകൾക്കും തിരക്കഥയെഴുതി. ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, കാരൂർ ജന്മശതാബ്ദി അവാർഡ്, പ്രവാസി ബഷീർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ്, വി.പി. ശിവകുമാർ കേളി അവാർഡ്, പത്മരാജൻ പുരസ്കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, കൊൽക്കത്ത ഭാഷാ സാഹിത്യ പരിഷത്ത് അവാർഡ്, ഡൽഹി കഥാ അവാർഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ. മകൻ: മഹാദേവൻ. Content Highlights:padma prabha award 2019 goes to santhosh echikkanam


from mathrubhumi.latestnews.rssfeed https://ift.tt/2EYxXfh
via IFTTT