Breaking

Friday, December 27, 2019

ഡൽഹി, ബിഹാർ തിരഞ്ഞെടുപ്പുകൾ ബി.ജെ.പി.ക്ക് നിർണായകം

ദേശീയതയിലും രാജ്യരക്ഷയിലുമൂന്നി കേന്ദ്രത്തിലേക്ക് ജനവിധി തേടുമ്പോൾ ലഭിക്കുന്ന പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ലഭിക്കാത്തത് ബി.ജെ.പി.യെ തള്ളിവിട്ടിരിക്കുന്നത് പ്രതിസന്ധിയിലേക്ക്. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാഹചര്യം പാർട്ടി പ്രതീക്ഷിക്കുന്നതിലും വൈകുമെന്നതാണ് പ്രധാന ആശങ്ക. ഡൽഹിയിലും ബിഹാറിലും അടുത്തവർഷം ആദ്യവും അവസാനവുമായി നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുകയാണ്. ഈ രണ്ട് തിരഞ്ഞെടുപ്പുകളും ബി.ജെ.പി.ക്ക് നിർണായകമാണ്. ബിഹാറിൽ ഇപ്പോഴത്തെ ജെ.ഡി.യു. സർക്കാരിൽ ബി.ജെ.പി.യും സഖ്യകക്ഷിയാണ്. തലസ്ഥാന നഗരത്തിൽ എ.എ.പി.യിൽനിന്ന് ഭരണം പിടിച്ചെടുക്കുകയെന്നത് പാർട്ടിയുടെ അഭിമാനപ്രശ്നവുമാണ്. എന്നാൽ, രണ്ടിടങ്ങളിലും ബി.ജെ.പി. സഖ്യത്തെ കാത്തിരിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തിലെ താളപ്പിഴകളാണ്. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും ജീവിതനിലവാര സൂചികയിലെ പിന്നാക്കാവസ്ഥയും കുറ്റകൃത്യപ്പെരുപ്പവും ഒക്കെ കാരണം ദുരിതത്തിലായ ഇടത്തരം-ദരിദ്ര വിഭാഗങ്ങളാണ് ഇവിടങ്ങളിൽ ഏറെ. ഈ വിഭാഗക്കാർ ബി.ജെ.പി.യെ കൈവിട്ടതിന്റെ സൂചനയാണ് ജാർഖണ്ഡ് ഫലം നൽകുന്നത്. ഇതിനു പുറമേ പൗരത്വനിയമഭേദഗതി (സി.എ.എ.) യുമായും ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി.) യുമായും ബന്ധപ്പെട്ട് ജനങ്ങളിൽ ബാധിച്ച ആശയക്കുഴപ്പവും ബി.ജെ.പി.യെ കാത്തിരിക്കുന്നു. ബിഹാറിലും ഡൽഹിയിലും പ്രതീക്ഷിക്കുന്ന വിജയം നേടാനായില്ലെങ്കിൽ ഇപ്പോഴേ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലടക്കം സഖ്യകക്ഷികളെയും മറ്റു പ്രാദേശിക പാർട്ടികളെയും തുടർന്നും ആശ്രയിക്കേണ്ട അവസ്ഥയിലാവും ബി.ജെ.പി. എൻ.ആർ.സി. നടപ്പാക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പറയുന്നുണ്ടെങ്കിലും ഇപ്പോൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ.) അതിനു മുന്നോടിയായുള്ളതാണെന്ന പ്രചാരണം ഡൽഹിയിലും ബിഹാറിലും പ്രതിപക്ഷം തുടങ്ങിക്കഴിഞ്ഞു. ഡൽഹിയിൽ 1731 അനധികൃത കോളനികൾ കേന്ദ്രസർക്കാർ നിയമവിധേയമാക്കി. ആം ആദ്മി പാർട്ടിയടക്കം ആവശ്യപ്പെട്ടതാണിത്. അതിനാൽ ഇവിടങ്ങളിലെ വോട്ടുകൾ പൂർണമായും കിട്ടുമെന്ന പ്രതീക്ഷ ബി.ജെ.പി.ക്കുതന്നെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഈ വിഷയത്തിൽ റാലി നടത്തിയതും അതിനാലാണ്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബിഹാറിൽ വളരെ ദരിദ്രസാഹചര്യത്തിൽ പുറമ്പോക്കിലും മറ്റും താമസിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. ആദിവാസികളും പട്ടികവിഭാഗക്കാരും നാടോടികളും ആയിട്ടുള്ളവർ മാത്രം 17 ശതമാനത്തോളം വരും. മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ പുറത്താവുമോ എന്നു ഭയക്കുന്ന മുസ്ലിങ്ങൾ പുറമേ. ഇവരിൽ പലർക്കും കാണിക്കാൻ തിരിച്ചറിയൽ രേഖകൾ പോലുമില്ല. ഇത്തരക്കാർക്കെല്ലാം പൗരത്വം നഷ്ടപ്പെടുമെന്നുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്യസഭയിലെ സീറ്റുനിലയെ ബാധിക്കും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി.ക്ക് ജാർഖണ്ഡ് തിരഞ്ഞെടുപ്പോടെ നഷ്ടമാവുക വിലയേറിയ മൂന്നു സീറ്റുകൾ നിലനിർത്താനുള്ള സാധ്യതയാണ്. 16 സീറ്റുകളുള്ള ബിഹാറിൽ വൻജയം നേടിയാലേ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ഇനി ബി.ജെ.പി.ക്കാവൂ. നിലവിൽ 240 അംഗങ്ങളുള്ള രാജ്യസഭയിൽ 115 അംഗങ്ങളാണ് എൻ.ഡി.എ.ക്കുള്ളത്. ബി.ജെ.ഡി.(7), ടി.ആർ.എസ്.(6), വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി (2) എന്നിങ്ങനെ 15 അംഗങ്ങളുടെ പ്രശ്നാധിഷ്ടിത പിന്തുണയിലൂടെയാണ് ബി.ജെ.പി. സർക്കാർ രാജ്യസഭയിൽ മുന്നോട്ടുപോകുന്നത്. യു.പി.എ. സഖ്യത്തിന് 62 അംഗങ്ങളുണ്ട്. ശിവസേനയുൾപ്പെടെയുള്ള ബാക്കിയുള്ള 48 അംഗങ്ങളിൽ എൻ.പി.എഫിന്റെയും എസ്.പി.എഫിന്റെയും ഓരോ അംഗങ്ങളൊഴികെ ബാക്കി 46 പേർ മിക്കപ്പോഴും പ്രതിപക്ഷത്തിനൊപ്പമാണുള്ളത്. ജാർഖണ്ഡിൽ നിലവിൽ മൂന്നു സീറ്റുകൾ ബി.ജെ.പി.ക്കും, കോൺഗ്രസിനും ആർ.ജെ.ഡി.ക്കും സ്വതന്ത്രനുമായി ഓരോന്നു വീതവുമാണുള്ളത്. ഇനി തിരഞ്ഞെടുപ്പു നടന്നാൽ ബി.ജെ.പി.ക്ക് ഈ മുൻതൂക്കം നഷ്ടപ്പെട്ടേക്കും. 2020, 22, 24 വർഷങ്ങളിലായി ഈരണ്ടു സീറ്റുകളിലേക്കാണിവിടെ ഇനി തിരഞ്ഞെടുപ്പു നടക്കുക. ഡൽഹിയിൽ മൂന്ന് രാജ്യസഭാ സീറ്റുകളാണുള്ളത്. മൂന്നും ആം ആദ്മിയുടെ കൈവശമാണിപ്പോൾ. ഒഴിവു വരുന്നത് 2024-ൽ മാത്രമാണെന്നതിനാൽ ഇത് ഇപ്പോഴത്തെ സർക്കാരിന്റെ രാജ്യസഭാ കണക്കുകളെ ബാധിക്കില്ല. Content Highlights:BJP Delhi Bihar


from mathrubhumi.latestnews.rssfeed https://ift.tt/2ZpyhwW
via IFTTT