Breaking

Friday, December 27, 2019

രാജ്യത്തെ ആദ്യ തടങ്കൽപ്പാളയം ഇവിടെ ഉയരുന്നു; ഏഴ്‌ ഫുട്ബോൾ മൈതാനങ്ങളുടെ വിസ്താരം

ഗ്വാൽപാഡ (അസം): ചുവപ്പുചായം പൂശിയ കൂറ്റൻ ചുറ്റുമതിൽ. അകവും പുറവും കാണാൻ പാകത്തിൽ പണിതുയർത്തുന്ന നാല് നിരീക്ഷണഗോപുരങ്ങൾ. മതിൽക്കെട്ടിനുള്ളിൽ അവിടവിടെ പണി പൂർത്തിയായതും പാതിയിലെത്തിയതുമായ വലിയ കെട്ടിടങ്ങൾ. വളപ്പിന്റെ ഉൾഭാഗം വീണ്ടും വിഭജിച്ച് മതിൽക്കെട്ടുകൾ. ക്രിസ്മസ് ദിനത്തിലും രാപകലില്ലാതെ പണിയെടുക്കുന്ന മുന്നൂറോളം പേർ. ഇന്ത്യയിൽ തടങ്കൽപ്പാളയങ്ങളില്ലെന്ന് ഡൽഹിയിലെ രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോഴും അസമിലെ ഗ്വാൽപാഡയിൽ പുതിയ തടങ്കൽപ്പാളയത്തിന്റെ നിർമാണം അതിവേഗം തുടരുകയാണ്. ഒരേസമയം 3,000 പേരെ പാർപ്പിക്കാവുന്ന പാളയത്തിന് ഏഴ് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്താരം. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ തടങ്കൽപ്പാളയമാണിത്. വലിപ്പം കൊണ്ടും ഒന്നാമത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം 46.5 കോടി രൂപ ചെലവിൽ അസം സർക്കാരാണ് ഗ്വാൽപാഡയിലെ മാട്ടിയയിൽ തടങ്കൽപ്പാളയം പണിയുന്നത്. ഗുവാഹട്ടിയിൽനിന്ന് 130 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന വനപ്രദേശമാണിത്. 70 ശതമാനം പണിയും പൂർത്തിയായി. പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധം ഇപ്പോഴും അണയാതെ നിൽക്കുന്ന അസമിൽ, സുരക്ഷാസംവിധാനങ്ങൾ കടന്ന് തടങ്കൽപ്പാളയത്തിൽ 'മാതൃഭൂമി' പ്രതിനിധികൾ എത്തുമ്പോഴും പണി നടക്കുകയായിരുന്നു. 2018 ഡിസംബറിലാണ് തടങ്കൽപ്പാളയത്തിന്റെ പണി തുടങ്ങിയത്. 2019 ഡിസംബറിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. മഴകാരണം നിർമാണം വൈകിയെന്ന് ചില പണിക്കാർ പറഞ്ഞു. അടുത്തവർഷം പണി പൂർത്തിയാകും. ഉയരുന്നത് 15 കെട്ടിടങ്ങൾ അനധികൃത കുടിയേറ്റക്കാരെന്നും വിദേശിയെന്നും ഫോറിനേഴ്സ് ട്രിബ്യൂണലുകൾ വിധിക്കുന്നവരെ പാർപ്പിക്കാനാണ് ഈ പാളയം. 2,88,000 ചതുരശ്രയടി വിസ്താരമുള്ള ഇവിടെ 15 കെട്ടിടങ്ങളാണ് ഉയരുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ താമസസ്ഥലങ്ങൾ. നാലുനില വീതമുള്ള 15 കെട്ടിടങ്ങളിൽ 13 എണ്ണം പുരുഷൻമാർക്കാണ്. രണ്ടെണ്ണം സ്ത്രീകൾക്കും. പള്ളിക്കൂടം, ആശുപത്രി, ശൗചാലയങ്ങൾ, കുടിവെള്ളസംഭരണി, പൊതു അടുക്കള, പൊതു ഭക്ഷണശാല എന്നിവയും രൂപരേഖയിലുണ്ട്. തടങ്കൽപ്പാളയങ്ങളെക്കുറിച്ചുള്ള ചർച്ച മുറുകിയതോടെ അതിസുരക്ഷയിലാണിവിടം. ആകെ ഭയത്തിന്റെ അന്തരീക്ഷം. ചുവപ്പുചായം പൂശിയ പുറംമതിലിന് ഉയരം 20 അടി. അകത്തെ മതിലുകൾക്ക് ഉയരം ആറടി. മാതൃഭൂമി പ്രിതിനിധികൾ ഉള്ളിൽ കടക്കുമ്പോൾ, പണി പൂർത്തിയായ സ്കൂൾകെട്ടിടം ഇടതുഭാഗത്ത്. വലത്ത് പാളയത്തെ പകുത്തുനിർമിച്ച മതിൽക്കെട്ടിനുള്ളിൽ സ്ത്രീകളുടെ സെല്ലുകൾ പണിയാനുള്ള സ്ഥലം. പുരുഷൻമാരുടെ സെല്ലുകളുടെ ചട്ടക്കൂടുകൾ സ്ഥാപിച്ചുകഴിഞ്ഞു. സ്ത്രീകളുടേതിന്റെ പണി തുടങ്ങിയിട്ടില്ല. സ്കൂളിനോടു ചേർന്നുള്ള ഭക്ഷണശാല, ആശുപത്രി എന്നിവയുടെ പണി പൂർത്തിയായി. രണ്ടു പോലീസ് ബാരക്കുകൾ, ഉദ്യോഗസ്ഥർക്കായുള്ള ഓഫീസ് കെട്ടിടം എന്നിവയുടെ നിർമാണം പ്രാരംഭദശയിലാണ്. എൻ.ആർ.സി. വന്ന ആദ്യ സംസ്ഥാനം ദേശീയ പൗരത്വപ്പട്ടികയുണ്ടാക്കിയ ആദ്യ സംസ്ഥാനമാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന അസം. ഓഗസ്റ്റ് 31-നാണ് അസമിലെ ഇന്ത്യൻ പൗരരുടെ അന്തിമപട്ടിക പുറത്തുവന്നത്. അതിൽനിന്ന് 19 ലക്ഷത്തിലേറെപ്പേർ പുറത്തായിരുന്നു. ഇവർക്ക് പൗരത്വം തെളിയിക്കാനായി ഫോറിനേഴ്സ് ട്രിബ്യൂണലിനെ സമീപിക്കാൻ 120 ദിവസം സമയം നൽകിയിരുന്നു. Content Highlights:detention center in assam, NRC


from mathrubhumi.latestnews.rssfeed https://ift.tt/2ESjcL7
via IFTTT