Breaking

Monday, December 30, 2019

മേലാറ്റൂരിന്റെ പഴയ ’ജന്മി’ ചോദിക്കുന്നു: ’ഈ മൂവായിരംകൊണ്ട് ഞാൻ എങ്ങനെ ജീവിക്കും?’

മേലാറ്റൂർ(മലപ്പുറം): 'വയസ്സ് എമ്പത്തെട്ടായി. മരുന്ന്, ചികിത്സ, ഒഴിയാത്ത കേസുകൾ...ഈ മൂവായിരം ഉറുപ്യകൊണ്ട് എങ്ങനെ ജീവിക്കാനാ?'ലക്ഷ്മിക്കുട്ടി വാരസ്യാർ ഇതുപറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണുനിറയും: ഒരുകാലത്ത് മേലാറ്റൂരിലെ ഏക്കർ കണക്കിന് ഭൂമിയുടെ ജന്മിമാരായിരുന്ന പൂതറമണ്ണ വാരിയത്തെയാണ് വാരസ്യാർ. 'അന്ന് എമ്പാടും ഭൂമിണ്ടാർന്നു ഞങ്ങക്ക്. ഇപ്പൊ ദാ ഈ 34 സെന്റേള്ളൂ...', ഭൂപരിഷ്കരണത്തിനുമുമ്പുള്ള പ്രതാപകാലം വാരസ്യാർ ഓർത്തു: 'ഭൂപരിഷ്കരണം നല്ല കാര്യംതന്നെ. ഭൂമി ഇല്ലാത്തോർക്ക് അത് കിട്ടണം. പക്ഷേ, ഞങ്ങളെപ്പോലെ കൊറേ നഷ്ടപ്പെട്ടോർക്ക് അവസാനകാലത്ത് ജീവിക്കാൻകൂടി വഴിണ്ടാക്കിത്തരണം. എത്രാച്ചിട്ടാ മക്കളോട് ചോദിക്യാ. അവശജന്മിമാർക്ക് സർക്കാർ കൊടക്കണ പണം-മൂവായിരം നിക്കും കിട്ടണ്ണ്ട് മൂന്നുമാസം കൂടുമ്പഴോ ആറുമാസംകൂടുമ്പഴോ ഒക്കെ. അത് മരുന്നിനുംകൂടി തെകയില്യ. അടുത്തിടെ മൂന്നുലക്ഷം ബാങ്ക്ന്ന് ലോണെട്ത്ത് പൊളിയാറായ വീട് നന്നാക്കി. ആ സംഖ്യ തിരിച്ചടയ്ക്കണ്ടേ?' 1970-ൽ ഭൂപരിഷ്കരണം നടപ്പിലാക്കിയ സമയമൊക്കെ വാരസ്യാർക്ക് ഓർമയുണ്ട്: 'പലപ്പഴായി ഞങ്ങക്ക് പത്തേക്കർ സ്ഥലംപോയി. കൊറേസ്ഥലം വിറ്റുംപോയി. പിന്നെ കേസുംകൂട്ടോംകാരണം കൊറേ നഷ്ടം. ഭർത്താവ് രാഘവവാരിയർ മരിച്ചിട്ട് വർഷങ്ങളായി. കുറേ അംഗങ്ങളുള്ള തറവാട്ടിലെ ഭാഗം കഴിഞ്ഞപ്പൊ എനിക്ക് കിട്ടീത് ഒരേക്കർ സ്ഥലാ. മേലാറ്റൂരിൽ ടൗണിലെ ഈ ഒരേക്കർ വിറ്റ് ചെമ്മാണിയോട്ടെ ഉൾപ്രദേശത്ത് മറ്റൊരുസ്ഥലം വാങ്ങി. അവിടെ കൃഷി ചെയ്തും കഷ്ടപ്പെട്ടുമൊക്കെയാ നാലുമക്കളേം വളർത്തീത്-വാരസ്യാർ ഓർക്കുന്നു. ആദ്യം 500 രൂപയായിരുന്നു അവശജന്മിമാർക്കുള്ള പെൻഷൻ. പിന്നീട് 1000-വും 1500-ഉം ആയി. 2014 സപ്തംബറിലാണ് 3,000 രൂപയായത്. ആറ്റുതൃക്കോവിൽ അമ്പലത്തിനടുത്ത് 34 സെന്റിലെ വീട്ടിൽ രണ്ടാമത്തെ മകൾ വനജയ്ക്കൊപ്പമാണ് ലക്ഷ്മിക്കുട്ടി വാരസ്യാർ താമസം. ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രത്തിൽ കഴകക്കാരിയായ വനജയ്ക്ക് ശമ്പളവും ബോണസ്സുമൊന്നും കൃത്യമായി കിട്ടാറില്ല. മറ്റു മൂന്നുമക്കൾ തൃശ്ശൂർ, ഗുരുവായൂർ, ചെമ്മാണിയോട് എന്നിങ്ങനെ വിവിധസ്ഥലങ്ങളിലാണ്. content highlights:melattoor old landlord woman


from mathrubhumi.latestnews.rssfeed https://ift.tt/351i5mU
via IFTTT