Breaking

Friday, December 27, 2019

ഡൂപ്ലെസിയുടെ വിക്കറ്റ് വീഴ്ത്തി; സ്റ്റുവര്‍ട്ട് ബ്രോഡിന് അപൂര്‍വ റെക്കോഡ്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര നേട്ടവുമായി ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ഈ ദശാബ്ദത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് ബ്രോഡിനെ തേടിയെത്തിയത്. 428 വിക്കറ്റുകളുമായി ബ്രോഡിന്റെ സഹതാരം തന്നെയായ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം പിന്നിട്ട ആദ്യ താരം. ഓസീസ് താരം നഥാൻ ലയൺ (376), ശ്രീലങ്കയുടെ രങ്കണ ഹെരാത്ത് (363), ഇന്ത്യയുടെ ആർ. അശ്വിൻ (362) എന്നിവരാണ് ഈ പട്ടികയിൽ ഇരുവർക്കും പിന്നിലുള്ള താരങ്ങൾ. ജെയിംസ് ആൻഡേഴ്സൻ | Photo Courtesy: Getty Images നേരത്തെ ഡീൻ എൽഗാറിനെ പുറത്താക്കിയ ജെയിംസ് ആൻഡേഴ്സൻ ടെസ്റ്റിൽ ഈ ദശാബ്ദത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തന്റെ 150-ാം ടെസ്റ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഈ നേട്ടം. അലെസ്റ്റർ കുക്കിനു ശേഷം 150 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലീഷ് താരമെന്ന നേട്ടവും ആൻഡേഴ്സൻ സ്വന്തമാക്കി. ലങ്കയുടെ സുരംഗ ലക്മൽ, ഓസീസ് താരം മിച്ചെൽ സ്റ്റാർക്ക്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് ഈ ദശാബ്ദത്തിൽ ടെസ്റ്റിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ മറ്റു താരങ്ങൾ. ഇതിൽ ലക്മൽ രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഈ ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 564 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. 535 വിക്കറ്റുകളുമായി ജെയിംസ് ആൻഡേഴ്സണും 525 വിക്കറ്റുകളുമായി സ്റ്റുവർട്ട് ബ്രോഡും ഇക്കാര്യത്തിൽ അശ്വിന് പിന്നിലാണ്. Content Highlights:Stuart Broad becomes second bowler to scalp 400 test wickets in this decade


from mathrubhumi.latestnews.rssfeed https://ift.tt/2tV6IQC
via IFTTT