ഗുവാഹാട്ടി : അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി അസമിൽ ഇപ്പോൾ ആറു താത്കാലിക തടവുകേന്ദ്രങ്ങളുണ്ട്. ഡിബ്രുഗഢ്, സിൽച്ചർ, തേജ്പുർ, ജോർഹാട്ട്, കൊക്രജാർ, ഗ്വാൽപാഡ എന്നിവിടങ്ങളിലാണവ. ഇവിടങ്ങളിലെ ജില്ലാ ജയിലുകളിലാണ് ഈ താത്കാലിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഗ്വാൽപാഡയിലുയരുന്നത് തടങ്കൽപ്പാളയം മാത്രമാണ്. സംസ്ഥാനത്ത് പുതുതായി 10 തടങ്കൽപ്പാളയങ്ങൾ തുറക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതിലൊന്നാണ് ഗ്വാൽപാഡയിലേത്. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ദേശീയ പൗരത്വപ്പട്ടികയിൽ അന്തിമ തീരുമാനമാകുന്നതോടെ ഇവയിൽ പലതും പ്രവർത്തനസജ്ജമാകുമെന്നാണു സൂചന. എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക തടങ്കൽപ്പാളയങ്ങൾ തുറക്കണമെന്നു നിർദേശിച്ച് 2014-ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. തടവുകാരെയും അനധികൃത കുടിയേറ്റക്കാരെയും ഒരുമിച്ച് താമസിപ്പിക്കേണ്ടെന്ന തീരുമാനമായിരുന്നു ഇതിനുപിന്നിൽ. വ്യാജരേഖ കാട്ടി ഇന്ത്യയിലേക്കു കുടിയേറിയവർ, ഫോറിനേഴ്സ് ട്രിബ്യൂണലുകൾ വിദേശിയെന്നു വിധിക്കുന്നവർ, നാടുകടത്തപ്പെട്ടവർ എന്നിവരെ തടങ്കൽപ്പാളയത്തിൽ പാർപ്പിക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു. ജൂലായ് 10-ന് കോൺഗ്രസ് അംഗം ഹുസൈൻ ദൽവായി ചോദിച്ചപ്പോൾ, ഇത്തരമൊരു സർക്കുലർ നൽകിയകാര്യം സർക്കാർ സ്ഥിരീകരിച്ചിരുന്നു. 998 എന്നു സംസ്ഥാനം, 1043 എന്നു കേന്ദ്രം അസമിലെ ആറു തടങ്കൽപ്പാളയങ്ങളിലായി 988 പേർ അനധികൃത കുടിയേറ്റക്കാരായുണ്ടെന്ന് 2019 നവംബറിൽ അസം സർക്കാർ നിയമസഭയിൽ അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ 2016 മുതൽ ഇതുവരെ 28 പേർ മരിച്ചിട്ടുണ്ട്. പീഡനം മൂലമല്ല, രോഗബാധമൂലമാണ് മരണമെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1043 വിദേശ കുടിയേറ്റക്കാരാണ് അസമിലുള്ളത്. ഇതിൽ 1025 പേർ ബംഗ്ലാദേശികളാണ്. 18 മ്യാൻമാറുകാരും. 1962 മുതലാണ് അസമിൽ ജില്ലാജയിലുകൾ കേന്ദ്രീകരിച്ച് തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പാകിസ്താനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 11 അനധികൃത കുടിയേറ്റ തീരുമാന ട്രിബ്യൂണലുകളും (ഐ.എം.ഡി.ടി.) സ്ഥാപിച്ചു. 2005-ലെ സുപ്രീംകോടതിവിധികൾ ഐ.എം.ഡി.ടി.കൾ റദ്ദാക്കി. പകരം ഫോറിനേഴ്സ് ട്രിബ്യൂണലുകൾ തുറന്നു. ഇപ്പോൾ അസമിൽ മുന്നൂറോളം ഫോറിനേഴ്സ് ട്രിബ്യൂണലുകളുണ്ട്. ഇവ അനധികൃത കുടിയേറ്റക്കാരെന്നു വിധിക്കുന്നവരെയാണ് തടങ്കൽപ്പാളയങ്ങളിൽ മൂന്നുവർഷം പാർപ്പിക്കുന്നത്. 19 ലക്ഷത്തിലേറെപ്പേർ ഇപ്പോൾ അന്തിമ പൗരത്വപ്പട്ടികയിൽനിന്നു പുറത്താണ്. ഇവർ രേഖകൾ കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കുമെന്നാണു ഭീതി. Content Highlights:detention center in assam, NRC
 
from mathrubhumi.latestnews.rssfeed https://ift.tt/39jBrHo
via 
IFTTT