Breaking

Tuesday, December 31, 2019

നിയമം പിന്‍വലിക്കണം; പൗരത്വനിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയംഅവതരിപ്പിച്ചു. അടിയന്തരമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടാണ് അവതരിപ്പിച്ചത്. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലുംഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണയ്ക്കാനാണ് സാധ്യത. നിയമസഭയിൽ പ്രമേയത്തിൽ ചർച്ച തുടരുകയാണ്. പൗരത്വം നൽകുന്നതിൽ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തിൽ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. നിലവിൽ നിയമമായ സ്ഥിതിക്ക് തുടർ നടപടികൾ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തിൽ കൂട്ടിച്ചേർക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഇതിനിടെ പട്ടികജാതി-പട്ടിക വർഗ സംവരണം നീട്ടാനുള്ള പ്രമേയം സഭ പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ജീർണ്ണിച്ച ജാതി വ്യവസ്ഥ പലതട്ടിലും നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭയിൽ പ്രമേയം പാസാക്കി. പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്കെതിരായ പ്രമേയം നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. Content Highlights:Citizenship Amendment Act-Kerala assembly-Motion


from mathrubhumi.latestnews.rssfeed https://ift.tt/39nDb2l
via IFTTT