Breaking

Saturday, December 28, 2019

ആർ.എസ്.എസ്. പഥസഞ്ചലനം ഡി.വൈ.എഫ്.ഐ. തടഞ്ഞു; നീലേശ്വരത്ത് സംഘർഷം

നീലേശ്വരം: നീലേശ്വരത്ത് നടന്ന ആർ.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ പ്രാഥമികശിക്ഷാവർഗിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പഥസഞ്ചലനം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് സംഘർഷം. സർക്കിൾ ഇൻസ്പെക്ടർ എം.എ. മാത്യു ഉൾപ്പെടെയുള്ള അഞ്ച് പോലീസുകാർക്കും ആർ.എസ്.എസ്., ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. സംഭവത്തിൽ നാനൂറോളം ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പഥസഞ്ചലനത്തെ നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു. ഇതിനിടെ ശക്തമായ കല്ലേറുണ്ടായതിനെത്തുടർന്ന് പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. സി.ഐ.ക്കുപുറമെ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, രതീഷ്, വിപിൻ, സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ചമുതൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശിക്ഷാവർഗിന്റെ സമാപനത്തിലാണ് പഥസഞ്ചലനവും പൊതുസമ്മേളനവും നടന്നത്. മന്ദൻപുറത്തുകാവിന് സമീപത്തുനിന്നു തുടങ്ങിയ പഥസഞ്ചലനം കോവിലകം ചിറ ചുറ്റി നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്തെത്തിയപ്പോഴാണ് ഒരുസംഘം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പഥസഞ്ചലനത്തിനുമുന്നിൽ അണിനിരന്ന് മുദ്രാവാക്യം വിളിച്ചത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ഇരുനൂറോളം ആർ.എസ്.എസ്. പ്രവർത്തകരുടെ പേരിലും പ്രകടനം തടഞ്ഞതിന് നൂറ്റമ്പതോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ പേരിലും പോലീസിനെ കൈയേറ്റംചെയ്തതിന് 50 ആളുകളുടെ പേരിലും കേസെടുത്തതായി സി.ഐ. പറഞ്ഞു. സംഭവമറിഞ്ഞ് കാസർകോട് എസ്.പി. ജെയിംസ് ജോസഫ് സ്ഥലത്തെത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആർ.എസ്.എസിന്റെ ശിബിരനഗരിയുടെ കവാടം തകർത്തിരുന്നു. സംഭവത്തിൽ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. Content Highlights:dyfi workers blocked rss pathasanchalanam in neeleshwaram, police booked case against 400 people


from mathrubhumi.latestnews.rssfeed https://ift.tt/2SvBOID
via IFTTT