Breaking

Monday, December 30, 2019

തെരുവുകള്‍ കീഴടക്കി, രാത്രി ആഘോഷമാക്കി പെണ്ണുങ്ങള്‍

നിർഭയമായി കേരളത്തിലെ ഒരു നഗരത്തിലൂടെയുള്ള രാത്രി നടത്തം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സാമൂഹികനീതി വകുപ്പിന്റെ സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും ക്യാമ്പെയ്ൻ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ക്യാമറാമാനും മറ്റൊരു സഹപ്രവർത്തകയ്ക്കും ഒപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിലേക്ക്. അവിടെ ചെന്നപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ. ഞങ്ങളെത്തുമ്പോൾ സുരക്ഷയുടെ ഭാഗമായി കൈയ്യിൽ കരുതാനായി വിസിൽ വിതരണം ചെയ്യാനുള്ള തിരക്കിലായിരുന്നു സംഘാടകർ. കൗൺസിലർമാരും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സംഘാടനം. സമയം 10.45 നൈറ്റ് വാക്ക് സംഘത്തെ അനുഗമിക്കാനായി അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് അവരെ ശ്രദ്ധിച്ചത്. രണ്ട് പുരുഷൻമാർ, ശ്രദ്ധിക്കാൻ കാരണവുമുണ്ട്. കാല് നിലത്ത് ഉറയ്ക്കാത്തതിനാലാണെന്ന് തോന്നുന്നു ബസ് സ്റ്റോപ്പിൽ കുത്തിയിരിക്കുകയാണ് ഇരുവരും. ഞങ്ങളെ നോക്കിചറപറ സംസാരിക്കുന്നുണ്ടെങ്കിലും നാവ് കുഴഞ്ഞത് കൊണ്ട് രണ്ടാളും പറയുന്നത് തിരിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാവും ആരും ഗൗനിക്കുന്നുമുണ്ടായിരുന്നില്ല. രാത്രി 11 മണിക്ക് നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനു മുന്നിലെ പ്രധാന ബസ് സ്റ്റോപ്പിലെ കാഴ്ചയാണിത്. ഇവരും പൊതുഇടങ്ങളെ, രാത്രികളെ ഞങ്ങളുടേതല്ലാതാക്കുന്നുണ്ട്. 11.00 കൃത്യം 11 മണിക്ക് തന്നെ എസ്.കെ പൊറ്റെക്കാട്ടിന്റെ പ്രതിമ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. ചിലർ ഒറ്റയ്ക്കും മറ്റു ചിലർ രണ്ട് പേർ വീതമുള്ള സംഘങ്ങളായുമാണ് യാത്ര തുടങ്ങിയത്. ഫിദ, ജംഷീല എന്നീ രണ്ട് യുവതികളുടെ കൂടയാണ് ഞങ്ങൾ നടക്കാൻ തീരുമാനിച്ചത്. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവും ഇവരായിരുന്നു. ജംഷീലയുടെ തലയിൽ ഗോപ്രോ വച്ച് സർവ്വസജ്ജരായാണ് ഞങ്ങൾ പിന്തുടർന്നത്. മുന്നിൽ ജംഷീലയും ഫിദയും പിന്നിൽ അൽപം അകലെ ക്യാമറമാനും ഞങ്ങളും. ലിങ്ക് റോഡ് -പാളയം വഴി മിഠായിത്തെരുവായിരുന്നു ലക്ഷ്യം. 11.10 ആദ്യ പോലീസ് വാഹനം ഞങ്ങളെ കടന്നു പോയി. സാധാരണ ചീറിപ്പാഞ്ഞ് പോകുന്ന പോലീസ് ജീപ്പ് ഇഴഞ്ഞിഴഞ്ഞ് ഓരോ മുക്കും മൂലയും നിരീക്ഷിച്ചാണ് പോയത്. നിരത്തിൽ വാഹനവും അത്യാവശം ജനസഞ്ചാരവും ഉണ്ടായിരുന്നു. പക്ഷേ ഫിദയെയും ജംഷീലയെയും ആരും ശ്രദ്ധിക്കുന്നില്ല. ഇരുവരും ചിരിച്ചും തമാശയൊക്കെ പറഞ്ഞും വളരെ കൂളായാണ് നടന്നു നീങ്ങിയത്. പക്ഷേ ഇവരുടെ പിന്നാലെ കാമറയുമായി ഓടിയ ഞങ്ങളെ നാട്ടുകാരും പോലീസും കൃത്യമായി തന്നെ നിരീക്ഷിച്ചു. ആദ്യ അരമണിക്കൂർ യാതൊരു പ്രശ്നങ്ങളുമില്ലാതെ അവസാനിച്ചു. ഇതിനിടെ പോലീസ് ജീപ്പ് രണ്ട് പ്രാവശ്യമെങ്കിലും ഞങ്ങളെ വളരെ നന്നായി നിരീക്ഷിച്ച് കടന്നുപോയി ഒപ്പം ഫിദയെയും ജംഷീലയെയും. പിന്നീടുള്ള വഴികൾ സാമാന്യം നല്ല ഇരുട്ടുള്ള ഭാഗങ്ങളിൽ കൂടിയായിരുന്നു. ഇതിനിടെ ഒന്നു രണ്ട് ബൈക്ക് യാത്രികർ ഇരുവരെയും തിരിഞ്ഞു നോക്കി പോയി... 11..40 എസ്കെ പൊറ്റെക്കാട്ട് പ്രതിമയിൽ രണ്ട് പേരും ബ്രേക്കിടുമെന്ന് കരുതിയെങ്കിലും കാര്യമുണ്ടായില്ല. മാനഞ്ചിറ വലം വയ്ക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. സ്റ്റാച്യുവും പിന്നിട്ട് ഇരുവരും നടത്തം തുടങ്ങിയപ്പോഴേക്കും ഈ ഭാഗത്തുള്ള റോഡിലേക്ക് നിരവധി സ്ത്രീകളെത്തി. പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു. ഒപ്പം മഫ്തിയിലും ബൈക്കിലും പോലീസ് വേറെയും. കാറിലും മറ്റുമായി നിരീക്ഷിക്കാനായി വേറെയും ആളുകൾ. സെൽഫിയെടുത്തും സൊറപറഞ്ഞും നടന്നു ക്ഷീണിച്ചപ്പോഴെല്ലാം വഴിനീളെ ഇരുന്നുമാണ് പെണ്ണുങ്ങളുടെ നടത്തം. ഇതിനിടെ ഫിദയെയും ജംഷീലയെയും വേറെ ചാനലുകാർ പിടികൂടിയിരുന്നു. അവർക്കായുള്ള കാത്തിരിപ്പ് ഓടിത്തളർന്ന ഞങ്ങൾക്ക് വിശ്രമവേളയായി. മാനാഞ്ചിറ ചുറ്റുന്നതിനിടയിൽ ഇരുട്ടുള്ള ഒരു ഭാഗത്തെത്തിയപ്പോൾ ഒരു ശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ പാതി പൊളിഞ്ഞ മതിലിനപ്പുറത്ത് ഒരാളുടെ തല മാത്രം കാണം. പേടി ഒട്ടുമേ തോന്നിയില്ല.. ആ കാഴ്ചയെ അവിടെ ഉപേക്ഷിച്ച് ഞങ്ങൾ വീണ്ടും ഫിദ- ജംഷീലമാരുടെ പിന്നാലെ ഓടി. 12.10 പന്ത്രണ്ട് മണിയായപ്പോഴേക്കും സ്റ്റാച്യുവിലേക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലൂടെസ്ത്രീകൾ ഒഴികിയെത്തി. എല്ലാവരുടെയും മുഖത്ത് ചിരി, സന്തോഷം, അഭിമാനം. അതെ കൃത്യമായി ആസൂത്രണം ചെയ്ത് പോലീസിനെ അടക്കം സജ്ജരാക്കി മാധ്യമങ്ങൾ വഴി വാർത്ത കൊടുത്തുമൊക്കെയാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. വിമർശകരുടെയും പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. പക്ഷേ ഫിദയും ജംഷീലയുമൊക്കെ പറഞ്ഞ ഒന്നുണ്ട്. ഇത്രയും സുസജ്ജമായ സംവിധാനങ്ങളുള്ളതുകൊണ്ടാണ് തങ്ങൾ ധൈര്യമായി രാത്രി നിരത്തിലറങ്ങിയതെന്ന്. വീട്ടുകാർ തങ്ങളെ പറഞ്ഞുവിട്ടതെന്ന്. ഫിദയ്ക്കൊപ്പം ഉമ്മയും വയനാട്ടുകാരിയായ ജംഷീലയ്ക്കൊപ്പം ഭർത്താവും കുഞ്ഞും കോഴിക്കോട്ടെത്തിയിരുന്നു. ജംഷീലയെ കാത്ത് ഇരുവരും എസ്കെ പൊറ്റക്കാട് പ്രതിമയ്ക്ക് സമീപം കാത്തുനിൽപ്പുണ്ടായിരുന്നു. ഇരുവരും പിന്നെയും പറഞ്ഞു..തങ്ങളോട് തന്നെ അഭിമാനം തോന്നുന്നുവെന്ന് പക്വതയും ധൈര്യവും വന്നതായി തോന്നുന്നുവെന്ന്... ഫിദയും ജംഷീലയും മാത്രമല്ല സ്ത്രീകളെല്ലാവരും തന്നെ അത്രയും ആസ്വദിച്ചാണ് രാത്രി കോഴിക്കോട് നടന്നുതീർത്തത്. പക്ഷേ അതിന് സർക്കാർ സംവിധാനങ്ങളൊന്നാകെ മുൻകൈയ്യെടുക്കുകയും സുരക്ഷയൊരുക്കുകയും ചെയ്യേണ്ടിവന്നുവെന്നുമാത്രം. എസ്.കെ പൊറ്റക്കൊട്ടിന്റെ സ്റ്റാച്യുവിന്റെ ചുവട്ടിൽ ക്രാഡിൽ കണ്ടാണ് അങ്ങോട്ട് ചെന്നത്. ക്രാഡിലിന് എന്താണ് ഇവിടെ കാര്യമെന്നായിരുന്നു മനസിൽ. നോക്കുമ്പോൾ ക്രാഡിലിനുള്ളിൽ നട്ടപ്പാതിരാത്രിയായിട്ടും ഒരു പോള കണ്ണടയ്ക്കാടെ ഒരു മൂന്നുമാസക്കാരൻ. ഒപ്പം അവന്റെ ഉമ്മയും. ഏകദേശം 250 ൽ അധികം പേർ നൈറ്റ് വാക്ക്നടത്തി അവിടെ തളർന്നിരിപ്പുണ്ടായിരുന്നു. സംഘാടകർ പ്രതീക്ഷിച്ചത് വെറും 100 പേരെ മാത്രവും 12.15 പിന്നീട് കണ്ടത് ആഘോഷങ്ങളായിരുന്നു. പാതി ചിരിതൂകി നിൽക്കുന്ന പൊറ്റെക്കാട്ടിനെ സാക്ഷിയാക്കി മധുരങ്ങളുടെ തൊരുവോരത്തുനിന്ന് അവർ പ്രതിജ്ഞ ചൊല്ലി. സ്ത്രീകളെല്ലാം മെഴുകിതിരി കത്തിച്ച് ഉറക്കെ പ്രഖ്യാപിച്ചു ഈ പൊതു ഇടം എന്റേതുകൂടിയാണെന്ന്.. പിന്നീട് ഒപ്പനയും പാട്ടും ആഘോഷവുമായി ഒരു മണിവരെ സ്ത്രീകൾ കോഴിക്കോട് നഗരത്തെ തങ്ങളുടേതാക്കി. ഒരു കൊട്ട പൊന്നും, ഓടേണ്ട ഓടേണ്ടയും, ആഘോഷങ്ങൾക്ക് ഹരം പകർന്നു. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നെത്തിയത് പെൺകുട്ടികളുടെ ഒരു പട തന്നെയായിരുന്നു. ആഘോഷങ്ങൾ അരങ്ങ് തകർക്കുമ്പോൾ എസ്ഐയുടെ ബൈറ്റ് എടുക്കാനായി ചെന്നു. ഞങ്ങൾ എല്ലാ ദിവസവും ചെയ്യുന്നതേ ഇന്നും ചെയ്തുള്ളു. പ്രത്യേകിച്ച് ഒരു സജ്ജീകരണവും ഇല്ലെന്നായിരുന്നു പുള്ളിയുടെ പ്രതികരണം. (രാത്രി പതിനൊന്നുമണിക്ക് ബീച്ച് റോഡിലുള്ള വീട്ടിൽ പോണ വഴി ഇതുവരെ ഒറ്റ പോലീസുവണ്ടിയെയും നമ്മൾ കണ്ടിട്ടില്ല..) സംഘാടക വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു... ആർക്കെങ്കിലും ദുരനുഭവം ഉണ്ടായോ എന്ന്.. ഇല്ലെന്നായിരുന്നു മറുപടി, കോഴിക്കോടിന് നന്ദി.. ആ വിസിലുകൾ വെറുതെയായി... സമയം ഒരു മണികഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ മടികാണിച്ച് പെണ്ണുങ്ങളുടെ കൂട്ടം അവിടെ തന്നെ നിന്നു... ഞങ്ങൾ തിരികെ നടന്നു.. ഇങ്ങനെ സുരക്ഷയില്ലാതെ തന്നെ സധൈര്യമായി നടക്കാൻകഴിയുന്ന മറ്റൊരു നിർഭയദിനം സ്വപ്നം കണ്ടുകൊണ്ട്. Content Highlight: women Night walk inkozhikode


from mathrubhumi.latestnews.rssfeed https://ift.tt/36krZkM
via IFTTT