Breaking

Sunday, December 29, 2019

പ്രധാനമന്ത്രി ആദരിച്ച ഫുട്‌ബോൾ താരത്തിന്റെ ജീവിതം തെരുവിൽ

മുംബൈ: ഗാലറിയിലെ ആർപ്പുവിളികൾക്കിടയിൽ ഗോൾവല ചലിപ്പിച്ച ഫുട്ബോൾ താരം ഇന്ന് തെരുവിൽ ജീവിതം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിലാണ്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരവ് ഏറ്റുവാങ്ങിയ മേരി നായിഡുവിനാണ് ഈ ഗതി. 2010-ൽ മുംബൈ മുനിസിപ്പൽ അധികാരികൾ മേരി താമസിച്ച വീട് പൊളിച്ചുമാറ്റിയതോടെയാണ് തെരുവിലെത്തിയത്. അനധികൃതമായി നിർമിച്ച വീടുകളിലൊന്നായിരുന്നു മേരിയുടേത്. ഇപ്പോൾ മാതാപിതാക്കൾക്കും രണ്ടു സഹോദരിമാർക്കുമൊപ്പം നഗരപ്രാന്തത്തിലെ റോഡരികിൽ ഒരു കൂരയിലാണ് മേരി നായിഡുവിന്റെ ജീവിതം. കിട്ടിയ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും കൂട്ടിപ്പിടിച്ച്, കാറ്റടിച്ചാൽ പറന്നുപോകുന്ന കൊച്ചുകൂരയിൽ മേരി ജീവിതത്തോട് പടവെട്ടുന്നു. മേരിയുടെ അച്ഛൻ പ്രകാശ് നായിഡു മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയാണ്. അമ്മ ബബിത നായിഡു വീട്ടുജോലിചെയ്യുന്നു. ഇവരുടെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. മുംബൈ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ടീമിൽ മേരി നായിഡു അംഗമാണ്. മഹാരാഷ്ട്രാ സർക്കാർ തിരഞ്ഞെടുത്ത മികച്ച 20 വനിതാ ഫുട്ബോളർമാരിലൊരാളായിരുന്നു ഈ പതിനെട്ടുകാരി. കേന്ദ്രത്തിന്റെ 'മിഷൻ 11 മില്യൺ' പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി മേരിയെ ആദരിച്ചത്. ആ സമയത്ത് വീട് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, ഇനിയും വീട് ലഭിച്ചില്ലെന്ന് മേരി നായിഡു പറഞ്ഞു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നും സ്വസ്ഥമായി ഉറങ്ങാൻ ഒരു വീടു വേണമെന്നും മാത്രമേ ആഗ്രഹമുള്ളൂവെന്ന് അച്ഛൻ പ്രകാശ് നായിഡുവും അമ്മ ബബിത നായിഡുവും പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രി ആദരിച്ചതിനെത്തുടർന്ന്, പഠിച്ച സ്കൂളിലെ അധികാരികൾ 25,000 രൂപ നൽകി. സ്ഥലത്തെ നഗരസഭാംഗവും എം.എൽ.എ.യും ചെറിയ സഹായം നൽകി. ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമാകണമെന്നും സ്വന്തമായി ഒരു വീട് വേണമെന്നുമാണ് സ്വപ്നമെന്ന് മേരി പറയുന്നു. 'ആർഷ്യ' എന്ന സന്നദ്ധസംഘടനയ്ക്കുവേണ്ടി തെരുവിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനവും നൽകുന്നുണ്ട് മേരി.


from mathrubhumi.latestnews.rssfeed https://ift.tt/352wwXF
via IFTTT