ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ സർവകലാശാലാ ചോദ്യക്കടലാസിൽ സ്വാതന്ത്ര്യ സമര സേനാനികളെ 'വിപ്ലവകാരികളായ ഭീകരർ' എന്നുവിശേഷിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗ്വാളിയറിലെ ജീവാജി സർവകലാശാലയിലാണു സംഭവം. മൂന്നാം സെമസ്റ്റർ എം.എ. രാഷ്ട്രതന്ത്ര വിദ്യാർഥികളുടെ 'ആധുനിക ഇന്ത്യൻ രാഷ്ട്രീയചിന്ത' എന്ന വിഷയത്തിലെ ചോദ്യക്കടലാസിലായിരുന്നു വിവാദമായ ചോദ്യം. “വിപ്ലവകാരികളായ ഭീകരരുടെ പ്രവർത്തനങ്ങൾ വിവരിക്കുക. തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസമെന്ത്?” എന്നായിരുന്നു ചോദ്യം. ബുധനാഴ്ചയായിരുന്നു പരീക്ഷ. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ.) പ്രതിഷേധവുമായെത്തി. രാജ്യത്തെ വിപ്ലവകാരികളെ ഭീകരരെന്നു വിളിച്ചത് വിദ്യാർഥികൾക്കു തെറ്റായ സന്ദേശം നൽകുമെന്ന് എ.ഐ.ഡി.എസ്.ഒ. നേതാവ് മിതാലി ശുക്ല പറഞ്ഞു. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യമന്ത്രി ജിതു പട്വരി പറഞ്ഞു. സംഭവത്തെക്കുറിച്ച് സർവകലാശാലാ പരീക്ഷാവിഭാഗം ചോദ്യക്കടലാസ് തയ്യാറാക്കിയ പ്രൊഫസറിൽനിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ വേണ്ട നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി രജിസ്ട്രാർ രാജീവ് മിശ്ര പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ ശിവ്രാജ് സിങ് ചൗഹാൻ സംഭവം അപമാനകരവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു. Content Highlights:MP University Exam Paper Describes Freedom Fighters as Revolutionary Terrorists
from mathrubhumi.latestnews.rssfeed https://ift.tt/2Qq2A2z
via
IFTTT