Breaking

Tuesday, December 31, 2019

ഇന്ത്യയിലെ കുടുംബവേരുകൾതേടി അയർലൻഡ് പ്രധാനമന്ത്രി

മുംബൈ: ഇന്ത്യയിലെ കുടുംബവേരുകൾ തേടി അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ മഹാരാഷ്ട്രയിലെത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം തീരജില്ലയായ സിന്ധുദുർഗിലെ വരദ് ഗ്രാമത്തിലെത്തിയത്. തീർത്തും സ്വകാര്യസന്ദർശനം.ഏറെ ആഹ്ലാദം നൽകുന്ന നിമിഷമാണിതെന്ന് ലിയോ വരദ്കർ പറഞ്ഞു. മൂന്നു തലമുറകളുടെ സംഗമമാണിതെന്നത് വേറിട്ട അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽനിന്ന് 500 കിലോമീറ്റർ അകലെ പശ്ചിമഘട്ടനിരയിലുള്ള മൽവനിലാണ് വരദ് ഗ്രാമം. ഇവിടെനിന്നുള്ള അശോക് വരദ്കർ ആണ് ലിയോയുടെ പിതാവ്. ഡോക്ടറായ അദ്ദേഹം 1966-ൽ ബ്രിട്ടനിലേക്കു പോകുകയായിരുന്നു.80 വയസ്സ് തികയുന്ന സാഹചര്യത്തിൽ കുടുംബവീട്ടിലെത്താൻ പിതാവ് താത്പര്യം പ്രകടിപ്പിച്ചു. അതിനൊപ്പം, പേരിലുള്ള വരദ് എവിടെനിന്നു വന്നെന്നതിനെക്കുറിച്ച് അറിയാൻ ലിയോയ്ക്കും താത്പര്യം തോന്നി. അങ്ങനെ അദ്ദേഹവും നാട്ടിലേക്ക് അച്ഛനൊപ്പംകൂടി. ഗ്രാമത്തിലെ അമ്പലത്തിലും പള്ളിയിലും ലിയോ പ്രാർഥിച്ചു. ഗ്രാമീണർ അദ്ദേഹത്തെ ആദരിച്ചു. തികച്ചും സ്വകാര്യസന്ദർശനമാണിതെന്നും ഔദ്യോഗികസന്ദർശനത്തിനായി ഇന്ത്യയിൽ വീണ്ടും വരണമെന്നുണ്ടെന്നും ലിയോ പറഞ്ഞു.അയർലൻഡിലെ ഇന്ത്യൻവംശജനായ ആദ്യ പ്രധാനമന്ത്രിയാണ് ലിയോ. 1979-ൽ ഡബ്ലിനിൽ ജനിച്ച അദ്ദേഹം 2017 ജൂണിലാണ് ഐറിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇന്ത്യയിൽ പല തവണ വന്നിട്ടുണ്ടെങ്കിലും വരദ് ഗ്രാമത്തിൽ ആദ്യസന്ദർശനമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2SEssKT
via IFTTT