Breaking

Tuesday, December 31, 2019

ധനരാജിന്റെ മരണം അയോര്‍ട്ടിക് ഡിസേര്‍ഷന്‍ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ചേരി: ഫുട്ബോൾതാരം ധനരാജിന്റെ മരണത്തിന് കാരണം അയോർട്ടിക് ഡിസേർഷൻ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തം ഇരച്ചുകയറി മഹാധമനിയുടെ ഭിത്തിപൊട്ടി ഹൃദയാവരണത്തിൽ പരന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കി. മഹാധമനി ഭിത്തിയിൽ നേരത്തെതന്നെ വിള്ളലുകളുണ്ടായിരുന്നു. രക്തസമർദമാവാം ഇതിനുകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിള്ളലുകൾ വലുതായി രക്തം ഇവിടേക്ക് ഇരച്ചുകയറുകയായിരുന്നു. അപൂർവമായാണ് അയോർട്ടിക് ഡിസേർഷൻ സംഭവിക്കുന്നതെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. ഇ.കെ.എച്ച്. ജഷീൽ പറഞ്ഞു. അതേസമയം കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫിതാരം അന്തരിച്ച ആർ. ധനരാജിന് (39) മരുതറോഡ് പഞ്ചായത്ത് മൈതാനത്തെ മണ്ണിൽ ഒരുപിടി പൂക്കളർപ്പിച്ച് കായിക ലോകം വിടപറഞ്ഞു. ഞായറാഴ്ച രാത്രി പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണാണ് ധനരാജ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് രണ്ടരയോടെ കല്ലേപ്പുള്ളി കൊട്ടേക്കാട് തെക്കോണിയിലെ വീട്ടിലെത്തിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്. മുൻ പരിശീലകൻ ടി.കെ. ചാത്തുണ്ണി, വി.കെ. ശ്രീകണ്ഠൻ എം.പി., ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ ഷാഫി പറമ്പിൽ എം.എൽ.എ., കെ.വി. വിജയദാസ് എം.എൽ.എ., നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ തുടങ്ങി നിരവധിപേർ ആദരാഞ്ജലികളർപ്പിച്ചു. അഞ്ചരയോടെ മൃതദേഹം വിലാപയാത്രയായി ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. തുടർന്ന്, അനുശോചന പൊതുയോഗവും നടന്നു. Content Highlights:autopsy report says Dhanarajs death was due to aortic dissection


from mathrubhumi.latestnews.rssfeed https://ift.tt/2QdR6jY
via IFTTT