Breaking

Monday, December 30, 2019

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ പ്രക്ഷോഭങ്ങൾ അനിവാര്യം -ഇർഫാൻ ഹബീബ്

കണ്ണൂരിൽ 80-ാമത് ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്, ഉദ്ഘാടന സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തെയും കുറിച്ച് സംസാരിക്കുന്നു... ഗവർണറുൾപ്പെടെ എല്ലാവർക്കും അവരുടെ നിലപാട് പ്രകടിപ്പിക്കാൻ അവകാശവും അവസരവും വേണ്ടേ? ഗവർണർക്ക് തന്റെ നിലപാടുകൾ വ്യക്തമാക്കാനുള്ള ജനാധിപത്യ അവകാശമുണ്ട്. എന്നാൽ, ചരിത്ര കോൺഗ്രസിൽ അദ്ദേഹത്തെ ക്ഷണിച്ചത് പൗരത്വനിയമ ഭേദഗതിയെക്കുറിച്ചു പ്രസംഗിക്കാനല്ല. ചരിത്രപഠനവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ അതേക്കുറിച്ചു പറയുന്നതിനുപകരം പ്രസംഗത്തിന്റെ തുടക്കത്തിൽത്തന്നെ രാഷ്ട്രീയ ചായ്വോടുകൂടി പൗരത്വനിയമ ഭേദഗതിയെക്കുറിച്ചു പറയാനാണ് അദ്ദേഹം തുനിഞ്ഞത്. അതിനെയാണ് ഞങ്ങൾ എതിർത്തത്. മുമ്പ് പ്രസംഗിച്ചവരെല്ലാം പൗരത്വ നിയമത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ തനിക്ക് നിലപാട് വ്യക്തമാക്കാൻ സ്വാതന്ത്ര്യമില്ലേയെന്നാണ് ഗവർണർ ചോദിക്കുന്നത്? ആദ്യം പ്രസംഗിച്ച സി.പി.എമ്മിന്റെ എം.പി.യാണ് പൗരത്വനിയമ ഭേദഗതിയെക്കുറിച്ചു പരാമർശിച്ചത്. അദ്ദേഹത്തെ ചരിത്ര കൗൺസിലല്ല ക്ഷണിച്ചത്. കണ്ണൂർ സർവകലാശാലയാണ്. സി.എ.എ.യെക്കുറിച്ചല്ല, ഇന്റർനെറ്റ് വിച്ഛേദിച്ചതുൾപ്പെടെയുള്ള കശ്മീരിലെ അടിച്ചമർത്തലുകളെക്കുറിച്ചാണ് ഞാനുൾപ്പെടെ പരാമർശിച്ചത്. ചരിത്ര കോൺഗ്രസിൽ ഗവർണറുടെ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം? ചരിത്ര കോൺഗ്രസിൽ അതിന്റെ നിയമാവലിക്കാണു പ്രാധാന്യം. കോൺഗ്രസ് വേദിക്കും സദസ്സിനുമിടയിലെ പോലീസ് ബന്തവസ് അനുവദിക്കാനാവില്ല. ചരിത്ര കോൺഗ്രസിന്റെ 80 വർഷത്തെ ചരിത്രത്തിലിത് ആദ്യമാണ്. സ്വതന്ത്രചിന്തകരുടെ വേദിയും സദസ്സുമാണ് ചരിത്ര കോൺഗ്രസ്. അവിടെ ഭയപ്പെടുത്തുന്നതു പോലെയുള്ള പോലീസ് സാന്നിധ്യമുണ്ടാവുകയും സമാധാനപരമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതൊന്നും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വൻസുരക്ഷയൊരുക്കിയത്? എവിടെനിന്നുള്ളതാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട്. നാല് പ്രതിനിധികളെ കസ്റ്റഡിയിലെടുത്തു. അവരിൽ മൂവരും കശ്മീരിൽനിന്നുള്ളവരാണ്. കശ്മീർ പോലീസുമായി ചേർന്ന് കേരള പോലീസ് പ്രവർത്തിക്കുന്നുവെങ്കിൽ എവിടെയോ ഒരു പിഴവുണ്ട്. ഇന്റർനെറ്റ് ഉൾപ്പെടെ എല്ലാ പൗരാവകാശങ്ങളും നിഷേധിച്ച് മാസങ്ങളായി കഴിയുകയാണ് കശ്മീർ ജനത. ഇനി മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയിൽനിന്നാണോ? പൗരത്വ പ്രക്ഷോഭത്തിന്റെപേരിൽ ഒരാഴ്ചയ്ക്കിടെ 18 പേരെ കൊലപ്പെടുത്തിയ യു.പി. പോലീസിൽനിന്നാണോ ഇന്റലിജൻസ് വിവരം. ഇതൊക്കെ കേരള സർക്കാരാണ് വ്യക്തമാക്കേണ്ടത്. പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭം വിജയിക്കാൻ സാധ്യതയുണ്ടോ? ഞാനൊരു ജ്യോത്സ്യനല്ല. പക്ഷേ, അനീതി നടക്കുമ്പോൾ നിങ്ങൾ പ്രതികരിക്കുകപോലും ചെയ്തില്ലെങ്കിൽ അടുത്ത തലമുറ എന്തുപറയും. നോക്കൂ, കശ്മീർ വിഷയത്തിൽ നാം കാര്യമായി പ്രതികരിച്ചില്ല. പൂർണ അനീതിയല്ലേ അവിടെ നടക്കുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ന്യൂനപക്ഷ പീഡനമൊക്കെ നടക്കുന്നുണ്ടാകും. എന്നാൽ, നമുക്ക് നമ്മുടെ ബഹുസ്വര സംസ്കാരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിന് പ്രക്ഷോഭങ്ങൾ അനിവാര്യമായിവരും. content highlights:Irfan Habeeb interview


from mathrubhumi.latestnews.rssfeed https://ift.tt/2SDKNI6
via IFTTT