ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എൻ.പി.ആർ.) വിവരം ശേഖരിക്കാനെത്തുന്നവർക്ക് തെറ്റായ വിവരം നൽകണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ ആഹ്വാനത്തിനെതിരേ ബി.ജെ.പി.യും കോൺഗ്രസും രംഗത്തെത്തി. പേരു ചോദിക്കുമ്പോൾ 'രംഗ- ബില്ല'യെന്നോ (ബലാത്സംഗ-കൊലപാതകക്കേസിൽ തൂക്കിലേറ്റപ്പെട്ടവർ) വിലാസം ചോദിച്ചാൽ '7 റേസ് കോഴ്സ് റോഡെ'ന്നോ (പ്രധാനമന്ത്രിയുടെ വസതി) പറയാനാണ് കഴിഞ്ഞദിവസം അരുന്ധതി ആഹ്വാനം ചെയ്തത്. സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അരുന്ധതിയുടെ നിലപാടെന്ന് ബി.ജെ.പി.യും തെറ്റായ വിവരം നൽകുന്നത് ശരിയല്ലെന്ന് കോൺഗ്രസും പ്രതികരിച്ചു. ദേശീയ പൗരത്വപ്പട്ടികയ്ക്കുള്ള അടിസ്ഥാന വിവരമാണ് എൻ.പി.ആർ. എന്നും അതിനാൽ തെറ്റായ വിവരം നൽകണമെന്നുമായിരുന്നു അരുന്ധതിയുടെ ആഹ്വാനം. അരുന്ധതിക്ക് കുറ്റവാളികളുടെ പേരുകൾമാത്രമേ ഓർമയുള്ളൂവെന്ന് ഉമാഭാരതി പറഞ്ഞു. പെൺകുട്ടിയെയും സഹോദരനെയും കൊന്ന രംഗ-ബില്ലയെപ്പോലുള്ള കുറ്റവാളികളെ ഉദാഹരിക്കുന്ന അരുന്ധതിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും അവർ കുറ്റപ്പെടുത്തി. ഇതുപോലുള്ള ബുദ്ധിജീവികളാണ് രാജ്യത്തുള്ളതെങ്കിൽ അവരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടതെന്നായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ പ്രതികരണം. എന്തു വിഡ്ഢിത്തമാണ് അരുന്ധതി റോയി പറയുന്നതെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു. എൻ.പി.ആറിന്റെ ഭാഗമാകാതിരിക്കാൻ പറയുന്നതുപോലെയല്ല, തെറ്റായ വിവരം നൽകൽ. അരുന്ധതി റോയി സ്വയം എന്താണു കരുതുന്നതെന്നും അവർ ചോദിച്ചു. അരുന്ധതി റോയിക്കെതിരേ പരാതി എൻ.പി.ആറിനു തെറ്റായവിവരം നൽകാൻ ആഹ്വാനം ചെയ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ സുപ്രീംകോടതിയിലെ അഭിഭാഷകൻ രാജീവ് കുമാർ രഞ്ജൻ ഡൽഹി പോലീസിൽ പരാതി നൽകി. അരുന്ധതിയുടെ പ്രസ്താവന മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷാനിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് അരുന്ധതി ചെയ്തതെന്ന് പരാതിയിൽ പറയുന്നു. Content Highlights:Arundhati Roy BJP Congress
from mathrubhumi.latestnews.rssfeed https://ift.tt/2F7YfMp
via
IFTTT