ചെന്നൈ: തന്റെ ആരാധനാപുരുഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കർഷകൻ. തിരുച്ചിറപ്പള്ളി തുറയൂരിനടുത്തുള്ള എറക്കുടി ഗ്രാമത്തിൽ താമസിക്കുന്ന പി. ശങ്കർ(50) ആണ് മോദിക്കായി സ്വന്തം ചെലവിൽ ക്ഷേത്രം പണിതത്. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് ബി.ജെ.പി. കർഷകസംഘടനാ പ്രവർത്തകനായ ശങ്കർ. രാജ്യത്തെ വികസനോന്മുഖമാക്കാൻ അവതരിച്ച ദൈവമാണ് മോദിയെന്നാണ് ശങ്കറിന്റെ വിശ്വാസം. “നരേന്ദ്ര മോദി ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കർഷകനായ എനിക്ക് 2000 രൂപ ലഭിച്ചു. ഗ്യാസ് കണക്ഷനും പുതിയ ശൗചാലയവും കിട്ടി” -ശങ്കർ പറഞ്ഞു. വെള്ളമില്ലാത്തതാണ് കർഷകരുടെ പ്രധാനപ്രശ്നം. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്ന പ്രധാനമന്ത്രി അതിന് തീർപ്പുകാണുമെന്നും ശങ്കർ വിശ്വസിക്കുന്നു. മോദിയുടെ, കല്ലിൽ കൊത്തിയ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് 1.2 ലക്ഷം രൂപയാണ് ചെലവായത്. ഗാന്ധിജിയുടെയും അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുടെയും ചിത്രങ്ങളും ക്ഷേത്രത്തിനുള്ളിൽ പതിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തുടങ്ങിയ നിർമാണം പൂർത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രത്തിൽ പൂജ തുടങ്ങിയത്. ശങ്കർതന്നെയാണ് പൂജാരി. വിവരമറിഞ്ഞ് ക്ഷേത്രത്തിലേക്ക് 'ഭക്തർ' എത്തുന്നുണ്ട്. ശങ്കറിന്റെ പത്തേക്കർ സ്ഥലത്തെ കൃഷി അടുത്ത മാസങ്ങളിൽ വിളവെടുപ്പിന് പാകമാകും. അപ്പോൾ ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായരീതിയിൽ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്താനാണ് ശങ്കർ ആലോചിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ആരെങ്കിലും ആക്രമിക്കുമോയെന്നു പേടിച്ച് രാത്രിയിൽ ശങ്കർ ക്ഷേത്രത്തിന് കാവലിരിക്കുന്നുമുണ്ട്. Content Highlights:PM Narendra Modi Tamilnadu
from mathrubhumi.latestnews.rssfeed https://ift.tt/350AQXF
via
IFTTT