Breaking

Monday, December 30, 2019

വിടാതെഗവർണർ; കേന്ദ്രത്തിന്‌ വിശദറിപ്പോർട്ട്‌ നൽകും

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ദേശീയ ചരിത്രകോൺഗ്രസ് വേദിയിൽ നടന്ന പ്രതിഷേധത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഗവർണർ സർക്കാരിനോട് വിശദറിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി വിശദീകരണംതേടിയ ശേഷമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഞായറാഴ്ച നടന്ന പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം ഗവർണറെ കണ്ട ചീഫ് സെക്രട്ടറി ടോം ജോസ്, സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക് ദർവേഷ് സാഹിബും ഗവർണറെ കണ്ടു. സംഭവവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം ഗവർണറെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് പോലീസിൽനിന്ന് വിശദമായ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് എ.ഡി.ജി.പി. ഗവർണറെ കണ്ടത്. പ്രതിഷേധവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും രാജ്ഭവൻ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറും ഗവർണറെ കണ്ടു വിശദീകരണം നൽകി. ഇന്റലിജൻസിന്റെ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന രാജ്ഭവന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഈ വിഭാഗത്തിൽനിന്നു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു വിവരം. ഇവരിൽനിന്നെല്ലാം വിശദീകരണം ലഭിച്ചശേഷം ഗവർണർ ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിനു നൽകും. ദേശീയ ചരിത്രകോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനുനേരെ കഴിഞ്ഞദിവസം വിദ്യാർഥികളും പ്രതിനിധികളും പ്രതിഷേധമുയർത്തിയിരുന്നു. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയശേഷം വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.നിയമം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകും -ഗവർണർപാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കാൻ താൻ ഏതറ്റംവരെയും പോകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ഭരണഘടനാപരമായ കർത്തവ്യമാണത്. ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ എ.ഡി.സി.യെ കൈയേറ്റംചെയ്തെന്നും ഗവർണർ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിലും മോശമായ പല സാഹചര്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ള ആളാണു താൻ. അന്നൊന്നും നിയമനടപടികളുമായി മുന്നോട്ടുപോകാൻ മുതിർന്നിട്ടില്ല. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുക ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിൽ തനിക്ക് എതിർപ്പില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ അജൻഡകളുമായി തനിക്കു ബന്ധമില്ല. ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയാണ്. അതിന്റെ ഭാഗമായി മാത്രമേ താൻ പ്രവർത്തിക്കൂ. ചരിത്ര കോൺഗ്രസ് പരിപാടിയിൽ ചട്ടലംഘനം നടന്നിട്ടുണ്ട്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയുടെ സമയം ഒരു മണിക്കൂറിൽ കൂടാൻപാടില്ല. വെറുപ്പിന്റെ അന്തരീക്ഷമുണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്ന് എല്ലാവരും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ തരംതാഴ്ന്നുഗവർണറുടെ പ്രവർത്തനങ്ങൾ പദവിക്കു നിരക്കാത്തതും തരംതാണതുമാണ്. കീഴ്‌വഴക്കങ്ങൾ പരസ്യമായി ലംഘിക്കുകയാണ് ഗവർണർ. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാകണം. ചരിത്ര കോൺഗ്രസിൽ രാഷ്ട്രീയപ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തത്. കേന്ദ്രസർക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതല ഗവർണറിൽ നിക്ഷിപ്തമല്ല. അധികാരം പിടിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ഗവർണർമാരെ ഉപയോഗിച്ചു. കർണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക് ഗവർണർമാർ തരംതാഴ്ന്നു. ആ ഗണത്തിൽ പരിഗണിക്കാവുന്ന രൂപത്തിലാണ് കേരള ഗവർണറുടെ ഇപ്പോഴത്തെ പ്രവൃത്തികൾ. -കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/3592UYX
via IFTTT