Breaking

Saturday, December 28, 2019

തടങ്കല്‍ പാളയങ്ങളില്ലെന്ന മോദിയുടെ പ്രസ്താവന നുണ- തരുണ്‍ ഗൊഗോയ്

അസമിൽ കോൺഗ്രസിന് ക്ഷീണകാലമാണ്. എങ്കിലും പാർട്ടിയുടെ മുഖം ഇപ്പോഴും എൺപത്തിമൂന്ന് വയസ്സുകാരനായ തരുൺ ഗോഗോയിയാണ്. പൗരത്വനിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരായ പാർട്ടിയുടെ സമരങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഈ മുൻമുഖ്യമന്ത്രി തന്നെ. ഗുവാഹട്ടിയിലെ രാജീവ് ഭവനിൽ വച്ച്മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഗോഗോയ് നയങ്ങളും നിലപാടുകളും വ്യക്തമാക്കുന്നു. അസമിലെ കോൺഗ്രസ് സർക്കാരിനെതിരെയാണ് ബി.ജെ.പി നേതാക്കൾ ആരോപണത്തിന്റെ മുനകൾ ഏറ്റവും ഒടുവിൽ തിരിച്ചു വിട്ടിരിക്കുന്നത്. അസമിലെ ആറ് ഡിറ്റൻഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് ഭരണകാലത്താണ് തുടങ്ങിയതെന്ന് ബി.ജെ.പി കേന്ദ്ര നേതാക്കൾ പറയുന്നു. ഇതിൽ വാസ്തവമുണ്ടോ? അതെ. വസ്തുതാപരമായി ശരിയാണ്. ഞങ്ങൾ അത് നിഷേധിക്കുന്നില്ല. എന്നാൽ എന്തിനാണ് ബി.ജെ.പി അത് തുടരുന്നത്? ആ കേന്ദ്രങ്ങൾ തുടരുക മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഡിറ്റൻഷൻ കേന്ദ്രം അവർ മാട്ടിയയിൽ നിർമിക്കുന്നു. ഇതിനായി 2018 ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 46 കോടി രൂപ അനുവദിച്ചു. എന്റെ സർക്കാരിന്റെ ഭരണകാലത്ത് നിർമിച്ചവ കൂടാതെ, കൂടുതൽ ഡിറ്റൻഷൻ സെന്ററുകൾ അവർ ആരംഭിക്കുകയാണ്. എന്തിനാണത്് ? കേന്ദ്രത്തിലെയും അസമിലെയും ബി.ജെ.പി സർക്കാരുകളാണ് പുതിയ ഡിറ്റൻഷൻ സെന്ററുകൾക്ക് പിന്നിൽ. അസമിൽ മാത്രമല്ല, കർണാടകത്തിലും ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടിടത്തും ബി.ജെ.പിയാണ് ഭരണം. 1998 ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഡിറ്റൻഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കത്തെഴുതിയില്ലേ ? എന്നാൽ ഇതേ സമയം തന്നെ രാജ്യത്ത് ഡിറ്റൻഷൻ സെന്ററുകൾ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു വശത്തുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ? മോദി രാജ്യത്തോട് നുണപറയുകയാണ്. അസമിലും കർണാടകത്തിലുമുള്ളത് മറ്റെന്താണ്? കർണാടക സർക്കാർ സംസ്ഥാനത്തെ ഡിറ്റൻഷൻ കേന്ദ്രങ്ങളുടെ കണക്ക് ഹൈക്കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. 2018ൽ ഏറ്റവും വലിയ ഡിറ്റൻഷൻ കേന്ദ്രത്തിന് അനുമതി നൽകിയത് ആരാണ്? ഇല്ലെന്ന് എങ്ങനെ നുണപറയാൻ കഴിയുന്നു? ഡിറ്റൻഷൻ കേന്ദ്രങ്ങളെക്കുറിച്ച് മാത്രമല്ല, പൗരത്വപ്പട്ടികയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നത് നുണയാണ്. സർക്കാർ ചർച്ച പോലും ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ,പൗരത്വപ്പട്ടിക ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ എത്രയോ വേദികളിൽ ആവർത്തിച്ചിരിക്കുന്നു. പൊതുവേദികളിൽ മാത്രമല്ല, പാർലമെന്റിലും പറഞ്ഞു. ഞങ്ങളല്ല, സർക്കാരാണ് നുണപരത്തുന്നത്. തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല എന്നായപ്പോൾ ജനശ്രദ്ധ തിരിച്ചു വിടാൻ കള്ളം പ്രചരിപ്പിക്കുകയാണ്. രാജ്യമിപ്പോൾ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൊത്തം ആഭ്യന്തര ഉൽപാദനം 4.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമീണ സാമ്പത്തികരംഗം തകർന്നു. ഇതെല്ലാം മറയ്ക്കാനാണ്നുണ പരത്തുന്നത്. ഹിന്ദുക്കളുടെ പാർട്ടിയെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ മോദി ഭരണകാലത്ത് ഏറ്റവും കൂടുതൽ സഹിക്കുന്നത് ഹിന്ദുക്കളാണ്. രാജ്യത്ത് ഹിന്ദുക്കളാണ് ഭൂരിപക്ഷം. ജോലി നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ദുരിതത്തിലായ കൃഷിക്കാരിൽ ഏറെയും ഹിന്ദുക്കളാണ്. മോദി അധികാരത്തിൽ വന്നതിന് ശേഷം,ഹിന്ദുക്കളുടെ നില മോശമായി. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് പൗരത്വ നിയമത്തിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പിയും തിരിച്ചടിക്കുന്നുണ്ട്. കേട്ടു കാണുമല്ലോ? ഈ വിഷയത്തിൽ എവിടെയാണ് വോട്ട് ബാങ്ക് രാഷ്ട്രീയമുള്ളത്? ഇന്ത്യക്കാർ മുഴുവൻ വിഡ്ഢികളാണെന്ന് ബി.ജെ.പി കരുതുന്നുണ്ടോ? കോൺഗ്രസ് പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ അവർ ബുദ്ധിയില്ലാത്തവരാണോ? ആരെന്ത് പറഞ്ഞാലും അവർ വിശ്വസിക്കുമെന്നാണോ? കോൺഗ്രസ് പറഞ്ഞാലും, മറ്റാര് പറഞ്ഞാലും ജനങ്ങൾ സ്വയംപരിശോധിച്ചിട്ടാണ് നിലപാടെടുക്കുന്നത്. രാജ്യത്തെ ബുദ്ധിജീവികൾ, പ്രമുഖ സർവകലാശാലയിലെ വിദ്യാർഥികൾ തുടങ്ങിയവർ സമരരംഗത്തിറങ്ങിയത് സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയാം. തെറ്റായ പ്രചരണം ആരെങ്കിലും നടത്തിയാൽ അവർ വിശ്വസിക്കില്ല. ബി.ജെ.പിയെ അധികാരത്തിലേറ്റിയത് ഈ യുവാക്കളുടെയും വിദ്യാർഥികളുടെയും ബഹുഭൂരിപക്ഷം നൽകിയ പിന്തുണയിലാണ് എന്നത് മറന്നു പോകണ്ട. അവരാണിപ്പോൾ ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അവരെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് അർഥം ? എന്തിനാണ് കോൺഗ്രസ് പൗരത്വനിമയത്തെ എതിർക്കുന്നത്? ഏറ്റവും കൂടുതൽ അഭയാർഥികളെ മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചത് ഇന്ദിരാഗാന്ധി ഭരണകാലത്തല്ലേ? അഭയാർഥികളോട് കോൺഗ്രസിന് ഒരു കാലത്തും എതിർപ്പില്ല. അഭയാർഥികളെ വേർതിരിച്ച് ഞങ്ങൾ ഇതുവരെ കണ്ടിട്ടുമില്ല. ദലൈലാമയ്ക്ക് കോൺഗ്രസ് ഭരണകാലത്ത് അഭയം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ആയിരക്കണക്കിന് അഭയാർഥികൾക്ക് പൗരത്വം നൽകിയിട്ടുണ്ട്. ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീം ഇന്ത്യയിൽ താമസിക്കുന്നുണ്ട്. അതൊക്കെ വ്യത്യസ്തമായ വിഷയമാണ്. ഞങ്ങൾ അതെല്ലാം ചെയ്തു. ആരും എതിർത്തിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ല അത് ഞങ്ങൾ നൽകിയത്. എന്നാൽ ബി.ജെ.പിസർക്കാർ മതത്തിന്റെ അടിസ്ഥാനത്തിലാണ് അഭയാർഥികളെ നിശ്ചയിക്കുന്നതും പൗരത്വം നൽകുന്നതും. അതല്ലെങ്കിൽ എന്തു കൊണ്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നില്ല? തമിഴ് ഹിന്ദുക്കളെയും ബംഗാളി ഹിന്ദുക്കളെയും തമ്മിൽ വേർതിരിക്കുന്നതെന്തിനാണ്? ഹിന്ദുക്കളെ സഹായിക്കാനാണ് തീരുമാനമെങ്കിൽ ശ്രീലങ്കൻ ഹിന്ദുക്കളെ എങ്ങനെ ഒഴിവാക്കും? മതത്തിന്റെ അടിസ്ഥാനത്തിൽ ബി.ജ.പി. രാജ്യത്തെ വിഭജിക്കാൻ പോവുകയാണ്. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് മോദി സർക്കാരിന്റെ ഏക അജണ്ട. അവർ ആ ദിശയിലാണ് പോകുന്നത്. എന്നാൽ പാകിസ്താന്റെ സ്വരമാണ് പ്രതിപക്ഷത്തെ ചില നേതാക്കൾക്കെന്ന് ബി.ജെ.പി ആരോപിക്കുന്നു.എന്താണ് മറുപടി? ബി.ജെ.പിയാണ് പാകിസ്താൻ മാതൃക പിന്തുടരുന്നത്. ജിന്ന മുസ്ലീംരാജ്യമുണ്ടാക്കി. ബി.ജെ.പി ഇപ്പോൾ ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിയല്ലേ പാകിസ്താനെ അനുകരിക്കുന്നത്? എന്തു കൊണ്ടാണ് രാജ്യത്തെ യുവാക്കളും വിദ്യാർഥികളും മോദി സർക്കാരിനെതിരെ അണിനിരക്കുന്നത്? രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാർഥികളാണ് തെരുവിലിറങ്ങുന്നത്. ഇത്തരമൊരു അവസ്ഥ ഇതിന് മുമ്പ് ഞാൻ എന്റെ രാഷ്ട്രീയജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. സ്വാതന്ത്ര്യകാലം മുതൽ മതേതരത്വമാണ് ഇന്ത്യ പിന്തുടരുന്നത്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. എങ്കിലും നമ്മൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്ന് വിളിക്കാറില്ല. ഇന്ത്യയിലെ പൗരൻമാരെല്ലാം ഹിന്ദുക്കളാണെന്നും നമ്മൾ പറയാറില്ല. കോൺഗ്രസും നഗരനക്സലുകളും ചേർന്നാണ് ആശയക്കുഴപ്പം പരത്തുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും ആരോപിച്ചു.ഇതിൽ ശരിയുണ്ടോ ? ആരാണ് ഈ നഗര നക്സലുകൾ എന്ന് ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല.നഗരത്തിലല്ല നക്ലുകളുള്ളത്. ഗ്രാമങ്ങളിലാണ്. ചൂഷണത്തെിനെതിരെയാണ് അവരുടെ പോരാട്ടം. എന്നാൽ അവരുടെ സായുധ പോരാട്ടത്തോട് കോൺഗ്രസിന് യോജിപ്പില്ല. ചൂഷണത്തിന് ഞങ്ങൾ എതിരാണ്. എന്നാൽ, അതിനെതിരെയുള്ള സായുധയുദ്ധത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. അത് മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്ക് എതിരാണ്. അത് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്ത് ബുദ്ധിജീവികളുണ്ടാകും. എന്നാൽ രാജ്യത്ത് നഗരനക്സലുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ചർച്ച ചെയ്യുന്ന വിഷയങ്ങളല്ല അസമിന്റെ പ്രശ്നങ്ങൾ.കുറെക്കൂടി സങ്കീർണമാണോ? പൗരത്വവിഷയവുമായി ബന്ധപ്പെട്ട് അസമിൽ നേരത്തെയും നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.അങ്ങനെയാണ് അസം ധാരണ (assam accord)ഉണ്ടായത്. ഇത്തരം അവസ്ഥ അസമിന് പുറത്തുണ്ടായിട്ടില്ല. അസമിന് പുറത്ത്, പൗരത്വ നിയമം ഭരണഘടനാ ലംഘനവും മനുഷ്യാവകാശ ലംഘനപ്രശ്നവുമാണ്. എന്നാൽ അസമിനുള്ളിൽ അത് അസം അക്കോർഡിന്റെ നഗ്നമായ ലംഘനം കൂടിയാണ്. അസം അക്കോർഡിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഭാഷ,സംസ്കാരം, പൈതൃകം, വിശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളാണ് അസമിലുള്ളത്. അതാണ് അസമും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. പൗരത്വ നിയമത്തിനെതിരെ എൻ.ഡി.എക്കുള്ളിലും അഭിപ്രായ വ്യത്യാസം ഉയരുന്നുണ്ടല്ലോ? തീർച്ചയായും. രാജ്യത്ത് കടുത്ത എതിർപ്പാണ് ഉയരുന്നത്. ബി.ജെ.പിക്കുള്ളിലും സഖ്യകക്ഷികൾക്കുള്ളിലും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്. അതാണ് ഏറ്റവും രസകരമായ കാര്യം. ഇപ്പോൾ ഈ സഖ്യകക്ഷികൾ എന്തിനാണ് എതിർക്കുന്നത്? നേരത്തെ പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ചവരാണ് ഈ പാർട്ടികൾ. ജനവികാരം ഈ നിയമത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞ് ചുവട് മാറ്റുകയാണ്. േകാൺഗ്രസാണ് ഇരുസഭകളിലും ബില്ലിനെ ശക്തിയുക്തം എതിർത്തത്. പൗരത്വപ്പട്ടികയുടെ നടപടികൾ എതിർപ്പുയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തുടരുമോ? ഇക്കാര്യത്തിൽ എനിക്ക് ഇപ്പോൾ സംശയമുണ്ട്. രാജ്യം മുഴുവൻ പ്രതിഷേധത്തിലാണ്. അതോടൊപ്പം ബി.ജെ.പിയുടെ സഖ്യകക്ഷികളും പ്രതിഷേധിക്കുന്നു. ജെ.ഡി.യു, എ.ജി.പി,ടി.ആർ.എസ്. തുടങ്ങിയ പാർട്ടികളെല്ലാം എതിർപ്പുയർത്തുന്നു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്തിരിയുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഒരു ജനാധിപത്യ ഭരണക്രമത്തിൽ, അന്തിമമായി ജനങ്ങളുടെ ശബ്ദത്തെ അംഗീകരിക്കേണ്ടി വരും. ഏതെങ്കിലും ഒരു സർക്കാരോ പാർട്ടിയോ അത് അവഗണിച്ചാൽ അവർ അനുഭവിക്കും. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് കരസേനാ മേധാവിയുടെ പ്രസ്താവനയാണ് പുതിയ വിവാദ വിഷയം.എന്ത് തോന്നുന്നു? വളരെ നിർഭാഗ്യകരമാണ്. ആദ്യമായാണ് ഒരു സൈനിക മേധാവി രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നത്. മറ്റൊരു ആർ.എസ്.എസുകാരനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. (മാതൃഭൂമി ദിനപത്രത്തിൽ ഡിസംബർ 28ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണരൂപം.) content highlights:congress leader tarun gogoi rejects narendra modis statement on detention centres


from mathrubhumi.latestnews.rssfeed https://ift.tt/2MyBjK6
via IFTTT