Breaking

Tuesday, December 31, 2019

കുഞ്ഞുങ്ങളിൽ ജീൻ എഡിറ്റിങ്: ശാസ്ത്രജ്ഞരെ തടവിലിടാൻ ചൈന

ബെയ്ജിങ്: ലോകത്താദ്യമായി കുഞ്ഞുങ്ങളിൽ ജീൻ എഡിറ്റിങ് നടത്തിയ ശാസ്ത്രജ്ഞന് തടവുശിക്ഷ വിധിച്ച് ചൈന. ഗവേഷകൻ ഹി ജിയാൻകുയിയ്ക്കാണ് ഷെൻജെൻ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചതെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ടുചെയ്തു. നിരോധനം ലംഘിച്ച് പരീക്ഷണങ്ങൾക്കായി മനുഷ്യഭ്രൂണം ഉപയോഗിച്ചുവെന്ന കുറ്റമാരോപിച്ചാണ് നടപടി. 30 ലക്ഷം യുവാൻ (ഏകദേശം മൂന്നുകോടിയിലേറെ രൂപ) പിഴയും വിധിച്ചിട്ടുണ്ട്. ഷെൻജെനിലെ സതേൺ ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ അധ്യാപകനാണ് ജിയാൻകുയി. ഇദ്ദേഹത്തിനൊപ്പം പരീക്ഷണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് ഴാങ് റെൻലി, ക്വിൻ ജിൻജൗ എന്നിവർക്കും കോടതി രണ്ടുവർഷം തടവും പത്തുലക്ഷം യുവാൻ (ഒരു കോടി രൂപ) പിഴയും വിധിച്ചു. വ്യക്തിപരമായ പ്രശസ്തിക്കും നേട്ടത്തിനുമായാണ് ശാസ്ത്രജ്ഞർ പ്രവർത്തിച്ചതെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. “മെഡിക്കൽ ചട്ടങ്ങളുടെ ഗുരുതരലംഘനമാണ് അവർ നടത്തിയത്. ശാസ്ത്രഗവേഷണത്തിന്റെയും മെഡിക്കൽ ധാർമികതയുടെയും എല്ലാ അതിർത്തികളും അവർ ലംഘിച്ചു” -കോടതി ചൂണ്ടിക്കാട്ടി. ജീൻ എഡിറ്റിങ് നടത്തിയ മൂന്നാമത്തെ കുഞ്ഞ് കൂടി ഇതിനകം ജനിച്ചിട്ടുള്ളതായി സിൻഹുവ വാർത്താ ഏജൻസി പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുഞ്ഞുങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ഗ്വാങ്ഡോങ് പ്രവിശ്യാ സർക്കാർ കോടതിയിൽ പറഞ്ഞു. സംഭവം വിവാദമായതോടെ ജിയാൻകുയിയെ സർവകലാശാല പുറത്താക്കിയിരുന്നു. പരീക്ഷണമിങ്ങനെ ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് നടത്തിയ വിവരം 2018 നവംബറിലാണ് ജിയാൻകുയി പുറത്തുവിട്ടത്. പരിഷ്കരിച്ച ഡി.എൻ.എ.യുമായി ലുല, നാന എന്നീ പേരുകളുള്ള ഇരട്ട പെൺകുട്ടികൾ ജനിച്ചവിവരം, വാർത്താ ഏജൻസിയായ എ.പി.യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 'ക്രിസ്പെർ-കാസ് 9' എന്ന സാങ്കേതികവിദ്യയുപയോഗിച്ചായിരുന്നു പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഐ.വി.എഫ്. ചികിത്സയ്ക്കെത്തിയ ഏഴു ദമ്പതിമാരുടെ ഭ്രൂണകോശങ്ങളാണ് പരിഷ്കരിച്ചത്. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി. പകരുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. Content Highlights:China gene editing


from mathrubhumi.latestnews.rssfeed https://ift.tt/36dtO2W
via IFTTT