Breaking

Tuesday, December 31, 2019

കേരളത്തിൽ അണ്ഡംവിൽപ്പന വ്യാപകം; ഇരകൾ മറുനാടൻ സ്ത്രീകൾ

തിരുവനന്തപുരം: വന്ധ്യതാചികിത്സയുടെ മറവിൽ അനധികൃത അണ്ഡംവിൽപ്പന നടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവം. പല വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളിലും (ഐ.വി.എഫ്. സെന്റർ) അണ്ഡം ദാനംചെയ്യാൻ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിക്കുന്നു. സാമ്പത്തികമായി മോശം സാഹചര്യങ്ങളിൽനിന്നുള്ള സ്ത്രീകളെയാണ് ഇടനിലക്കാർ മുഖേന ചൂഷണത്തിന് ഇരയാക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അണ്ഡംവിൽപ്പന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. ഒരു ചികിത്സാകേന്ദ്രത്തിൽനിന്നു ലഭിച്ച ഫാർമസി രസീതുകളിൽ അണ്ഡംദാതാക്കളുടെ പേരുകൾ പലതാണെങ്കിലും ഫോൺനമ്പർ ഒരേ ഇടനിലക്കാരുടേതാണ്. അണ്ഡംദാതാവെന്നു പറഞ്ഞ് ഒരു സാമൂഹികപ്രവർത്തക ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകളും ഉത്തരന്ത്യേൻ സ്വദേശിനികളും കൈവശമുണ്ടെന്ന് ഏജന്റ് വെളിപ്പെടുത്തി. വിവാഹിതരാകാത്ത 18 വയസ്സിനു മുകളിലുള്ളവരുണ്ടെങ്കിൽ എത്തിക്കാനും ആവശ്യപ്പെട്ടു.20,000 രൂപ മുതൽ 30,000 വരെയാണ് ഇടനിലക്കാരി വാഗ്ദാനംചെയ്തത്. മറ്റൊരു ഏജന്റ് മുഖേന സമീപിച്ചാൽ 5000 വീണ്ടും കുറയും. ഇടനിലക്കാർ കൂടുന്നതനുസരിച്ച് തുക കുറഞ്ഞുകൊണ്ടിരിക്കും. തുച്ഛമായ തുകയാണ് ഒടുവിൽ ഈ സ്ത്രീകൾക്കു ലഭിക്കുക. 18-നും 35-നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കൊണ്ടുവന്നാൽ ഒരാൾക്ക് 5000 രൂപ കമ്മിഷൻ നൽകാമെന്നും വാഗ്ദാനം. എട്ടും ഒമ്പതും തവണ അണ്ഡം ദാനംചെയ്ത സ്ത്രീകളാണ് പിന്നീട് ഇടനിലക്കാരാവുന്നത്. എട്ടുതവണ നൽകിയിട്ടുണ്ടെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തി. മധ്യകേരളത്തിലെ ഒരാശുപത്രി 15 ദിവസത്തോളം സ്ത്രീകളെ ആശുപത്രിക്കടുത്തുള്ള വീടുകളിൽ താമസിപ്പിക്കുകയാണ്. രാവിലെ അഞ്ചിനും ആറിനും ഇടയിൽ ആശുപത്രിയിലേക്കുകൂട്ടമായി കാറിൽ ഇവരെ എത്തിക്കുന്ന കാഴ്ച പതിവാണ്. എല്ലാദിവസവും ഇവർക്കുള്ള ഹോർമോൺ കുത്തിവെപ്പ് നൽകും. സംസ്ഥാനത്തെ പല ചികിത്സാകേന്ദ്രങ്ങളിലും ഈ കാഴ്ച പതിവാണ്.അണ്ഡാശയ സംബന്ധമായ രോഗങ്ങൾ, ജന്മനായുള്ള ഗർഭാശയസംബന്ധമായ തകരാറുകൾ തുടങ്ങിയവമൂലം സ്വന്തം അണ്ഡം ഉപയോഗിച്ച ഗർഭധാരണം അസാധ്യമായ സ്ത്രീകളും പ്രായാധിക്യമുള്ള സ്ത്രീകളുമാണ് മറ്റൊരാളിൽനിന്ന് അണ്ഡം സ്വീകരിക്കുന്നത്. ഐ.വി.എഫ്. എന്ന ഈ ചികിത്സാരീതിയുടെ വിജയസാധ്യത 22 ശതമാനത്തിൽ താഴെയാണെങ്കിലും പല ആശുപത്രികളും ചികിത്സതേടി വരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണെന്ന് വന്ധ്യതാചികിൽസാ വിദഗ്‌ധയായ ഡോ. സ്വീറ്റി വെളിപ്പെടുത്തുന്നു. ആവർത്തിച്ചുള്ള അണ്ഡംദാനം സ്ത്രീകളിൽ മരണകാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾവരെ സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/367FPXM
via IFTTT