Breaking

Monday, December 30, 2019

ഓടിയെത്താൻ ഇനി നാസർ നന്തിയില്ല

ദുബായ്: യു.എ.ഇ.യിലെ പ്രവാസജീവിതത്തിനിടയിൽ മരണമടയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭൗതികശരീരം നാട്ടിലേക്ക് അയയ്ക്കാനുള്ള സങ്കീർണപ്രക്രിയകളുടെ കുരുക്കഴിക്കാൻ ഇനി ആ മനുഷ്യനില്ല. വിദൂരസ്ഥമായ ഈ ദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ രോഗക്കിടക്കയിലാവുന്ന ഇന്ത്യക്കാർക്ക് ആശ്വാസദൂതുമായി പാഞ്ഞെത്താനും ഇനി അദ്ദേഹമില്ല. യു.എ.ഇ.യിലെ ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാസർ നന്തി ഓർമയായി. പ്രമുഖ സാമൂഹികപ്രവർത്തകനായ നാസർ നന്തി (61) ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ദുബായിലെ ആശുപത്രിയിലാണ് അന്തരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊയിലാണ്ടി നന്തിബസാർ മുസ്ലിയാർകണ്ടി കുടുംബാംഗമാണ്. യു.എ.ഇ.യിൽ രോഗംവന്നു കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായമെത്തിക്കുന്നതിലും മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിലുമെല്ലാം ഏറെ സജീവമായി പ്രവർത്തിച്ച സാമൂഹികപ്രവർത്തകനായിരുന്നു നാസർ. നൂറുകണക്കിന് മൃതദേഹങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ചെന്നൈയിലും മുംബൈയിലും ബിസിനസ് നടത്തിവന്ന നാസർ 1992-ലാണ് ദുബായിലെത്തിയത്. ദുബായിൽ അൽ മുഹൈരി ട്രാവൽ ആൻഡ് ടൂറിസമെന്നപേരിൽ ട്രാവൽ ഏജൻസി നടത്തിക്കൊണ്ടാണ് ഗൾഫിലെ പ്രവാസമാരംഭിച്ചത്. ഇതേസമയംതന്നെ ഒട്ടേറെ കമ്പനികളുടെ പി.ആർ.ഒ.യായും പ്രവർത്തിച്ചു. ഇതിനിടയിലാണ് പൊതുരംഗത്തും സജീവമായത്. പി.ആർ.ഒ. അസോസിയേഷന്റെ രൂപവത്കരണത്തിലും പങ്കാളിയായി. ദീർഘകാലം അതിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു. ലേബർക്യാമ്പുകളിലും മരുഭൂമിയിലുമെല്ലാം കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയ നാസർ ഇന്ത്യയിൽനിന്നുള്ള പ്രവാസികൾക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ചുപ്രവർത്തിച്ചു. ഒട്ടേറെ കൂട്ടായ്മകളുടെ അധ്യക്ഷനും രക്ഷാധികാരിയുമാണ്. ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായി. തിങ്കളാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഭാര്യ: നസീമ. മക്കൾ: സന, ഷിബില(യു.എസ്.), സാദ് (ബഹ്റൈൻ). ഖബറടക്കം നാട്ടിൽ. സ്നേഹദൂതൻ ഓർമയായി, ഉൾക്കൊള്ളാനാവാതെ പ്രവാസിസമൂഹം പി.പി. ശശീന്ദ്രൻ ദുബായ്: സോനാപ്പുരിലെ എംബാമിങ് സെന്റർ എന്നും ദുഃഖം ഘനീഭവിച്ചുനിൽക്കുന്ന, മരണത്തിന്റെ മണമുള്ള ഇടമാണ്. ആശുപത്രി, പോലീസ് രേഖകളെല്ലാം ശരിയാക്കിയെടുത്തശേഷം വിട്ടുകിട്ടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ ഇവിടെയാണ് തുടങ്ങുന്നത്. ദുബായ് സോനാപുർ എംബാമിങ് സെൻറിൽ നടന്ന നാസർ നന്തിയുടെ മയ്യത്ത് നമസ്കാരം എംബാമിങ് കഴിഞ്ഞ് മൃതദേഹങ്ങൾ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവിടെ കൂടിയവർക്ക് അവസാനമായി ഒരു നോക്കുകാണാനുള്ള അവസരം നൽകും. എല്ലാവരും കണ്ടെന്ന് ഉറപ്പുവരുത്തിയും പ്രാർഥനയ്ക്കും അവസാനയാത്രയ്ക്കും നേതൃത്വം നൽകുന്നത് ഏതാനും പൊതുപ്രവർത്തകരാണ്. ബന്ധുക്കളും കൂട്ടുകാരുമെല്ലാം ദുഃഖഭാരത്താൽ ഒന്നിനുമാവാതെനിൽക്കുമ്പോൾ എല്ലാം അവരേറ്റെടുത്തുചെയ്യുന്നു. അവരിലെന്നും മുന്നിലൊരാൾ നന്തി നാസറായിരുന്നു. തൂവെള്ള ഷർട്ടും അതിനെക്കാൾ വെളുത്ത താടിയുമുള്ള ആ മനുഷ്യൻ എല്ലാം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇതിനിടയിൽ തളർന്നുപോകുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും എത്തുമായിരുന്നു. ഞായറാഴ്ച വൈകീട്ട് അയാൾ ആ പെട്ടിക്കുള്ളിൽ ശാന്തനായി കിടക്കുകയായിരുന്നു. തോളിൽ കൈവെച്ചുള്ള സംസാരങ്ങളില്ല, എല്ലാം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടമില്ല. അയാൾ അവസാനമായി ഉറങ്ങുകയായിരുന്നു. പ്രവാസലോകത്തുനിന്ന് അനേകമനേകം മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ മുന്നിൽനിന്ന ആ മനുഷ്യന്റെ ചേതനയറ്റ ശരീരം ഒട്ടും വൈകാതെ നാട്ടിലെത്തിക്കാൻ അദ്ദേഹത്തിനൊപ്പം ഈ രംഗത്തുനിന്ന ഒട്ടേറെ പേരുണ്ടായിരുന്നു അവിടെ. അതിലേറെയായിരുന്നു നന്തി നാസർ എന്ന പൊതുപ്രവർത്തകനെ നന്തിക്കയെന്നും നാസർക്കയെന്നും വിളിച്ചുപരിചയിച്ച സാധാരണക്കാർ. വൈകീട്ട് മയ്യിത്ത് നമസ്കാരത്തിനും നൂറുകണക്കിനാളുകളെത്തി. എല്ലാം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറ്റിയയയ്ക്കാനായി മൃതദേഹവും വഹിച്ച് ആംബുലൻസ് നീങ്ങുന്നതുവരെ ജനക്കൂട്ടം അദ്ദേഹത്തിനുള്ള ആദരവായി കൂടിനിന്നു. യു.എ.ഇ.യിലെ, വിശേഷിച്ച് ദുബായിലെയും ഷാർജയിലെയും മിക്ക പരിപാടികളിലും നന്തി നാസർ സജീവസാന്നിധ്യമായിരുന്നു. ദുബായ് പോലീസിന്റെ ഒട്ടേറെ സംരംഭങ്ങളിലും അദ്ദേഹം സഹപ്രവർത്തകനെപ്പോലെ കൂടെനിന്നു. ഇക്കഴിഞ്ഞ യു.എ.ഇ. ദേശീയദിനാഘോഷത്തിൽ മരത്തിൽ കൊത്തിയെടുത്ത യു.എ.ഇ.യുടെ ഭൂപടം അദ്ദേഹം സ്വന്തംനിലയ്ക്കാണ് പോലീസ് മേധാവികൾക്ക് സമർപ്പിച്ചത്. ഇതുവരെ തന്നെ പോറ്റിവളർത്തിയ രാജ്യത്തിനുള്ള സമർപ്പണമായിട്ടാണ് ഈ സമ്മാനം അദ്ദേഹം തയാറാക്കിയത്. നല്ലൊരു വായനക്കാരനുംകൂടിയായിരുന്നു നന്തി നാസർ. സ്വന്തം പ്രദേശത്തെ തന്റെ പേരിനൊപ്പംമാത്രമല്ല അദ്ദേഹം ചേർത്തത്. താമസിച്ചിരുന്ന വില്ലയ്ക്ക് നൽകിയ പേരാകട്ടെ നന്തിഗ്രാമം എന്നായിരുന്നു. ഇവിടെ ഒട്ടേറെ സംഗീതപരിപാടികളും ചർച്ചകളും അദ്ദേഹം പരിചയക്കാർക്കുവേണ്ടി ഒരുക്കി. ദുബായിലെ പി.ആർ.ഒ.മാരുടെ സംഘടനയുടെയും കോഴിക്കോട്ടുകാരുടെയും കൊയിലാണ്ടിക്കാരുടെയും കൂട്ടായ്മകളുടെയും രക്ഷാധികാരിയായും സാരഥിയായുമെല്ലാം നന്തി നാസർ കഴിഞ്ഞദിവസംവരെയും സജീവമായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ ജീവിതത്തെ അലയുന്ന കാറ്റെന്ന് വിശേഷിപ്പിച്ചവരുണ്ട്. അതെ, അലയുന്ന കാറ്റുപോലെയായിരുന്നു ആ മനുഷ്യൻ. ആളുകൾക്ക് ആശ്വാസംനൽകാനും കൂട്ടായ്മകൾക്ക് ഉണർവേകാനും സദാ അലഞ്ഞ, നിസ്വാർഥനായ പൊതുപ്രവർത്തകനായിരുന്നു ആ മനുഷ്യൻ.


from mathrubhumi.latestnews.rssfeed https://ift.tt/2ZyirAa
via IFTTT