Breaking

Sunday, December 29, 2019

മെല്‍ബണില്‍ ഓസീസ് വിജയം 247 റണ്‍സിന്; ന്യൂസീലന്‍ഡിനെതിരേ പരമ്പര

മെൽബൺ: രണ്ടാം ടെസ്റ്റിൽ 247 റൺസിന്റെ വിജയവുമായി ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 488 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ രണ്ടാമിന്നിങ്സിൽ ഓസീസ് 240 റൺസിന് പുറത്താക്കി. നാല് വിക്കറ്റെടുത്ത നഥാൻ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റിൻസണുമാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. കിവീസിനായി ഓപ്പണർ ടോം ബ്ലെൻഡൽ മാത്രമാണ് ചെറുത്തുനിന്നത്. 210 പന്തിൽ 121 റൺസ് ബ്ലെൻഡൽ അടിച്ചെടുത്തു. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. അഞ്ചു ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. സ്കോർ: ഓസ്ട്രേലിയ-467&168/5d. ന്യൂസീലൻഡ്-148&240. നേരത്തെ ഓസീസ് രണ്ടാമിന്നിങ്സ് അഞ്ചു വിക്കറ്റിന് 168 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 319 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡുള്ളതിനാലാണ് ഓസീസ് വേഗം ഇന്നിങ്സ് അവസാനിപ്പിച്ചത്. നീൽ വാഗ്നർ ന്യൂസീലൻഡിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റേയും അർധ സെഞ്ചുറി നേടിയ ടിം പെയ്ൻ, സ്റ്റീവ് സ്മിത്ത്, ലബൂഷെയ്ൻ എന്നിവരുടെയും മികവിൽ ഓസീസ് 467 റൺസ് അടിച്ചെടുത്തിരുന്നു. വാഗ്നർ നാലും സൗത്തീ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ കിവീസ് 148 റൺസിന് ഓൾ ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസിന്റെ പ്രകടനമാണ് കിവീസിനെ ചെറിയ സ്കോറിലൊതുക്കിയത്. പാറ്റിൻസൺ മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ ടെസ്റ്റും ഓസീസ് വിജയിച്ചിരുന്നു. ഇനി മൂന്നാം ടെസ്റ്റ് ജനുവരി മൂന്നു മുതൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടങ്ങും. Content Highlights: Australia vs New Zealand Second Test Melbourne


from mathrubhumi.latestnews.rssfeed https://ift.tt/36cYFgo
via IFTTT