Breaking

Friday, December 27, 2019

ഭയാനകം, ഈ ഏകാധിപത്യപ്രവണതകൾ | ശശി തരൂര്‍ അഭിമുഖം

പൗരത്വനിയമ ഭേദഗതിയുടെയും നിർദിഷ്ട ദേശീയ പൗരത്വപ്പട്ടികയുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻജനാധിപത്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ഇന്ത്യൻ യുവതയുടെ ഉയിർപ്പിനെക്കുറിച്ചുംഭരണാധികാരികളുടെ ഏകാധിപത്യപ്രവണതകളെപ്പറ്റിയും ശശി തരൂർ സംസാരിക്കുന്നു.മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിനുനൽകിയ അഭിമുഖത്തിൽനിന്ന്... മുത്തലാഖ്, കശ്മീർ, പൗരത്വനിയമഭേദഗതി, എൻ.ആർ.സി., ഇനി ഏകീകൃത സിവിൽ കോഡ്. ചുരുങ്ങിയ കാലത്തിനിടയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്നുവരുന്ന ആശങ്ക മതേതരഇന്ത്യയുടെ ഭാവിയെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ? =തീർച്ചയായും. ബി.ജെ.പി. ലക്ഷ്യംവെക്കുന്നത് മതധ്രുവീകരണവും അതുവഴി ഭരണം തുടരാനുള്ള കൃത്യമായ രാഷ്ട്രീയ അജൻഡയുമാണ്. പടിപടിയായ നീക്കംതന്നെയാണ് ഇതൊക്കെ. സ്പഷ്ടമാണ് ഇവരുടെ ലക്ഷ്യം. 2004-ൽ ഗുജറാത്ത് മോഡൽ വികസനത്തെക്കുറിച്ചാണ് ആ പാർട്ടി സംസാരിച്ചതും ചർച്ചചെയ്തതും. എന്നാൽ, ഗുജറാത്ത് വികസനമോഡൽ വലിയ പരാജയമാണെന്ന് വളരെ പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു. ഒരു നേട്ടവുമുണ്ടാക്കാൻ കഴിഞ്ഞില്ല. തൊട്ടതെല്ലാം മോശമാക്കി. നോട്ടുനിരോധനം സാമ്പത്തികരംഗത്തെ വലിയ തകർച്ചയിലാക്കി. വളർച്ചനിരക്ക് വളരെ പെട്ടെന്ന് രണ്ടുശതമാനം കുറഞ്ഞു. കർഷകരുടെ ആത്മഹത്യയിൽ െറക്കോഡിട്ടു. ഫാക്ടറികളിൽ പിരിച്ചുവിടൽ തുടർക്കഥയായി. തൊഴിലില്ലായ്മ അതിരൂക്ഷമായി. അതോടെ വികസനമോഡൽ അജൻഡകൊണ്ട് ഇനി രക്ഷയില്ലെന്ന് അവർക്കുതോന്നി. പിന്നീടാണ് ആർ.എസ്.എസ്. ഒളിപ്പിച്ചുവെച്ച ഹിന്ദുത്വ അജൻഡകൾ ഒന്നൊന്നായി പുറത്തെടുക്കാൻ തുടങ്ങിയത്. അതാണ് 1922-ൽ തുടങ്ങിവെച്ച ഹിന്ദുത്വ ആശയം കൃത്യമായി നടപ്പാക്കുന്നതിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം വെറും രണ്ടും മൂന്നും ശതമാനംമാത്രം വോട്ടുകിട്ടിയ ഹിന്ദുത്വശക്തികൾക്ക് ഇപ്പോൾ വൻ ഭൂരിപക്ഷത്തിൽ ഒറ്റയ്ക്ക് ഭരണംനേടാൻ കഴിഞ്ഞത് അവരുടെ ആസൂത്രിത ധ്രുവീകരണ നീക്കത്തിന്റെ വിജയംതന്നെയാണ്. സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ രാജ്യത്തെ ബാധിക്കുന്ന ഗുരുതരമായ പൊതുപ്രശ്നങ്ങളിൽനിന്ന് ജനരോഷത്തെയും ജനശ്രദ്ധയെയും തീവ്രദേശീയത പൊതിഞ്ഞ മതവികാരത്താൽ വഴിതിരിച്ചുവിടാനാവുമെന്ന് ബി.ജെ.പി. കരുതുന്നു. മുത്തലാഖ് സുപ്രീംകോടതിവിധിയാണ്. പക്ഷേ, മുത്തലാഖ് നടപടിയെ കൊടും ക്രിമിനൽക്കുറ്റമാക്കി മാറ്റി. കശ്മീരിന്റെമേലുള്ള ഇടപെടലും വിഭജനവും ആ സംസ്ഥാനത്തെയാണ് തകർത്തത്. 'ടൂറിസം ഈസ് നോട്ട് ടെററിസം' എന്നുപ്രസംഗിച്ച മോദി ടൂറിസത്തിൽനിന്ന് വരുമാനവും ജീവിതവുംകണ്ട കശ്മീരികളുടെ ജീവിതത്തെ തകർത്തു. ടൂറിസ്റ്റുകൾ വന്നില്ലെങ്കിലും കരകൗശലവസ്തുക്കളും കാർപ്പറ്റുകളും അവിടെ ഓൺലൈനിൽ വിൽക്കുന്നുണ്ടായിരുന്നു. മാസങ്ങളായി ഇന്റർനെറ്റ് കട്ടാക്കിയതോടെ അതും പൊളിഞ്ഞു. എൻ.ആർ.സി. ആദ്യം നടപ്പാക്കുന്നത് അസമിലാണ്. അതിന്റെപിന്നിൽ ഒറ്റലക്ഷ്യമായിരുന്നു. മുസ്ലിങ്ങളെ തള്ളുക. അവർക്ക് വോട്ടുണ്ടാവരുത്, പൗരത്വമുണ്ടാവരുത്, ജോലി, ഭൂമി എന്നിവയുണ്ടാവരുത്. അമിത്ഷാ ഇത് തുറന്നുപറഞ്ഞിരുന്നു. പക്ഷേ, എൻ.ആർ.സി. രേഖകൾ ആവശ്യപ്പെട്ടപ്പോൾ രേഖകളില്ലാത്ത 19 ലക്ഷത്തിൽ ഭൂരിപക്ഷം പേരും മുസ്ലിങ്ങളല്ല. അതോടെ ആകെ പ്രശ്നമായി. ജനങ്ങൾ ബി.ജെ.പി.ക്കെതിരായി. ഒരു സംസ്ഥാനത്തുമാത്രമുണ്ടായ ഈ പ്രതിസന്ധി നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഗുരുതരമായി ബാധിക്കും. ഏകീകൃത സിവിൽ കോഡ് ഈ സർക്കാരിന്റെ കാലാവധിക്കിടയിൽ നടപ്പാക്കാൻ എത്രത്തോളം സാധ്യതയുണ്ട് =അതിലേക്കാണ് എല്ലാ വഴിയും തുറക്കുന്നത്. പക്ഷേ, ഇന്ത്യയിൽ ഇപ്പോൾ ദേശീയതലത്തിൽ രൂപപ്പെട്ട പുതിയ പ്രതിഷേധങ്ങൾകാരണം മാറിച്ചിന്തിക്കാൻ ബി.ജെ.പി. ശ്രമിച്ചേക്കും. കാരണം, ദേശീയതലത്തിലുള്ള ഈ പ്രതിഷേധവും കലാപവും അവർ പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, അവർക്ക് പാർലമെന്റിൽ നല്ല അംഗബലമുണ്ട്. എന്തും നടത്താം. ഈ സർക്കാരിന്റെ സമയത്തുതന്നെ എല്ലാം നടപ്പാക്കി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും അവരുടെ ലക്ഷ്യം. പൗരത്വനിയമവും നിർദിഷ്ട ജനസംഖ്യാരജിസ്റ്ററും അതുവഴിയുണ്ടായ കലാപങ്ങളും അന്തർദേശീയതലത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് വലിയ ദോഷംചെയ്തിട്ടില്ലേ =തീർച്ചയായും. പൗരത്വനിയമത്തിലൂടെയും തുടർന്നുള്ള നീക്കങ്ങളിലൂടെയും ബി.ജെ.പി. ലക്ഷ്യംവെച്ചത് ഹിന്ദുക്കളെ മുഴുവൻ ഹിന്ദുവോട്ടുകളാക്കി മാറ്റുക എന്നതാണ്. ലോകം ഇന്ത്യയിലെ ഈ മാറ്റങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ബി.ജെ.പി. ലക്ഷ്യംവെക്കുന്ന ഹിന്ദുത്വത്തെ ഹിന്ദുവോട്ടുകളാക്കിയാൽമാത്രമേ അവർക്ക് സ്ഥിരമായി ഭരണത്തിലേറാൻ കഴിയൂ. അതിനായി ഒരു വിരുദ്ധശക്തിയെ എപ്പോഴും നിലനിർത്തിക്കൊണ്ടിരിക്കണം. പക്ഷേ, 80 ശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്ത് സംഘപരിവാർ ശക്തികൾക്ക് ലഭിച്ചത് 37 ശതമാനം വോട്ടാണെന്ന് ഓർക്കണം. ലോകത്തിനുമുന്നിൽ ജനാധിപത്യ ഇന്ത്യയുടെ വില ഇവർ നോേക്കണ്ടതായിരുന്നു. ഗാന്ധിജിയുടെ ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശത്തിന് തിരിച്ചടിയാണിത്. രാജ്യത്തുനടക്കുന്ന പ്രതിഷേധവും ലോകം കാണുന്നുണ്ട്. വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിഷേധം ഫലം കാണുന്നുണ്ട്. എൻ.ആർ.സി. നടപ്പാക്കുമെന്ന് അമിത്ഷാ പറയുമ്പോൾ പ്രധാനമന്ത്രി പറയുന്നു, ഇക്കാര്യം ചർച്ചചെയ്തില്ല എന്ന്. പച്ചനുണയാണിത്. ഒരു രാജ്യത്തോട് അതിന്റെ പ്രധാനമന്ത്രി ഇങ്ങനെ നുണപറയരുതായിരുന്നു. എൻ.ആർ.സി. നടപ്പാക്കുമ്പോൾ ഒരു ഡോക്യുമെന്റേഷനും ആവശ്യപ്പെടില്ല എന്ന് അമിത്ഷാ പറയുന്നു. പക്ഷേ, എപ്പോഴും സംശയംനിറഞ്ഞ ചോദ്യങ്ങളുണ്ടാവും. അത് തെളിയിക്കാനുള്ള ബാധ്യത മുസ്ലിങ്ങൾക്കുണ്ടാവും. രാജ്യത്തെ 18 കോടി മുസ്ലിങ്ങളെ ഭയപ്പെടുത്തുന്നതാണിത്. നോട്ടുനിരോധനകാലഘട്ടത്തിലെ ക്യൂപോലെ പൗരത്വം തെളിയിക്കാൻ ആൾക്കാർ ക്യൂനിൽക്കേണ്ടിവരും. രാജ്യമാകെയുള്ള പ്രക്ഷോഭങ്ങൾ സർക്കാർ തീരുമാനത്തെ മാറ്റിമറിക്കാൻ പര്യാപ്തമാണോ =വലിയ ആശങ്കകൾക്കൊപ്പം നല്ല പ്രതീക്ഷയും എനിക്കുണ്ട്. യുവാക്കളാണ് പ്രക്ഷോഭത്തിന് മുന്നിൽ. പ്രത്യേകിച്ചും വിദ്യാർഥികൾ. അവർ മതേതരമായി ചിന്തിക്കുന്നവരാണ്. സങ്കുചിത യാഥാസ്ഥിതിക മനോഭാവം ഇല്ലാത്തവരാണ്. അവരുടെ മനസ്സിൽ മതമല്ല, നല്ല വികസനഭാവിയും ആധുനിക ഇന്ത്യയുമാണുള്ളത്. പൗരത്വനിയമത്തിനെതിരേ ഇപ്പോൾ നടക്കുന്ന യുവാക്കളുടെ സമരം ആരും ആസൂത്രണംചെയ്തതല്ല. അത് പ്രകൃത്യാ ഉണ്ടായതാണ്. കുട്ടികളുടെ ആത്മവിശ്വാസമാണിത് കാണിക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ എന്നനിലയിൽ അതിൽ ഞാൻ അഭിമാനിക്കുന്നു. ആ കുട്ടികൾക്ക് രാഷ്ട്രീയമില്ല. എന്നാൽ, ഒരു സിദ്ധാന്തമുണ്ട്. അവർ നമ്മളോട് പറയുന്നു, 'ഞങ്ങൾ ഹിന്ദുക്കളാണ്. പക്ഷേ, നിങ്ങൾ പറയുന്ന ഹിന്ദുവല്ല'. മുസ്ലിങ്ങളും ഹിന്ദുക്കളും സന്ദിഗ്ധഘട്ടത്തിൽ തോളോടുതോൾചേർന്ന് കാവൽനിൽക്കുന്ന മതമാണ് അവരുടേത്. ഇങ്ങനെയുള്ള ഭാരതമാണ് നമുക്കുവേണ്ടത്. യഥാർഥ ഹിന്ദുമതം അതാണ്. ബി.ജെ.പി.യുടെ ഹിന്ദുമതം അതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്ട്രീയപ്രസ്ഥാനമാണ് കോൺഗ്രസ്. ബി.ജെ.പി.യുടെ വളർച്ചയിൽ ഹിന്ദുത്വശക്തികൾക്കും ജാതിപ്പാർട്ടികൾക്കും പിന്നിലായി ശോഷിക്കുകയാണ് കോൺഗ്രസ്. ഒരു തിരിച്ചുവരവ് വിദൂരമാണോ =മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കരുത് എന്നാണ് കോൺഗ്രസിന്റെ നയം. മുമ്പ് രാഹുൽഗാന്ധി ക്ഷേത്രത്തിൽ പോയപ്പോൾ കോൺഗ്രസ് മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പരാതിയുയർന്നു. തെറ്റാണത്. നിങ്ങൾക്ക് മതവിശ്വാസിയാവാം. പക്ഷേ, ആ വിശ്വാസം എങ്ങനെയെന്നാണ് പരിശോധിക്കേണ്ടത്. 'ഞാൻ എന്തുകൊണ്ട് ഹിന്ദുവായി' എന്ന എന്റെ പുസ്തകം വായിച്ചുനോക്കൂ. അതിൽ ഞാൻ പറയുന്ന ഹിന്ദുത്വം ബി.ജെ.പി. പറയുന്ന ഹിന്ദുത്വമല്ല. സ്വന്തം മതം ആചരിക്കുന്നതിലോ ക്ഷേത്രത്തിൽ പോകുന്നതിലോ തെറ്റുകാണണ്ട. നമ്മൾ കമ്യൂണിസ്റ്റല്ല, അതുകൊണ്ട് മതത്തിനെതിരുമല്ല. പക്ഷേ, നിങ്ങളുടെ മതം വേറെെയാരു മതത്തെ ദോഷകരമായി ബാധിക്കരുത്. അതാണ് എന്റെ ഹിന്ദുയിസം. ഈ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ആർക്കും സംശയമില്ല, സോഫ്റ്റോ ഹാർഡോ ഒന്നും ഇക്കാര്യത്തിലില്ല. പുതിയ ലോകക്രമത്തിൽ യൂറോപ്പിലുംമറ്റും വലതുപക്ഷശക്തികൾക്ക് വേരോട്ടമുണ്ടാവുകയും ഫാസിസത്തിന്റെ കടന്നുവരവിനെക്കുറിച്ച് അവിടെ ആശങ്കയുയരുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ പലരും കരുതുംപോലെ ഫാസിസം കടന്നുവരുകയാണോ =നോക്കൂ, എനിക്ക് ലേബിലുകൾ ഇഷ്ടമല്ല. ഫാസിസം, ജനാധിപത്യത്തെ കർശനമായി നിരാകരിക്കുന്നു. അവിടെ പ്രതിപക്ഷം എന്ന സംവിധാനമില്ല. വംശഹത്യയും കോൺസൻട്രേഷൻ ക്യാമ്പുകളും അതിന്റെ ഭാഗമാണ്. പക്ഷേ, നമുക്ക് ജനാധിപത്യമുണ്ട്. സ്വതന്ത്രമായ മാധ്യമങ്ങളും തിരഞ്ഞെടുപ്പുസംവിധാനവുമുണ്ട്. ഞാൻ എന്നും നല്ല പ്രതീക്ഷയുടെ വക്താവാണ്. ഫാസിസം വരുന്നുവെന്ന് പേടിച്ചാൽ പ്രതീക്ഷകൾ തകർന്നുപോവും. ഭാരതം എന്നത് ഇവിടത്തെ ജനങ്ങൾ നൽകിയ ജനാധിപത്യശക്തിയാണ്. അത് എല്ലാവരും മനസ്സിലാക്കണം. എങ്കിൽ, ഫാസിസത്തിന്റെ ഭീഷണിയെ തകർക്കാൻപറ്റും. ഇതൊക്കെ പറയുമ്പോഴും ചില അനർഥങ്ങൾ കാണാതിരുന്നുകൂടാ. ഫാസിസ്റ്റുകൾ ലോകത്തെ പഠിപ്പിച്ച ചില സൂചനകൾ ഇവിടെയും പരോക്ഷമായി കണ്ടുതുടങ്ങിയിരിക്കുന്നു. 'നിങ്ങൾ ഞങ്ങൾക്കെതിരാണെങ്കിൽ നിങ്ങൾ ഈ രാജ്യത്തിനെതിരാണ്' എന്നാണ് ബി.ജെ.പി. പറയുന്നത്. ഇത് ഒരുതരത്തിൽ ഫാസിസമാണ്. 'ഐഡന്റിഫിക്കേഷൻ ഓഫ് ദ നേഷൻ വിത്ത് ദ പാർട്ടി ആൻഡ് ദ പാർട്ടി വിത്ത് ദ ഇൻഡിവിജ്വൽ' എന്ന സമീപനം. നിങ്ങൾ എങ്ങനെ മോദിയെ എതിർക്കും? കാരണം, മോദിയെ എതിർക്കുമ്പോൾ നിങ്ങൾ ഭാരതത്തെ എതിർക്കുന്നു എന്ന തരത്തിൽ. തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമാണ്. പക്ഷേ, പലപ്പോഴും സർക്കാർ താത്പര്യങ്ങൾക്കുവേണ്ടി അതിനെ ഉപയോഗിച്ചില്ലേ എന്ന സംശയം തോന്നുന്നുണ്ട്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഒരേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഉത്തരാഖണ്ഡിൽ ആദ്യം പ്രഖ്യാപിക്കുക. പിന്നെ ഗുജറാത്തിൽ കോടികളുടെ വികസനം പ്രഖ്യാപിക്കുക. ശേഷം അവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസം നഷ്ടപ്പെടുത്തുന്നതല്ലേ. മാധ്യമങ്ങളെയും കെട്ടിയിടാൻ ശ്രമിക്കുന്നുണ്ട്. തങ്ങൾക്കെതിരായ വാർത്തകൾ വരുമ്പോൾ ഒറ്റ ഫോൺകോളിൽ പത്രത്തിന്റെ ഉടമസ്ഥർക്ക് ഭീഷണിയുണ്ടാവുന്നു. ഈ സർക്കാരിന്റെ അടുപ്പമുള്ള വ്യക്തികളുടെ അഴിമതി വാർത്തകൾ വന്നാൽ ആ വാർത്തകളുടെ വെബ്സൈറ്റേ കാണില്ല. ഇതൊക്കെ അക്ഷരാർഥത്തിൽ ഫാസിസമെന്ന് ഞാൻ ഇപ്പോൾ വിളിക്കുന്നില്ലെങ്കിലും ഒരുതരം അതോറിറ്റേറിയനിസമാണ്. Content Highlights;interview with shashi tharoor on citizenship amendment act


from mathrubhumi.latestnews.rssfeed https://ift.tt/2SxgFhh
via IFTTT