Breaking

Tuesday, December 31, 2019

മരട് ഫ്ലാറ്റുകൾ വീഴ്ത്താൻ 650 കിലോ സ്‌ഫോടകവസ്തുക്കൾ എത്തി

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള 650 കിലോ സ്ഫോടക വസ്തുക്കൾ എത്തി. ഇനിയും വരാനുണ്ട്. മൂന്ന് ഫ്ളാറ്റുകൾ തകർക്കുന്ന എഡിഫിസ് കമ്പനിക്കു വേണ്ടി 150 കിലോയും ആൽഫ സെറീൻ തകർക്കുന്ന വിജയ് സ്റ്റീൽസിനു വേണ്ടി 500 കിലോയും എമൽഷൻ സ്ഫോടക വസ്തുക്കളാണ് നാഗ്പുരിൽനിന്ന് എത്തിച്ചിട്ടുള്ളത്. എഡിഫിസിന്റേത് അങ്കമാലി മഞ്ഞപ്രയിലും വിജയ് സ്റ്റീൽസിന്റേത് മൂവാറ്റുപുഴയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. എഡിഫിസിനായി 13,500 മീ. ഡിറ്റണേറ്റിങ് ഫ്യൂസും (സ്ഫോടകവസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന വയർ) എത്തിച്ചു. മൂന്നിനോ നാലിനോ ഹോളിഫെയ്ത്ത്, ജെയിൻ, കായലോരം എന്നീ ഫ്ലാറ്റുകളിൽ എഡിഫിസ് കമ്പനി സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങും. ആൽഫയിലെ സ്ഫോടകവസ്തു നിറയ്ക്കൽ ആറിനേ തുടങ്ങൂ. ഇടഭിത്തികൾ നീക്കുന്നത് പൂർത്തിയാകാത്തതാണ് കാരണം. സ്ഫോടനം നടത്തുന്നതിനുള്ള എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) തിങ്കളാഴ്ച ജില്ലാ കളക്ടർ എസ്. സുഹാസ് കമ്പനികൾക്ക് നൽകി. ഇത് ഇവർ ചൊവ്വാഴ്ച പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) ക്ക് നൽകും. ഇവരാണ് സ്ഫോടനത്തിന് അനുമതി നൽകുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഫ്ലാറ്റുകൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തും. ആശങ്കയുള്ള നാട്ടുകാരോട് സംസാരിച്ച് അവരെ വിശ്വാസത്തിലെടുക്കുമെന്നും ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. ഐ.ഐ.ടി. സംഘം നാലിന് എത്തിയേക്കും : ഫ്ളാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം നാലാം തീയതി എത്തിയേക്കും. ഭൂമിയിലുള്ള പ്രകമ്പനം സെക്കൻഡിൽ 25 മി.മീറ്ററിൽ ഒതുങ്ങുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എങ്കിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ല. ഫ്ളാറ്റ് ഒന്നിച്ച് വീഴ്ത്താതെ മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഘട്ടം ഘട്ടമായി വീഴ്ത്തുന്നതിനാൽ ഭൂമിയിലെ പ്രകമ്പനം കുറയ്ക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രകമ്പനം ഉണ്ടാകുമ്പോൾ സ്രോതസ്സിൽനിന്നുണ്ടാകുന്ന തരംഗം ഭൂമിയിലെ കണികകളിൽ ചലനമുണ്ടാക്കുന്നത് എത്രയെന്നാണ് അളക്കുന്നത്. ചലനത്തിന്റെ പരമാവധി വേഗം പീക്ക് പാർട്ടിക്കിൾ വെലോസിറ്റി (പി.പി.വി.) എന്നറിയപ്പെടുന്നു. ഇത് അളക്കുന്നത് മില്ലിമീറ്റർ/സെക്കൻഡിലാണ്. Content Highlights:maradu flat demolition


from mathrubhumi.latestnews.rssfeed https://ift.tt/2QEysAO
via IFTTT