ന്യൂഡൽഹി: തിരുവനന്തപുരം-ഗുവാഹാട്ടിയുൾപ്പെടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിച്ചേക്കും. റൂട്ടുകൾ സ്വകാര്യവത്കരിച്ചുകൊണ്ടുള്ള പുനഃസംഘടനാപദ്ധതിക്ക് ധനമന്ത്രാലയത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത അവലോകന സമിതി (പി.പി.പി.എ.സി.) തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നോ നാലോ സ്വകാര്യ ഓപ്പറേറ്റർമാരെ കണ്ടെത്താൻ രണ്ടാഴ്ചയ്ക്കകം ടെൻഡർ വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ അനുമതിനൽകും. യാത്രാനിരക്കും സാങ്കേതികവിദ്യയുമെല്ലാം നടത്തിപ്പുകാർ തീരുമാനിക്കും. തിരുവനന്തപുരം-ഗുവാഹാട്ടി റൂട്ടിനുപുറമേ മുംബൈയിൽനിന്ന് കൊൽക്കത്ത, ചെന്നൈ, ഗുവാഹാട്ടി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും ന്യൂഡൽഹിയിൽനിന്ന് കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലും ചെന്നൈ-ജോധ്പുർ പാതയിലും സ്വകാര്യവണ്ടികൾ ഓടും. റൂട്ടുകളിലെ വരുമാനമാണ് സ്വകാര്യവത്കരണത്തിനു മുഖ്യ മാനദണ്ഡമാക്കുന്നത്. സ്വകാര്യവത്കരിക്കുന്ന 100 റൂട്ടുകളിൽ 35 എണ്ണവും ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്നതാണ്. മുംബൈയിലേക്ക് 26, കൊൽക്കത്തയിലേക്ക് 12, ചെന്നൈയിലേക്ക് 11, ബെംഗളൂരുവിലേക്ക് എട്ട് എന്നിങ്ങനെയാണ് സ്വകാര്യറൂട്ടുകൾ. മെട്രോ നഗരങ്ങൾക്കുപുറമേ ഗൊരഖ്പുർ-ലഖ്നൗ, കോട്ട-ജയ്പുർ, ചണ്ഡീഗഢ്-ലഖ്നൗ, വിശാഖപട്ടണം-തിരുപ്പതി, നാഗ്പുർ-പുണെ തുടങ്ങിയ റൂട്ടുകളും സ്വകാര്യവത്കരിക്കുന്നവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചില റൂട്ടുകളുടെ സ്വകാര്യവത്കരണവും റെയിൽവേ ബോർഡ് പുനഃസംഘടനയും ദീർഘകാലാടിസ്ഥാനത്തിൽ റെയിൽവേയ്ക്കു ഗുണകരമാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് ഇംഗ്ലീഷ് പത്രത്തിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു. Content Highlights:Railway Thiruvananthapuram - Guwahati
from mathrubhumi.latestnews.rssfeed https://ift.tt/2u5qhG5
via
IFTTT