Breaking

Saturday, December 28, 2019

രാഹുൽ ഈ വർഷത്തെ വലിയ നുണയനെന്ന് ബി.ജെ.പി.

ന്യൂഡൽഹി: ദേശീയ ജനസംഖ്യാപ്പട്ടികയെ (എൻ.പി.ആർ.) നോട്ട് അസാധുവാക്കലിനോട് ഉപമിച്ച രാഹുൽഗാന്ധി ഈ വർഷത്തെ ഏറ്റവുംവലിയ നുണയനാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. എൻ.പി.ആറിന് പണമിടപാടുമായി ബന്ധമില്ലെന്നും നികുതിചുമത്തുന്നത് കോൺഗ്രസ് സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.പി.ആറും ദേശീയ പൗരത്വപ്പട്ടികയും പാവപ്പെട്ടവരെ കഷ്ടത്തിലാക്കുന്ന നടപടികളാണെന്നും നോട്ട് അസാധുവാക്കിയപ്പോൾ ഉണ്ടായപോലുള്ള ദുരിതം അവർ അനുഭവിക്കുമെന്നുമാണ് രാഹുൽ പറഞ്ഞത്. നികുതിയെന്നതിനൊപ്പം ക്ലേശമെന്നും ദുരിതമെന്നുമൊക്കെ അർഥം വരുന്ന 'ടാക്സ്' എന്ന വാക്കാണ് രാഹുൽ ഉപയോഗിച്ചത്. ഇതിനെ നികുതിയെന്ന് വ്യാഖ്യാനിച്ചാണ് ബി.ജെ.പി. പ്രതികരിച്ചത്. എൻ.പി.ആറിന് പണമിടപാടുമായി ബന്ധമില്ല. സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ അതിലെ വിവരങ്ങൾ ഉപയോഗിക്കും. 2010-ലും അത് ചെയ്തിരുന്നുവെന്ന് ജാവഡേക്കർ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്നകാലത്ത് ജയന്തി ടാക്സ്, 2ജി ടാക്സ്, ജീജാജി (അളിയൻ) ടാക്സ് എന്നിവയെല്ലാമുണ്ടായിരുന്നെന്നും ജാവഡേക്കർ പരിഹസിച്ചു. ജയന്തി നടരാജൻ പരിസ്ഥിതിമന്ത്രിയായിരിക്കെ പാരിസ്ഥിതികപദ്ധതികൾക്ക് അനുമതി നൽകാൻ തടസ്സങ്ങളുണ്ടാക്കുമായിരുന്നുവെന്ന ആരോപണമാണ് ജയന്തി ടാക്സ് എന്നറിയപ്പെട്ടത്. യു.പി.എ. സർക്കാരിന്റെ കാലത്ത് നടന്ന 2ജി അഴിമതിയും പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമാണ് യഥാക്രമം 2ജി, ജീജാജി ടാക്സ് എന്ന് ജാവഡേക്കർ ഉദ്ദേശിച്ചത്. കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് രാഹുൽ ഗാന്ധിക്ക് എന്തുനുണയും പറയാമായിരുന്നു. ഇപ്പോൾ അധ്യക്ഷനല്ലാതായിട്ടും നുണപറച്ചിൽ തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ നുണയനെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത് രാഹുലിനുകിട്ടും. അദ്ദേഹത്തിന്റെ പാർട്ടിക്കും രാജ്യത്തിനുമെല്ലാം അപമാനമുണ്ടാക്കുന്ന നുണകളാണ് രാഹുൽ പറയുന്നതെന്നും മന്ത്രി ആരോപിച്ചു. Content highlights:Rahul Gandhi BJP


from mathrubhumi.latestnews.rssfeed https://ift.tt/2MB4ImT
via IFTTT