Breaking

Saturday, December 28, 2019

തണുത്തുവിറച്ച് ഡൽഹി; നൂറ്റാണ്ടിലെ ഏറ്റവും തണുത്ത രണ്ടാം ഡിസംബർ

ന്യൂഡൽഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവർഷത്തിനിടെ ഡൽഹിയിലെ പകൽത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടർച്ചയായ 14 ദിവസമായി ഡൽഹിയിൽ കൊടുംതണുപ്പാണ്. ഡൽഹിയിൽ 4.2 ഡിഗ്രി സെൽഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെൽഷ്യസും. തണുപ്പിനു കാരണം ശരാശരി കൂടിയ താപനില താഴ്ന്നതാണ് പകൽ തണുപ്പ് കഠിനമാകാൻ കാരണം. 19.84 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറിൽ ഇത് 19.8 ഡിഗ്രി സെൽഷ്യസായിരുന്നു. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997-ലാണ്. 17.3 ഡിഗ്രി സെൽഷ്യസാണ് അന്നു രേഖപ്പെടുത്തിയത്. മഴയെത്തിയാൽ കൂടും ചൊവ്വാഴ്ചമുതൽ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിൽ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മഴ പെയ്താൽ തണുപ്പിന്റെ കാഠിന്യമേറും. തീവണ്ടികൾ വൈകി കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് തലസ്ഥാനത്തേക്കുള്ള 21 തീവണ്ടികൾ മണിക്കൂറുകൾ വൈകി. ഉത്തരേന്ത്യ വിറയ്ക്കുന്നു * ഹരിയാണയിലെ ഹിസാർ: കുറഞ്ഞ താപനില 0.3 ഡിഗ്രി. * പഞ്ചാബിലെ ബട്ടിൻഡ: 2.8 ഡിഗ്രി. * ചണ്ഡീഗഢ്: 8.8 ഡിഗ്രി. * രാജസ്ഥാനിലെ ഫത്തേപുർ: മൈനസ് മൂന്ന് ഡിഗ്രി. * ജമ്മുകശ്മീരിലെ ശ്രീനഗർ: മൈനസ് 5.6 ഡിഗ്രി; പഹൽഗാം: മൈനസ് 12 ഡിഗ്രി. * ലഡാക്ക്: മൈനസ് 20 ഡിഗ്രി. * ഡൽഹി, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഞായറാഴ്ചവരെ ഓറഞ്ച് ജാഗ്രത (കൊടുംതണുപ്പ്) പ്രഖ്യാപിച്ചിട്ടുണ്ട്. Content highlights:New Delhi Cold


from mathrubhumi.latestnews.rssfeed https://ift.tt/37jgpXA
via IFTTT