ജനാധിപത്യത്തിൽ വിശുദ്ധ പശുക്കളില്ല ( ഗോമാതാവ് ക്ഷമിക്കട്ടെ! ). പശുവിനെ പശുവാണെന്നും പുലിയെ പുലിയാണെന്നും ആട്ടിൻ തോലണിഞ്ഞാണ് ചെന്നായ വന്നിട്ടുള്ളതെങ്കിൽ ആ തോല് ഉരിഞ്ഞുമാറ്റി ചെന്നായ ചെന്നായ തന്നെയാണെന്നും പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം , അതാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ഈ ആത്മാവാണ് രാഹുൽഗാന്ധിയുടെ വാക്കുകളിൽ പ്രകാശിച്ചത്. ഈ ആത്മാവ് തന്നെയാണ് ശിവസേനയുടെ വിമർശനത്തിലും പ്രസന്നഭരിതമാവുന്നത്. വിനായക് ദാമോദർ സവർക്കർ ശിവസേനയ്ക്കും ബിജെപിക്കും ദൈവമായിരിക്കാം. പക്ഷേ, എല്ലാവരും എല്ലാ ദൈവങ്ങളിലും വിശ്വസിക്കണമെന്നില്ല. കോൺഗ്രസിന്റെ ദൈവങ്ങളായഗാന്ധിജിയും നെഹ്രുവും എത്രയോ നിശിതമായി വിമർശിക്കപ്പെട്ടിരിക്കുന്നു. അംബദ്കറും ഗാന്ധിയും തമ്മിലുള്ള ആശയ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈടുവെയ്പുകളാണ്. ഗാന്ധിയും ടാഗോറും തമ്മിലുള്ള വിയോജന സംവാദങ്ങളുംഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ടു മാത്രമേ കൊണ്ടുപോയിട്ടുള്ളു. ഗാന്ധിജി ചോരയും നീരുമുള്ള മനുഷ്യനാണെന്നും മനുഷ്യർക്ക് തെറ്റു പറ്റുക സ്വാഭാവികമാണെന്നുമുള്ള പ്രകൃതി സത്യം നിഷേധിക്കേണ്ട കാര്യവുമില്ല. തെറ്റുകൾ തുറന്നു പറഞ്ഞും തിരുത്തിയുമാണ് ഗാന്ധിജി ഈ ഭൂമിയിൽ ജിവിച്ചത്. സവർക്കറെ രാഹുൽഗാന്ധി വിമർശിക്കുമ്പോൾ അതുകൊണ്ടുതന്നെ ലോകം ഇല്ലാതാവുകയോ ആകാശം ഇടിഞ്ഞുവീഴുകയോ ചെയ്യുന്നില്ല. സവർക്കർ ആന്തമാൻ ജയിലിൽ ബ്രിട്ടീഷുകാരാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആന്തമാൻ സെല്ലുലാർ ജയിലിലെ ജീവിതം നരകതുല്യമായിരുന്നുവെന്നതിലും സംശയമില്ല. സവർക്കർ ഹിന്ദുത്വയുടെ ആചാര്യനും വഴികാട്ടിയുമാണ്. ദയ തോന്നി തന്നെ ജയിലിൽ നിന്നും മോചിപ്പിച്ചാൽ ബ്രിട്ടീഷ് സർക്കാരിനോട് വിധേയനായിരിക്കും എന്ന് വ്യക്തമാക്കി ഇതേ സവർക്കർ തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതിയിട്ടുണ്ടെന്നതും ചരിത്ര സത്യമാണ്. ഈ കത്താണ് കഴിഞ്ഞ ദിവസം രാഹുൽഗാന്ധി ഡൽഹിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. സത്യം വിളിച്ചുപറഞ്ഞതിന് മാപ്പു പറയില്ലെന്നും അങ്ങിനെ പറയാൻ തന്റെ പേര് സവർക്കറല്ലെന്നുമാണ് രാഹുൽ പറഞ്ഞത്. രാജ്യത്തെ മൊത്തത്തിൽ തകർത്തുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമാണ് മാപ്പു പറയേണ്ടതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങളിൽ മാപ്പു പറയുക തന്നെ വേണം. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിന് ഗലീലിയോയെ പീഡിപ്പിച്ചതിനും കുട്ടികളുടെ നേർക്ക് പുരോഹിതർ നടത്തിയ ലൈംഗിക ആക്രമണങ്ങൾക്കും കത്തോലിക്ക സഭ മാപ്പു പറഞ്ഞതോർക്കുക. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സർക്കാർ മാപ്പു പറഞ്ഞതും മറക്കാനാവില്ല. സിഖ് കൂട്ടക്കൊലയ്ക്ക് സോണിയാ ഗാന്ധിയും മൻമോഹൻസിങ്ങും മാപ്പു പറയുന്നതും ഇന്ത്യ കണ്ടു. പക്ഷേ, ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് മാപ്പു പറയേണ്ടവർ ഇനിയും മാപ്പു പറഞ്ഞിട്ടില്ല. പറയേണ്ട മാപ്പ് പറയാതെ പോവുകയുംപറയരുതാതിരുന്ന മാപ്പു പറയുകയും ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുമ്പോൾനെറ്റിചുളിച്ചിട്ട് കാര്യമില്ല. ജയിലിൽ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തോട് അപേക്ഷിച്ച പിതാവിനോട് തനിക്കങ്ങിനെ ഒരു മോചനം ആവശ്യമില്ലെന്ന് പറഞ്ഞ ഭഗത്സിങ് ഇവിടെ ഈ ഇന്ത്യയിൽ തന്നെയാണ് ജീവിച്ചതെന്നതും നമ്മൾ മറക്കരുത്. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആർ എസ് എസ് നേതാവ് ബാലസാഹെബ് ദേവറസ്എഴുതിയ കത്തുകളും വിഖ്യാതമാണ് . അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇന്ദിര സർക്കാർ ചെയ്ത നടപടികളിലൊന്ന് ആർ എസ് എസ്സിനെ നിരോധിക്കുകയായിരുന്നു. ഈ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് 1975 ആഗസ്ത് 22ന് ദേവറസ് ഇന്ദിരയ്ക്ക് കത്തെഴുതിയത്. ഒരാഴ്ച മുമ്പ് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ദിര നടത്തിയ പ്രസംഗത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ആ കത്ത് ദേവറസ് തുടങ്ങിയത്. അടിയന്തരവാസ്ഥയ്ക്കെതിരെ ഒരു പരാമർശവും കത്തിലുണ്ടായിരുന്നില്ല. ആർ എസ് എസ്സിന്റെ നിരോധനം ഇല്ലാതാക്കുന്നതിന് ഇന്ദിരയോട് അപേക്ഷിക്കാതെ നിവൃത്തിയില്ലെന്ന് ദേവറസിന് തോന്നിയതിനെ കുറ്റപ്പെടുത്താനാവില്ല. സംഘടനയുടെ അതിജീവനമാണ് ഒരു നേതാവിന്റെ പരമമായ ലക്ഷ്യം. പക്ഷേ, അതിന് ദേവറസ് സ്വീകരിച്ച മാർഗ്ഗം ശരിയായിരുന്നോ എന്ന ചോദ്യമുയർത്താനുള്ള എല്ലാ സ്വാതന്ത്ര്യവും ജനാധിപത്യം ഉറപ്പു നൽകുന്നുണ്ട്. അടിയന്തരവാസ്ഥ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ നിഷേധമായിരുന്നു എന്ന വിമർശം ഈ ചോദ്യം കൊണ്ട് ഇല്ലാതാവുകയുമില്ല. സവർക്കറെ രാഹുൽ വിമർശിച്ചതിനെ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ കോൺഗ്രസ് - ശിവസേന - എൻ സി പി സർക്കാർ തകർന്നേക്കുമെന്ന് മനഃപായസമുണ്ണുന്നവരുണ്ട്. വിമർശനം അല്ലെങ്കിൽ വിയോജിപ്പ് ജനാധിപത്യത്തിന്റെ കൂടപ്പിറപ്പാണെന്ന് മനസ്സിലാകാത്തവർക്ക് എന്തു മനഃപ്പായസം വേണമെങ്കിലും കഴിക്കാം. ആശയ സമരങ്ങളാണ് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഡൽഹിയിലെ ബിർള ഹൗസിൽ ഗോഡ്സെ ചെയ്തത് ഇത്തരമൊരു ആശയ സംവാദത്തിലേർപ്പെടുകയായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമത ശബ്ദത്തിനു നേർക്ക് വെടിയുതിർക്കുകയാണ് ഗോഡ്സെ ചെയ്തത്. ഒരു ശബ്ദവുംഒരു നിലപാടും മാത്രം മതിയെന്നു കരുതുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ജനാധിപത്യം. പൗരത്വ ഭേദഗതി നിയമംവോട്ടിനിട്ടപ്പോൾ രാജ്യസഭയിൽ നിന്ന് ശിവസേന വിട്ടു നിന്നത് വലിയൊരു നിലപാട് മാറ്റമായിരുന്നു. ആശയ സമരങ്ങൾ അടിത്തറയാവുന്ന സഖ്യങ്ങളുടെ പ്രതിഫലനമാണ് ആ നിലപാട് മാറ്റത്തിൽ പ്രതിഫലിച്ചത്. ശിവസേനയെ തൊട്ടുകൂടാത്ത പാർട്ടിയായി കോൺഗ്രസ് കണ്ടിരുന്നെങ്കിൽ ഈ പുതിയ പരിസരം രൂപപ്പെടുമായിരുന്നില്ല. തർക്കങ്ങളെക്കുറിച്ചും വിയോജിപ്പുകളെക്കുറിച്ചും പറയുമ്പോൾ ശ്രീനാരായണ ഗുരുവിനെയും സഹോദരൻ അയ്യപ്പനെയും ഓർക്കാതിരിക്കാനാവില്ല. ഗുരുവിനെ നിഷേധിച്ചുകൊണ്ടാണ് അയ്യപ്പൻ തന്റെ ആശയ സമരവുമായി മുന്നോട്ടുപോയത്. ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞപ്പോൾ ശിഷയനായ അയ്യപ്പൻ പറഞ്ഞത് ജാതിയില്ല , മതമില്ല , ദൈവമില്ല മനുഷ്യന് എന്നാണ്. പക്ഷേ, ഈ ശിഷ്യനെ തള്ളിപ്പറയുകയല്ല ചേർത്തു നിർത്തുകയാണ് ഗുരു ചെയ്തത്. അയ്യപ്പൻ ദൈവ നിഷേധിയാണെന്ന് പറഞ്ഞവരോട് അയ്യപ്പന്റെ ചെയ്തികളിൽ ദൈവമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഗുരു. പുര കത്തുമ്പോൾ വാഴ വെട്ടാം എന്ന് കരുതുന്നവർക്ക് എരിതീയിൽ എണ്ണയൊഴിക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ഇതൊന്നും പഥ്യമാവില്ല. അവനവൻ ചെയ്യുന്നത് അപരന് ഗുണമാവണമെന്ന തത്വവിചാരം അവർക്കന്യമാണ്. അപരനെ സൃഷ്ടിക്കുകയും എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർഅപരരാണെന്ന് വരുത്തിത്തീർക്കുകയുമാണ് അവരുടെ ഇഷ്ടവിനോദം. ഈ വിനോദത്തിനുള്ള വിലയാണ് ഇന്ത്യ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനുള്ള പ്രതിവിഷം ജനാധിപത്യം തന്നെയാണ്. ഇന്ത്യയിലെ ഓരോ തെരുവിലും ഈ പ്രതിവിഷം ലഭ്യമാക്കുകയെന്ന വെല്ലുവിളിയാണ് ജനാധിപത്യ വിശ്വാസികൾ നേരിടുന്നത്. വഴിയിൽ കേട്ടത് : കാൺപൂരിലെ അടൽഘട്ടിൽ പടവുകൾ കയറവെ പ്രധാനമന്ത്രി മോദി വീണു. ഇതിനു മുമ്പ് മോദിജിയെ ഇങ്ങനെ കണ്ടത് പാർലമെന്റിനു മുന്നിലാണ്. അന്നദ്ദേഹം വീഴുകയായിരുന്നില്ല നമസ്കരിക്കുകയായിരുന്നു. കാലം ചിലപ്പോൾ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാവാം. content highlights:I am not Rahul Savarkar, Rahul Gandhi statement, analytical article
from mathrubhumi.latestnews.rssfeed https://ift.tt/2sopbnP
via
IFTTT