വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിമറികടക്കാൻ ഇന്ത്യ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ആവശ്യപ്പെട്ടു. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റ് ഘടകങ്ങളും ഇന്ത്യയുടെ വളർച്ചയ്ക്ക് തടയിട്ടതായി ഐഎംഎഫിന്റെ വാർഷിക അവലോകനത്തിൽ പറഞ്ഞു. ഇന്ത്യയിപ്പോൾ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലാണെന്ന് ഐഎംഎഫ് ഏഷ്യാ-പസഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനും ഉയർന്ന വളർച്ചാപാതയിലേക്ക് മടങ്ങുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎഫ് അസി.ഡയറക്ടർ റാനിൽ സൽഗാഡൊ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ ബാങ്ക് നിരക്കുകൾ ഇനിയും കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും വളർച്ചയെ സഹായിക്കുന്നതിനുള്ള നിക്ഷേപം വർദ്ധിപ്പിക്കാൻ സർക്കാരിന് പരിമതമായ ഇടമുണ്ട്. ഇന്ത്യയിലെ പ്രതിസന്ധിയിൽ ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യയിലുള്ളത്. ഇതിൽ നിന്ന് മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്നും അവർ പറഞ്ഞിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം അഞ്ചു തവണയാണ് നിരക്കുകൾ കുറച്ചത്. ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിരക്കുകൾ കുറച്ചിട്ടും കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ലെന്നായിരുന്നു ഈ മാസം നടത്തിയ അവലോകനത്തിൽ പറഞ്ഞത്. വാർഷിക വളർച്ചാ നിരക്ക് മുൻനിശ്ചയിച്ച6.1 ൽ നിന്ന് അഞ്ച് ശതമാനമായും റിസർവ് ബാങ്ക് കുറച്ചിരുന്നു. Content Highlights:IMF Calls For Urgent Action By India Amid Economic Slowdown
from mathrubhumi.latestnews.rssfeed https://ift.tt/2ZjID1h
via
IFTTT