Breaking

Friday, December 3, 2021

കരിയറിലെ 800-ാം ഗോള്‍ നേടി റൊണാള്‍ഡോ, ആഴ്‌സനലിനെ തകര്‍ത്ത് യുണൈറ്റഡ്

മാഞ്ചെസ്റ്റർ: ചരിത്ര നേട്ടവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ ആഴ്സനലിനെ തകർത്ത് മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ചുവന്ന ചെകുത്താന്മാർ ഗണ്ണേഴ്സിനെ കീഴടക്കിത്. മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തം പേരിലാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ റൊണാൾഡോ കരിയറിലെ ഗോൾനേട്ടം 801 ആയി ഉയർത്തി. ടോപ് ലെവൽ ഫുട്ബോളിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് റൊണാൾഡോ സ്വന്തമാക്കി. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ്, സ്പോർട്ടിങ് ലിസ്ബൺ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് റൊണാൾഡോ 800 ഗോളുകൾ അടിച്ചുകൂട്ടിയത്. യുണൈറ്റഡിനുവേണ്ടി 130 ഗോളുകളും റയലിനുവേണ്ടി 450 ഗോളുകളും നേടിയ റൊണാൾഡോ ദേശീയകുപ്പായത്തിൽ 115 ഗോളുകൾ അടിച്ചുകൂട്ടി. യുവന്റസിന് വേണ്ടി 101 ഗോളുകളും സ്പോർട്ടിങ് ലിസ്ബണ് വേണ്ടി അഞ്ച് ഗോളുകളും നേടാൻ താരത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം, ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയത താരം എന്നീ റെക്കോഡുകൾ റൊണാൾഡോ ഇതിനോടകം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബ്രസീൽ ഇതിഹാസം പെലെയും റൊമാരിയോയും ആയിരത്തിലധികം ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അതിൽ പലതും സൗഹൃദ മത്സരങ്ങളിൽ നിന്നായിരുന്നു. സൗഹൃദ മത്സരങ്ങളുടെ കണക്കുകൾ ഒഴിവാക്കുമ്പോൾ പെലെയുടെ ഗോൾ നേട്ടം 769 ആയി കുറയും. മെസ്സിയുടെ പേരിൽ 756 ഗോളുകളുണ്ട്. 💯💯💯💯💯💯💯💯@Cristiano is out of this world 🌍#MUFC pic.twitter.com/UaQjnCUNH0 — Manchester United (@ManUtd) December 2, 2021 ആഴ്സനലിനെ കീഴടക്കിയതോടെ മാഞ്ചെസ്റ്റർ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരിച്ചെത്തി. താത്കാലിക പരിശീലകൻ മൈക്കിൾ കാരിക്കിന്റെ കീഴിൽ കളിക്കാനിറങ്ങിയ യുണൈറ്റഡ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എമിൽ സ്മിത്ത് റോവിലൂടെ ആഴ്സനലാണ് മത്സരത്തിൽ ലീഡെടുത്തത്. എന്നാൽ 44-ാം മിനിട്ടിൽ ലക്ഷ്യം കണ്ട് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് വേണ്ടി സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ സ്കോർ 1-1 ആയിരുന്നു. രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പാസിലൂടെ ഗോളടിച്ച് റൊണാൾഡോ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. പിന്നാലെ മാർട്ടിൻ ഒഡെഗാർഡിലൂടെ ആഴ്സനൽ തിരിച്ചടിച്ചതോടെ മത്സരം 2-2 എന്ന നിലയിലായി. എന്നാൽ 70-ാം മിനിട്ടിൽ ഫ്രെഡിനെ ബോക്സിനകത്ത് വീഴ്ത്തിയതിന്റെ ഫലമായി യുണൈറ്റഡിന് പെനാൽട്ടി ലഭിച്ചു. കിക്കെടുത്ത റൊണാൾഡോയ്ക്ക് പിഴച്ചില്ല. ഗോൾകീപ്പർ റാംസ്ഡാലിനെ കബിളിപ്പിച്ച റൊണാൾഡോ വലകുലുക്കി. മത്സരം യുണൈറ്റഡ് സ്വന്തമാക്കി. വിജയത്തോടെ കാരിക്ക് പരിശീലകന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങി. ഈ വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നു. കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്. മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ കീഴടക്കി. സൺ ഹ്യുങ് മിൻ ടോട്ടനത്തിനായി വലകുലുക്കിയപ്പോൾ സെർജി കാനോസിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. Content Highlights: Cristiano Ronaldo scored 800th career goal as United beat Arsenal


from mathrubhumi.latestnews.rssfeed https://ift.tt/3Ep0iZh
via IFTTT