Breaking

Friday, October 29, 2021

പ്രവേശനോത്സവത്തിന് മൂന്നുനാൾ; ഇരുമനസ്സോടെ രക്ഷിതാക്കൾ

തിരുവനന്തപുരം: കഥയും പാട്ടും കവിതയുമായി കുട്ടികളെ ക്ലാസിലേക്ക് വരവേൽക്കാൻ ഇനി മൂന്നുദിവസം മാത്രം. മക്കളെ സ്കൂളിലേക്ക് അയക്കണോ എന്നതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് ഇരുമനസ്സാണ്. ലോവർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് താത്പര്യക്കുറവ്. ഉയർന്ന ക്ലാസിൽ പഠിക്കുന്നവരുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ക്ലാസ് ആരംഭിക്കണമെന്ന പക്ഷക്കാരാണ്. ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളുമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. നവംബർ 15മുതൽ എട്ട്, ഒൻപത് ക്ലാസുകൾ ആരംഭിക്കും. ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിനുശേഷമേ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതുസംബന്ധിച്ച് തീരുമാനമുണ്ടാവൂ. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ കുട്ടികളെ ക്ലാസിൽ വരാൻ അനുവദിക്കാവൂവെന്ന് സർക്കാർ നിർദേശമുണ്ട്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സമ്മതപത്രം അയക്കണമെന്ന് നിർദേശം നൽകിയിട്ടും ചെറിയൊരുശതമാനം രക്ഷിതാക്കൾമാത്രമേ പ്രതികരിച്ചുള്ളൂവെന്ന് അധ്യാപകർ പറയുന്നു. രക്ഷിതാക്കൾക്ക് ചെലവേറും കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കേണ്ട അധിക വാഹനച്ചെലവും രക്ഷിതാക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി നല്ലൊരുതുക െചലവുവരുമെന്നതിനാൽ സ്കൂൾ ബസുകളിൽ അധികവും പുറത്തിറക്കിയിട്ടില്ല. ഓട്ടോയിലും കുട്ടികളെ കൊണ്ടുപോകുന്നതിൽ നിയന്ത്രണമുണ്ടെന്നതിനാൽ നല്ലൊരു തുക ചെലവാകും. ബസ് ഓൺ ഡിമാൻഡ് പ്രകാരം കെ.എസ്.ആർ.ടി.സി. ബസ് ലഭ്യമാകുമോയെന്ന് പല സ്കൂളുകളും അന്വേഷിച്ചിരുന്നു. എന്നാൽ, നിരക്ക് കേട്ടതോടെ പലരും പിന്മാറി. യൂണിഫോം വേണോ? സ്കൂൾ തുറക്കുമ്പോൾ യൂണിഫോം നിർബന്ധമില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർസ്കൂൾ ഉൾപ്പെടെ യൂണിഫോം നിർബന്ധമാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. കുട്ടികൾക്ക് രണ്ടു ജോടി വസ്ത്രം വാങ്ങാൻ കുറഞ്ഞത് 2000 രൂപയെങ്കിലും ചെലവാകും.


from mathrubhumi.latestnews.rssfeed https://ift.tt/3pKI5Rx
via IFTTT