കട്ടക്ക്: കട്ടക്കിൽ ഇതിനുമുമ്പ് കളിച്ച നാല് ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് നേടിയത് വെറും 34 റൺസ് മാത്രമാണ്. ആ പേരുദോഷമെല്ലാം ഞായറാഴ്ചത്തെ ഒരൊറ്റ മത്സരം കൊണ്ട് കോലി തീർത്തു. 31, 22, 1, 8 എന്നിങ്ങനെയായിരുന്നു ഞായറാഴ്ചത്തെ ഇന്നിങ്സിനു മുമ്പ് കട്ടക്കിലെ അവസാന നാല് ഏകദിനങ്ങളിലെ കോലിയുടെ സ്കോറുകൾ. ഇതുവരെ നേരിട്ടിരുന്നത് വെറും 33 പന്തുകൾ മാത്രവും. ഇതെല്ലാം ഒറൊറ്റ ഇന്നിങ്സോടെ കോലി മായ്ച്ചുകളഞ്ഞു. പരമ്പരയിൽ ആദ്യമായി ഫോമിലേക്കുയർന്ന കോലിയുടെ മികവിലാണ് മൂന്നാം ഏകദിനത്തിൽ വിൻഡീസിനെ നാലു വിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. 81 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ കോലി 85 റൺസെടുത്തു. കട്ടക്കിലെ ഇന്നിങ്സോടെ ഏകദിന റൺനേട്ടത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസിനെ മറികടന്ന് റൺവേട്ടക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തെത്താനും കോലിക്കായി. ഞായറാഴ്ചത്തെ ഇന്നിങ്സോടെ ഏകദിനത്തിൽ കോലിയുടെ അക്കൗണ്ടിൽ 11,609 റൺസായി. 11,579 റൺസോടെ കാലിസായിരുന്നു നിലവിൽ ഏഴാം സ്ഥാനത്ത്. ലിസ്റ്റ് എയിൽ 13000 റൺസെന്ന നേട്ടവും കോലിക്ക് കൈവന്നു. ഇൻസമാം ഉൾ ഹഖ് (11739), മഹേള ജയവർധനെ (12650), സനത് ജയസൂര്യ (13430), റിക്കി പോണ്ടിങ് (13704), കുമാർ സംഗക്കാര (14234), സച്ചിൻ തെണ്ടുൽക്കർ (18326) എന്നിവരാണ് ഇപ്പോൾ കോലിക്ക് മുന്നിലുള്ളത്. അതേസമയം കട്ടക്കിലെ മികച്ച പ്രകടനത്തോടെ ഈ കലണ്ടർ വർഷം രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. തുടർച്ചയായ നാലാം വർഷമാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. റൺവേട്ടയിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ പിന്നിലാക്കിയാണ് കോലി ഇത്തവണ ഈ നേട്ടം സ്വന്തമാക്കിയത്. Content Highlights:Virat Kohli pass Jacques Kallis to become 7th highest run getter in ODI history
from mathrubhumi.latestnews.rssfeed https://ift.tt/2ZfsPwJ
via
IFTTT