Breaking

Saturday, October 30, 2021

യു.എ.പി.എ.യിലെ സുപ്രീംകോടതി നിരീക്ഷണം; എൻ.ഐ.എ. പ്രതിരോധത്തിൽ

കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിൽ പ്രതികൾക്കു ജാമ്യം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ എൻ.ഐ.എ.യെ പ്രതിരോധത്തിലാക്കുന്നു. തീവ്രവാദ സംഘടനകൾക്കുള്ള കേവലപിന്തുണയുടെപേരിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ (യു.എ.പി.എ.) നിയമത്തിന്റെ 38, 39 വകുപ്പുകൾ ചുമത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞത് രാജ്യത്തെ പല കേസുകളെയും സാരമായി ബാധിക്കുന്നതാണ്. നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്തു കേസിന്റെ വിചാരണയെയും നിരീക്ഷണം വലിയതോതിൽ സ്വാധീനിച്ചേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് പല കേസുകളിലും എൻ.ഐ.എ. അനാവശ്യമായി യു.എ.പി.എ. ചുമത്തുന്നതായി ആരോപണമുണ്ടായിരുന്നു. പ്രതികൾക്കു ജാമ്യം നൽകുന്നത് തടയാനും കുറ്റപത്രം സമർപ്പിക്കുന്നതിൽ കൂടുതൽ സമയം ലഭിക്കാനും എൻ.ഐ.എ.യ്ക്ക് യു.എ.പി.എ. ഗുണകരമായിരുന്നു. സാധാരണ കേസുകളിൽ അറസ്റ്റുനടന്ന് അറുപതോ തൊണ്ണൂറോ ദിവസത്തിനകമാണ് കോടതിയിൽ കുറ്റപത്രം നൽകേണ്ടതെങ്കിൽ യു.എ.പി.എ. കേസുകൾക്ക് 180 ദിവസത്തെ സാവകാശം ലഭിക്കും. സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരേ യു.എ.പി.എ. ചുമത്തിയത് ശരിയല്ലെന്ന വാദത്തിനു ശക്തിപകരുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. തീവ്രവാദസംഘടനയുമായുള്ള കേവലബന്ധത്തിന്റെപേരിൽ 38, 39 വകുപ്പുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സംഘടനയുമായുള്ള ബന്ധവും പിന്തുണയും ഭാവിയിൽ തീവ്രവാദപരിപാടികൾ വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ മാത്രമാണ് ഈ വകുപ്പുകൾ ചുമത്തേണ്ടതെന്നും പറഞ്ഞിരുന്നു. യു.എ.പി.എ. ദുരുപയോഗം ചെയ്യരുത് രാജ്യദ്രോഹം എന്നത് രാജ്യത്തെ ഏറ്റവും വലിയ കുറ്റമാണ്. ഒരു പ്രതിയുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ അതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു വലിയ ഉത്തരവാദിത്വമുണ്ട്. അന്വേഷണം നടത്തി ശരിക്കും ബോധ്യപ്പെട്ടാൽ മാത്രമേ യു.എ.പി.എ. ചുമത്താവൂ. സമീപകാലത്ത് യു.എ.പി.എ. ചുമത്തുന്നതിൽ പലയിടത്തും പാളിച്ചകൾ പറ്റിയിട്ടുണ്ട്. - അഡ്വ. നിരീഷ് മാത്യു, നിയമവിദഗ്ധൻ


from mathrubhumi.latestnews.rssfeed https://ift.tt/3CAzqos
via IFTTT