Breaking

Saturday, December 7, 2019

പീഡനം തടയാം; ബെംഗളൂരു പോലീസിന്റെ സുരക്ഷ ആപ്പ് ജനപ്രിയമാകുന്നു

ബെംഗളൂരു: രാജ്യമെങ്ങും സ്ത്രീസുരക്ഷ ചർച്ചയാവുമ്പോൾ ബെംഗളൂരു പോലീസിന്റെ സ്ത്രീസുരക്ഷാ മൊബൈൽ ആപ്പ് ജനപ്രിയമാകുന്നു. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ബെംഗളൂരു സിറ്റി പോലീസിന്റെ (ബി.സി.പി.) സുരക്ഷ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടംതന്നെയുണ്ടായി. മൂന്നുദിവസത്തിനുള്ളിൽ 40,000 സ്ത്രീകളാണ് മൊബൈൽ ഫോണുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്തത്. 2017-ലാണ് ആപ്പ് പുറത്തിറക്കിയതെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. എന്നാൽ, സ്ത്രീസുരക്ഷ ചർച്ചയായപ്പോൾ പലരും ആപ്പിനെ തേടിയെത്തി. പോലീസിന്റെ ബോധവത്കരണവും സഹായകമായി. സുരക്ഷയ്ക്കായി ഒട്ടേറെ സംവിധാനമുണ്ടെങ്കിലും സുരക്ഷ ആപ്പ് ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ഒറ്റ ക്ലിക്കിൽ പോലീസിന്റെ കൺട്രോൾറൂമിൽ വിവരമെത്തിക്കാൻ കഴിയുന്നതാണ് ആപ്പിന്റെ നേട്ടം. ആൻഡ്രോയ്ഡ് ഫോണിൽ പ്ലേ സ്റ്റോറിൽനിന്ന് സുരക്ഷ ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പ് തുറക്കുമ്പോൾ കാണുന്ന ചുവന്ന ബട്ടണിൽ അമർത്തിയാൽ മിനിറ്റുകൾക്കുള്ളിൽ സഹായത്തിന് പോലീസെത്തും. ജി.പി.എസ്. സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രണ്ടു ഫോൺനമ്പറുകളും ഇതിൽ ചേർക്കാം. പോലീസിനൊപ്പം ഇവർക്കും സന്ദേശമെത്തും. ആപ്പിൽ വിരലമർത്തിയാൽ ഒമ്പതു മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്തെത്തും. നിലവിൽ ഒന്നരലക്ഷത്തോളം പേരാണ് ഫോണുകളിൽ സുരക്ഷ ആപ്പ് ഉപയോഗിക്കുന്നതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. 270 ഹൊയ്സാല പോലീസ് പട്രോളിങ് വാഹനമാണ് ബെംഗളൂരു പോലീസിനു കീഴിലുള്ളത്. 1200 ഇരുചക്രവാഹനങ്ങളുമുണ്ട്. ആപ്പിന്റെ വഴി • മൊബൈൽ ആപ്പിലെ ചുവന്ന ബട്ടണിൽ അമർത്തുമ്പോൾ പോലീസ് കൺട്രോൾറൂമിലേക്ക് സന്ദേശം പോകും. • ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകിയ രണ്ടുനമ്പറുകളിലേക്കും സന്ദേശങ്ങൾ ലഭിക്കും. • എവിടെനിന്നാണ് സഹായം ആവശ്യപ്പെട്ടതെന്ന് പോലീസ് കൺട്രോൾ റൂമിൽനിന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ജി.പി.എസ്. സംവിധാനവും മാപ്പുമാണ് ഇതിനു സഹായിക്കുന്നത്. • സഹായം ആവശ്യമുള്ളയാളുടെ ഏറ്റവും അടുത്തുള്ള പോലീസ് പട്രോളിങ് സംഘത്തിന്റെ വിവരങ്ങളും ജി.പി.എസ്. സംവിധാനത്തിലൂടെ പോലീസിനു ലഭിക്കും. തുടർന്ന് പട്രോളിങ് സംഘത്തിന് സഹായം ആവശ്യമുള്ളവരുടെ ഫോൺ നമ്പറും ലൊക്കേഷനും കൈമാറും. Content Highlights:bengaluru police suraksha app gives protection to women


from mathrubhumi.latestnews.rssfeed https://ift.tt/2DRxzyE
via IFTTT