Breaking

Friday, December 13, 2019

കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രന്‍; വിരട്ടല്‍ ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്ന് എ.എ.റഹീം

കോഴിക്കോട്: പൗരത്വഭേഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ചൊല്ലി ബിജെപി നേതാവ് കെ.സുരേന്ദ്രനും ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീമും തമ്മിൽ ഫെയ്സ്ബുക്ക് പോര്. പൗരത്വഭേഗഗതി നിയമം മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ മാത്രമല്ല കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അത്തരം വിരട്ടൽ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടിൽ വച്ചാൽ മതിയെന്നുമാണ് എ.എ.റഹീം ഇതിന് മറുപടി നൽകിയത്. കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ? എ. എ റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി. ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല തന്നെ. അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്. ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർഎസ്എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ല. ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങൾ. ഇന്ന് ഉത്തർപ്രദേശും മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ. കേരളം വേറെ ലെവലാണ് മിസ്റ്റർ. കേരളം തലയുയർത്തി നിൽക്കും. ഷൂസ് നക്കുന്നവർക്കൊപ്പമല്ല, നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് ഈ നാട്. നേരം വെളുക്കാത്തതും ബിജെപിക്കാർക്ക് മാത്രമാണ്. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കർഷകരെയും, വിദ്യാർഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകൾ കാണൂ... ജനങ്ങൾ തീയിട്ട ബിജെപി ഓഫീസുകൾ കാണൂ... രാജ്യം ഭരിക്കുന്നവർക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തിൽ.. വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.


from mathrubhumi.latestnews.rssfeed https://ift.tt/2rFCHTW
via IFTTT