തൃപ്പൂണിത്തുറ: മെട്രോ റെയിൽ പൈലിങ്ങിനിടെ പേട്ട പാലത്തിനു താഴെ പ്രകൃതിവാതക പൈപ്പ് ലൈൻ (സി.എൻ.ജി.) പൊട്ടി വാതകം വലിയ തോതിൽ ചോർന്നത് പരിഭ്രാന്തിയുണ്ടാക്കി. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള മെട്രോ റെയിലിനായി യന്ത്രം ഉപയോഗിച്ച് പൈലിങ് നടത്തിയ ഭാഗത്താണ് വാതകക്കുഴൽ പൊട്ടിയത്. ബുധനാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് സംഭവം. അപകടം ഒന്നുമില്ല.ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പൈപ്പ് ലൈനാണ് പൊട്ടിയത്. സംഭവമറിഞ്ഞ ഉടൻതന്നെ വാതക നീക്കം തടഞ്ഞതായി സ്ഥലത്തെത്തിയ അദാനി ഗ്യാസ് അധികൃതർ പറഞ്ഞു. പൈലിങ്ങിനായി ഇറക്കിയിരുന്ന വലിയ ഇരുമ്പുകുഴലിലൂടെ വാതകം അര മണിക്കൂറിലേറെ പുറത്തേക്ക് തള്ളി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കുഴലിലേക്ക് ഈ സമയം മുഴുവൻ വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു. സംഭവത്തെത്തുടർന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി. യാതൊരു വിധത്തിലുള്ള സുരക്ഷാ കാര്യങ്ങളും നോക്കാതെ പൈലിങ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ഭൂമിയുടെ പ്രതലത്തിൽനിന്ന് എട്ടു മീറ്റർ താഴെ താഴ്ത്തിയിരിക്കുന്ന നാല് ഇഞ്ചിന്റെ 25 ബാർ പ്രഷർ പൈപ്പാണ് പൊട്ടിയത്. കുണ്ടന്നൂരിൽനിന്ന് കരിങ്ങാച്ചിറയിലേക്കുള്ള പ്രകൃതി വാതക ലൈനാണിത്. വാതക പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഏറെ നേരം വൈറ്റില - തൃപ്പൂണിത്തുറ റോഡിൽ വാഹന ഗതാഗതം സ്തംഭിച്ചു. വലിയ അപകട സാധ്യതകളുള്ള എണ്ണക്കുഴലുകൾ പോകുന്നതും ഈ റോഡിനടിയിലൂടെയാണ്. പേട്ടയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് കെ.എം.ആർ.എൽ. മെട്രോ ലൈൻ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടേയുള്ളൂ. അപ്പോൾ തന്നെയാണ് വലിയ അപകടസാധ്യത തന്നെ ഉണ്ടായേക്കാവുന്ന വാതകക്കുഴൽ പൊട്ടിയതും വാതകം ചോർന്ന സംഭവം ഉണ്ടായതും.നിരന്തര നിരീക്ഷണം വേണംഎൽ.പി.ജി.യെ അപേക്ഷിച്ച് സി.എൻ.ജി. കത്തിപ്പിടിക്കുന്നതിനുള്ള സാധ്യത കുറവാണെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ജനറൽ മാനേജർ ടോണി മാത്യു പറഞ്ഞു. ഭാരം കുറവായതിനാൽ വാതകം അന്തരീക്ഷത്തിനു മുകളിലേക്ക് ഉയർന്നുപോകും. ഈ ലൈൻ ഇന്ത്യൻ ഓയിൽ-അദാനി ഗ്രൂപ്പിന്റെതാണ്. പണി നടക്കുന്ന ലൈനിൽ നിരന്തര നിരീക്ഷണം ഉണ്ടാകുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2reTDAA
via
IFTTT