Breaking

Sunday, September 1, 2019

പൗരത്വപട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനി ഒരവസരംകൂടി, പിന്നെയവര്‍ രാജ്യമില്ലാത്തവർ

ഗുവാഹാട്ടി: അസമിലെ അന്തിമപട്ടികയിൽ ഉൾപ്പെടാതെപോയ 19 ലക്ഷത്തിലേറെപ്പേരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവി. ഫോറിനേഴ്സ് ട്രിബ്യൂണൽ (എഫ്.ടി.) അപ്പീൽ തള്ളിയാൽ അവർക്ക് ഇന്ത്യൻ പൗരത്വമില്ലാതാകും. അനധികൃതമായി ഇന്ത്യയിൽ പാർക്കുന്നതിന്റെപേരിൽ അറസ്റ്റും തടവും നേരിടേണ്ടിവരും. അതിനെതിരേ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെങ്കിലും വിധിവരാൻ ഏറെ നാളെടുത്തേക്കും. എൻ.ആർ.സി.യിൽ പേരില്ലാത്തവർക്ക് അതിനെതിരേ ഫോറിനേഴ്സ് ട്രിബ്യൂണലുകളിൽ അപ്പീൽ നൽകാൻ 120 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി അസമിലെ 33 ജില്ലകളിലായി 1000 ഫോറിനേഴ്സ് ട്രിബ്യൂണലുകൾ (എഫ്.ടി.) സ്ഥാപിക്കും. ട്രിബ്യൂണലിൽ കേസുതോറ്റാൽ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാം. ഇതിനാവശ്യമായ നിയമസഹായം നൽകാമെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം. 1946-ലെ ഫോറിനേഴ്സ് നിയമത്തിലെ വ്യവസ്ഥകളും 1964-ലെ ഫോറിനേഴ്സ് ട്രിബ്യൂണൽ ഉത്തരവും പ്രകാരം വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കാനുള്ള അവകാശം എഫ്.ടി.ക്ക് മാത്രമേയുള്ളൂ. അതിനാൽ, എൻ.ആർ.സി.യിൽ ഉൾപ്പെട്ടിട്ടില്ല എന്നുവെച്ച് ഒരാളെ വിദേശിയായി പ്രഖ്യാപിക്കില്ലെന്ന് അസം അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരവും രാഷ്ട്രീയവും) കുമാർ സഞ്ജയ് കൃഷ്ണ പറഞ്ഞു. അന്തിമപട്ടികയിൽപ്പെടാതിരിക്കുകയും എഫ്.ടി.യിൽ കേസ് തോൽക്കുകയും ചെയ്താൽ അയാൾ അറസ്റ്റിലാവാനും തടവിലാകാനും സാധ്യതയുണ്ട്. 1951-ലെ പട്ടികയിലുള്ളവരുടെയോ 1971 മാർച്ച് 24 വരെയുള്ള വോട്ടർപട്ടികയിൽ പേരുള്ളവരുടെയോ കുടുംബാംഗങ്ങളാണെന്നു തെളിയിക്കുന്നവരാണ് എൻ.ആർ.സി.യിൽ ഉൾപ്പെടുക. അന്തിമപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ നൽകിയ രേഖകൾ ഇതുതെളിയിക്കാൻ മതിയായവയല്ലെന്ന് അധികൃതർ പറയുന്നു. ഇതേ സർട്ടിഫിക്കറ്റുകളുമായി ചെന്നാൽ എഫ്.ടി. അപ്പീൽ തള്ളാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ കൈയിലുള്ളതിലുമധികം രേഖകൾ ഇവർ സംഘടിപ്പിക്കേണ്ടിവരും. എൻ.ആർ.സി. പരിഷ്കരിക്കാനുള്ള സുപ്രീംകോടതി ഉത്തരവിലേക്കു നയിച്ച 1985-ലെ അസം ഉടമ്പടിക്കായി നിലകൊണ്ട ആസു (ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ) പട്ടികയിലില്ലാത്തവർ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും നാടുകടത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്. ബംഗ്ലാദേശാകട്ടെ ഇവരെ സ്വന്തം പൗരരായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ തടവിലിടാൻ അസമിൽ ആറു തടവറകൾ ഇപ്പോഴുണ്ട്. 3000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരെണ്ണംകൂടി പണിയാൻ പദ്ധതിയുണ്ട്. 'രാജ്യമില്ലാത്തവർ' എഫ്.ടി.യും കോടതിയും കൈയൊഴിഞ്ഞാൽ 19 ലക്ഷത്തിലേറെപ്പേർ പൗരത്വമില്ലാത്തവരാകും. 'രാജ്യമില്ലാത്തവർ' എന്ന വിഭാഗത്തിൽപ്പെടുന്ന ഇവരെ കൈകാര്യംചെയ്യാൻ ഇന്ത്യയ്ക്ക് വ്യക്തമായ നയമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ നൽകുന്ന വിവരം. ഇവർക്ക് ഇന്ത്യയിൽ വോട്ടവകാശമുണ്ടാവില്ല. ഇന്ത്യയിൽ തൊഴിലെടുക്കാനോ, വീടുണ്ടാക്കാനോ, വിദ്യാഭ്യാസം നേടാനോ, ചികിത്സതേടാനോ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. അതിനെ ഒരുവിഭാഗം എതിർക്കുകയും ചെയ്യുന്നു. മ്യാൻമാറിലെ റോഹിംഗ്യകളാണ് അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും വലിയ 'രാജ്യമില്ലാജനത'. Content Highlights:assam nrc list, one more chance for excluded persons


from mathrubhumi.latestnews.rssfeed https://ift.tt/2ZzQsUh
via IFTTT