മാൽമോ(സ്വീഡൻ): സ്വീഡനിലെ മാൽമോ സ്റ്റേഡിയത്തിനുമുന്നിൽ സ്ഥാപിച്ചിരുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ പ്രതിമയുടെ മൂക്ക് അക്രമികൾ മുറിച്ചു. പ്രതിമയ്ക്കെതിരേയുള്ള തുടർച്ചയായ അക്രമങ്ങളിൽ ഒടുവിലത്തേതാണ് സംഭവം. മുൻ മാൽമോ താരമായ ഇബ്രാഹിമോവിച്ച് തങ്ങളുടെ ചിരവൈരികളായ ഹമ്മർബിയിലിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മുൻ സ്വീഡിഷ് ഫുട്ബോൾ താരമായ ഇബ്രാഹിമോവിച്ച് 20 വർഷം മുമ്പ് പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചത് മാൽമോയിലൂടെയാണ്. പിന്നീട് അയാക്സ്, യുവന്റസ്, ഇന്റർമിലാൻ, ബാഴ്സലോണ, എ.സി. മിലാൻ, പി.എസ്.ജി., മാഞ്ചെസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചു. ഒക്ടോബറിലാണ് മാൽമോ സ്റ്റേഡിയത്തിന് മുന്നിൽ അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്തത്. അതിനിടെയാണ്, സ്വീഡിഷ് ചാമ്പ്യൻഷിപ്പിൽ മാൽമോയുടെ കടുത്ത എതിരാളികളായ ഹമ്മർബിയുടെ 25 ശതമാനം ഓഹരികൾ ഇബ്രാഹിമോവിച്ച് സ്വന്തമാക്കിയത്. ഇത് തങ്ങളുടെ ക്ലബ്ബിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് മാൽമോ ആരാധകർ ആരോപിക്കുന്നു. തൊട്ടുപിന്നാലെ പ്രതിമയ്ക്ക് കേടുപാടുണ്ടാക്കിയ അവർ, താരത്തിന്റെ സ്റ്റോക്ഹോമിലെ വീടിന്റെ വാതിലിൽ യൂദാസ് എന്ന് എഴുതിവെക്കുകയും ചെയ്തു. അതുകൊണ്ടും അരിശം തീർന്നിട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. നേരത്തെ ഇതേ പ്രതിമ അക്രമികൾ കത്തിച്ചിരുന്നു. Content Highlights:Nose of Zlatan Ibrahimovic statue in Malmo chopped off by angered fans
from mathrubhumi.latestnews.rssfeed https://ift.tt/375KQ3f
via
IFTTT