Breaking

Thursday, December 5, 2019

ഉല്ലാസിന്റെ വീട്ടിൽ ആദ്യം ഞെട്ടൽ; പിന്നെ ആശ്വാസം

കിളിമാനൂർ: ഇന്തോ-തിബറ്റൻ ബോർഡർ പോലീസ് അംഗമായ ഉല്ലാസിനു വെടിയേറ്റവിവരം അച്ഛൻ ശാർങ്‌ഗധരൻനായർ അറിഞ്ഞത് ജോലിസ്ഥലത്തു നില്ക്കുമ്പോൾ. കൂലിപ്പണിക്കാരനാണ് അദ്ദേഹം. ബുധനാഴ്ച പേരാപ്പിൽ കൃഷ്ണൻകുട്ടിയുടെ പറമ്പിലായിരുന്നു ജോലി.കിളിമാനൂർ സ്വദേശി ഉല്ലാസിന് ക്യാമ്പിൽെവച്ച് വെടിയേറ്റതായി ടെലിവിഷനിൽ വാർത്തകണ്ട സുഹൃത്താണ് ഉച്ചയ്ക്ക് 12.45-ഓടെ ശാർങ്‌ഗധരൻനായരെ വിവരം അറിയിച്ചത്. ഉടനേ ടെലിവിഷനുമുന്നിലേക്കോടി. മകന്റെ ജീവനപകടമില്ലെന്ന് അറിഞ്ഞപ്പോൾ ആശ്വാസമായി. എങ്കിലും ആരോഗ്യനില എങ്ങനെയുണ്ടെന്നറിയാൻ കഴിയാത്തതിൽ വേദനയുണ്ട്.ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ക്യാമ്പിൽനിന്നുളള ഫോൺവന്നു. ഹിന്ദിയിലായിരുന്നതുകൊണ്ട് പറഞ്ഞത് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും മകന് ആപത്തില്ലെന്നും ആശുപത്രിയിലാണെന്നും ആ സംഭാഷണത്തിൽനിന്നു വ്യക്തമായിരുന്നു.കിളിമാനൂർ പുളിമാത്ത് ഈട്ടിമൂട് പ്ലാക്കീഴ് ഉല്ലാസ്ഭവനിൽ ശാർങ്‌ഗധരൻനായർ-ബിന്ദു ദമ്പതിമാരുടെ മകനാണ് ഉല്ലാസ്. 12 വർഷമായി ഐ.ടി.ബി.പി.യിൽ ജോലി ചെയ്യുന്നു. രണ്ടുമാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. സെപ്തംബർ 20-നായിരുന്നു കൊല്ലം ചിതറ മുള്ളിക്കാട് സ്വദേശി ചിഞ്ചൽകൃഷ്ണയുമായി ഉല്ലാസിന്റെ വിവാഹം. ഒക്ടോബർ ആറിന് ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയി. അപകടമുണ്ടാകുമ്പോൾ ഏതു ക്യാമ്പിലാണ് ഉല്ലാസുണ്ടായിരുന്നതെന്നുപോലും ഇവർക്കാർക്കും അറിയില്ല. ശാർങ്‌ഗധരൻനായരും ഭാര്യ ബിന്ദുവും ഉല്ലാസിന്റെ ഭാര്യ ചിഞ്ചൽകൃഷ്ണയും ബന്ധുക്കളും വാർത്തയറിഞ്ഞശേഷം ടെലിവിഷനുമുന്നിലാണ്. രാജ്പുർ മെഡിക്കൽകോളേജിൽ മകനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വാർത്തയിൽ കണ്ടു. ഉല്ലാസുമായി സംസാരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്യാമ്പിൽ എന്താണുണ്ടായതെന്നും ഇവർക്കറിയില്ല. അങ്ങോട്ടേക്കു പോകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിയുന്നത്രവേഗം ഉല്ലാസുമായി സംസാരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണീ കുടുംബം.


from mathrubhumi.latestnews.rssfeed https://ift.tt/2Yigx62
via IFTTT