കാട്ടാക്കട: മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്കായിരുന്നു. സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മരിച്ച കാട്ടാക്കട പൂവച്ചൽ കുഴയ്ക്കാട് ശ്രീശൈലത്തിൽ അഖിലിന്റെ ഏക മകൻ ദേവരഥിന്റെ പിറന്നാൾ ഒക്ടോബർ ഒന്നിനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേർന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23-നായിരുന്നു സിയാച്ചിനിലേക്ക് അഖിലിന്റെ മടക്കമെന്ന് ബന്ധുക്കൾ ഓർക്കുന്നു. കഴിഞ്ഞ ദിവസവും അഖിൽ ഭാര്യയെയും മാതാപിതാക്കളെയും ഫോണിൽ വിളിച്ചിരുന്നു. 200 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. അതിനുശേഷം വിവരം ഒന്നും ഇല്ലായിരുന്നു. 11 വർഷമായി സൈന്യത്തിലാണ് അഖിൽ. പൂവച്ചൽ കുഴയ്ക്കാട് ഗവ. എൽ.പി.സ്കൂളിലും, ചായ്ക്കുളം സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീരണകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വരെ. പ്ലസ് ടു പൂർത്തിയാക്കിയത് നെയ്യാർഡാം ഗവ. ഹൈസ്കൂളിലാണ്. തുടർന്നാണ് സൈനിക സേവനത്തിന് തിരഞ്ഞെടുത്തത്. സൈന്യത്തിൽ നായിക് പദവിയിൽ മെഡിക്കൽ അസിസ്റ്റന്റ് ആയിരുന്നു.ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. രാമവിലാസത്തിൽ ഭുവനചന്ദ്രന്റെയും ശ്യാമളയുടെയും മകൾ. അഖിലിന്റെ അച്ഛൻ സുദർശനകുമാർ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ ഉയർച്ചമാത്രം സ്വപ്നംകണ്ട മാതാപിതാക്കൾ. ഒരാൾ സൈനികസേവനം തിരഞ്ഞെടുത്തപ്പോൾ സഹോദരൻ അക്ഷയ് കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എ.ആർ.ക്യാമ്പിൽ ജോലിചെയ്യുന്നു. വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ സന്ദീപ് എന്നാണ് അഖിലിനെ വിളിക്കുന്നത്. എല്ലാവർക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ദുഃഖത്തിലാക്കി. ഡിസംബർ മൂന്നിന് സിയാച്ചിനിലെ ടാങ്ധർ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം. രണ്ടിടങ്ങളിലുമായി ആകെ നാലുപേർക്കാണ് ജീവാപായം ഉണ്ടായത്. ശ്രീനഗർ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തും. പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ പൊതുദർശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30-ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചൽ കുഴയ്ക്കാട് ഗവ. സ്കൂളിൽ പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2rTmSca
via
IFTTT