ന്യൂഡൽഹി: ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് വിജയം തങ്ങൾ പ്രതീക്ഷിച്ചതായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നിയോഗിച്ചിരുന്നതാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലവിലെ ഫലസൂചനകൾ കാണിക്കുന്നത്കോൺഗ്രസ് സഖ്യത്തിന്അവിടെ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിച്ചില്ലെങ്കിൽ ചെറുപാർട്ടികളുമായി ചർച്ചകൾ നടത്താൻ ഹൈക്കമാൻഡ് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഹേമന്ദ് സോറൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് തന്നെ ജാർഖണ്ഡിനെ ഉദ്ദേശിച്ചാണ്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിട്ടും തിരക്കുപിടിച്ച് പസാക്കിയതിന്റെ ഉദ്ദേശം ജാർഖണ്ഡ് തിരഞ്ഞെടുപ്പായിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി ജാർഖണ്ഡിൽ പറഞ്ഞു. അമിത് ഷായുടെയു പ്രസംഗവും നമ്മൾ കണ്ടതാണ്. ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇരുവരും പ്രസംഗിച്ചത്. എന്നിട്ടും ജാർഖണ്ഡ് പോലൊരു സംസ്ഥാനത്ത് അവർ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചകമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. "ഹരിയാന തിരഞ്ഞെടുപ്പിന് മുമ്പാണ് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് കശ്മീരിനെ രണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള നിയമ നിർമാണമാണ് അവർ നടത്തിയത്. ഒരു രാത്രികൊണ്ടാണ് കശ്മീരിനെ വിഭജിക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ച് ചർച്ച കൂടാതെ പാസാക്കിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം ഹരിയാനയിൽ അവർക്ക് ലഭിച്ചില്ല. പിന്നാലെ മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ജനങ്ങൾ എല്ലാക്കാലത്തും ഇത്തരം നയങ്ങൾക്ക് പിന്നാലെ പോവില്ലെന്നാണ് ഇത് തെളിയിക്കുന്നത്." ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്നത് ജീവിത പ്രശ്നങ്ങളാണ്. യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, വിലക്കയറ്റമുണ്ടാകുന്നു, സാമ്പത്തിക രംഗം താറുമാറായി, കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നു. സർക്കാർ അതിനെയെല്ലാം മറികടക്കാൻ ഇത്തരം നിയമങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം കോൺഗ്രസ് തകർന്നുപോയി എന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാൽ ഈ സർക്കാരിനെതിരായി ജനവികാരമുണ്ട്. അതിനെ നയിക്കുന്നത് കോൺഗ്രസാണ്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയങ്ങളുമായാണ് കോൺഗ്രസും സഖ്യകക്ഷികളും ഇപ്പോൾ മുന്നേറുന്നതെന്നും വേണുഗോപാൽ പറഞ്ഞു. പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നത്. അതിന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെടുത്തേണ്ടതില്ല. നിയമത്തിനെതിരായ സമരം തുടരുക തന്നെ ചെയ്യും. ഇത്തരം വിജയങ്ങൾ സമരത്തിലുള്ളവരുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. Content Highlights:BJPs intention of polarization in Jharkhand is not worked, its a good sign for India says Venugopal
from mathrubhumi.latestnews.rssfeed https://ift.tt/2Mkm0Vt
via
IFTTT