ചെന്നൈ: ഇന്ത്യയുമായി ഏറ്റവും അവസാനം കളിച്ച ഏകദിന ക്രിക്കറ്റ് മത്സരം വെസ്റ്റിൻഡീസ് മറക്കാനാഗ്രഹിക്കുന്നുണ്ടാകും. കഴിഞ്ഞ ഓഗസ്റ്റിൽ വെസ്റ്റിൻഡീസിൽ നടന്ന മത്സരത്തിൽ 32.3 ഓവറിൽ ഇന്ത്യ 256 റൺസടിച്ച് കളി ജയിച്ചു. ഇന്ത്യയുമായി അവസാനം നടന്ന ട്വന്റി 20 മത്സരവും വെസ്റ്റിൻഡീസിന് നല്ല ഓർമയല്ല. കഴിഞ്ഞദിവസം മുംബൈയിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ 240 റൺസടിച്ച ഇന്ത്യ 67 റൺസിന് ജയിച്ചു. രണ്ടുതവണയും വെസ്റ്റിൻഡീസിനെ വീഴ്ത്തിയത് കോലിയുടെ മാസ്മരിക ബാറ്റിങ് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഏകദിന പരമ്പരയിൽ ഇന്ത്യയും വെസ്റ്റിൻഡീസും മുഖാമുഖം വരുന്നത്. വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ ഉണർത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റും താരങ്ങളും. ഇന്ത്യയാകട്ടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തുടർവിജയങ്ങൾ കുറിച്ചുകൊണ്ട് മുന്നേറുന്നു. എങ്കിലും സ്പിന്നർമാർക്ക് നേരിയ മേൽക്കൈ ലഭിക്കുന്ന ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും കരുതലോടെയാകും ഇറങ്ങുക. മത്സരം ഉച്ചയ്ക്ക് 1.30-ന് തുടങ്ങും. ഇവിടെ മഴഭീഷണി ഉണ്ട്. ഭുവിക്ക് പകരം ശാർദ്ദുൽ പരിക്കായതിനാൽ പരമ്പരയിൽനിന്ന് പിന്മാറിയ പേസ് ബൗളർ ഭുവനേശ്വർ കുമാറിനുപകരം മുംബൈയുടെ ശർദ്ദുൽ ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. കർണാടകക്കാരനായ ഓപ്പണർ മായങ്ക് അഗർവാൾ ടീമിലുണ്ട്. ടെസ്റ്റിൽ ഓപ്പണറായെത്തി സ്ഥാനമുറപ്പിച്ച മായങ്കിന് ഏകദിനത്തിൽ അവസരം കിട്ടുമോയെന്ന് സംശയമാണ്. നേരത്തേ ശിഖർ ധവാന് പരിക്കേറ്റപ്പോൾ ഓപ്പണറായിട്ടുള്ള കെ.എൽ. രാഹുൽ മികച്ച ഫോമിലായതിനാൽ ഇവിടെയും രോഹിതിനൊപ്പം രാഹുൽ ഓപ്പണറാകാനാണ് സാധ്യത. വൺഡൗണായി കോലിയും നാലാമനായി ശ്രേയസ്സ് അയ്യരുമുണ്ട്. തുടർന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. കേദാർ ജാദവ്-മനീഷ് പാണ്ഡെ എന്നിവരിലൊരാൾ കളിച്ചേക്കും. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ-ശിവം ദുബെ എന്നിവരും സ്ഥാനത്തിനായി മത്സരിക്കുന്നു. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമിക്കൊപ്പം ദീപക് ചഹാറിന് കൂടുതൽ സാധ്യതയുണ്ട്. ഇടവേളയ്ക്കുശേഷം യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ഒരുമിച്ച് ഇറങ്ങിയേക്കും. ലോകകപ്പിനുശേഷം ഇരുവരും ഒരുമിച്ച് ഇലവനിൽ കളിച്ചിട്ടില്ല. വെസ്റ്റിൻഡീസിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ എവിൻ ലൂയിസിന്റെ പരിക്ക് ഭേദമായിട്ടില്ല. ഷിമ്രോൺ ഹെറ്റ്മെയർ, നിക്കോളാസ് പൂരാൻ, സുനിൽ ആംബ്രിസ്, ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് എന്നിവർ ഉൾപ്പെട്ട ബാറ്റിങ് ലൈനപ്പ് ശക്തമാണ്. Content Highlights: India vs West Indies First ODI Cricket Chennai
from mathrubhumi.latestnews.rssfeed https://ift.tt/2Pn2edK
via
IFTTT