Breaking

Thursday, December 5, 2019

നാം ഉറങ്ങുമ്പോൾ ജനാധിപത്യത്തിന്‌ സംഭവിക്കുന്നത്

ഭൂരിപക്ഷം നടപ്പാക്കുന്ന ഏകാധിപത്യത്തെപ്പറ്റി പറഞ്ഞത് ബ്രിട്ടീഷ് ചിന്തകനായ ജോൺ സ്റ്റുവർട്ട് മില്ലാണ്. ജനാധിപത്യം നേരിടുന്ന ഒരു വലിയ സമസ്യയാണിത്. ജനാധിപത്യത്തിന്റെ മറവിൽ ന്യൂനപക്ഷാഭിപ്രായങ്ങളെ നിരുപാധികം തള്ളിക്കളയുന്ന ഭൂരിപക്ഷതീരുമാനം ആത്യന്തികമായി ഫാസിസം തന്നെയാണ്. വ്യത്യസ്ത ചിന്താധാരകളും തുറന്നുപറച്ചിലുകളും അഭിപ്രായങ്ങളുമാണ് ജനാധിപത്യം എന്ന തുറന്ന സങ്കല്പത്തെ പരിപൂർണമാക്കുന്നത്. ജനാധിപത്യഘടനയിൽ അധികാരത്തിന്റെ കടിഞ്ഞാണും വഴികാട്ടിയും വിമർശനങ്ങളാണ്. എതിർപ്പുന്നയിക്കാനുള്ളവേദി കൂടിയാണ് ജനാധിപത്യം എന്ന പ്രക്രിയ. അഭിപ്രായം പറയാനുള്ള ഭയവും എതിർപ്പില്ലാത്ത മൗനവും അതിനെ ജീർണിപ്പിക്കും. ന്യൂനപക്ഷാഭിപ്രായത്തിന് ഭൂരിപക്ഷാഭിപ്രായത്തിന്റെ അതേ ഗൗരവവും വിലയുമുണ്ടെന്നു പറഞ്ഞത് ഇംഗ്ലീഷ് രാഷ്ട്രീയചിന്തകനും ലവിയത്തൻ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവുമായ തോമസ് ഹോബ്സ് ആണ്. മോദിസർക്കാരിന്റെ ഭരണത്തിൽ രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെപ്പറ്റിയും ഭയത്തെപ്പറ്റിയും വ്യവസായിയായ രാഹുൽ ബജാജ് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ദിവസങ്ങൾക്കുമുമ്പ് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും ഇക്കാര്യം പറയുകയുണ്ടായി. അതെല്ലാം വിരൽചൂണ്ടുന്നത് രാജ്യത്ത് നിലനിൽക്കുന്ന അസ്വസ്ഥകരമായ സ്ഥിതിവിശേഷത്തിലേക്കാണ്. തങ്ങളുടെ പരീക്ഷണപരാജയങ്ങളെ, തങ്ങളുടെ തെറ്റായ നയങ്ങൾ തകർത്ത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ, തങ്ങൾ ചർച്ചകളില്ലാതെ പാസാക്കിയ കരിനിയമങ്ങളെ, ന്യൂനപക്ഷവിരുദ്ധ മനോഗതിയെ, അധികാരം തട്ടിപ്പറിക്കുന്ന രീതിയെ എല്ലാം എതിർക്കുന്നവരെ, ചോദ്യംചെയ്യുന്നവരെ തടയിടാനാണോ മോദിസർക്കാർ പരോക്ഷവും പ്രത്യക്ഷവുമായ ഭയം സൃഷ്ടിക്കുന്നത് എന്ന സംശയം ഉയർന്നാൽ അതിനെ നിഷേധിക്കാനാവില്ലതന്നെ. ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന നാളുകളിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. പാളിപ്പോയ ബി.ജെ.പി.യുടെ മഹാരാഷ്ട്രാ നാടകം അത് വിളിച്ചുപറയുന്നു. അണിയറയിലെ രഹസ്യങ്ങൾ 2019 നവംബർ 23-ന് ഇന്ത്യാ മഹാരാജ്യത്ത് ഇറങ്ങിയ പത്രങ്ങൾ മുഴുവൻ ഒരേ തലവാചകമായിരുന്നു പ്രധാനവാർത്തയായി പ്രസിദ്ധീകരിച്ചത്. 'ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, ഇനി ഉദ്ധവ് നയിക്കും' എന്നിങ്ങനെ. ആകാശവാണി നിലയങ്ങളും ഓൺലൈൻ മാധ്യമങ്ങളും അതുതന്നെ പറഞ്ഞു. വാർത്താ ഏജൻസികളും ടെലിവിഷൻ ചാനലുകളും നവംബർ 22-ന് പ്രധാനവാർത്തയായി കൊടുത്തതും ഇതുതന്നെ. രാത്രിവാർത്തകളിൽ ചർച്ചകളുമുണ്ടായി. നവംബർ 22-ന് രാത്രി ഉദ്ധവ് താക്കറെ ഇതെല്ലാം കണ്ടും കേട്ടും ഏറെ ചാരിതാർഥ്യത്തോടെയാവും കിടന്നുറങ്ങിയിട്ടുണ്ടാവുക. പിറ്റേന്ന് രാവിലെ ഉദ്ധവ് ഉണർന്നെണീറ്റതും മണിക്കൂറുകൾ മാത്രം അകലെയുള്ള മുഖ്യമന്ത്രിപദത്തെക്കുറിച്ചോർത്തിട്ടായിരിക്കും. ഒരു പക്ഷേ, അദ്ദേഹം തന്റെ പിതാവ് ബാൽതാക്കറെയുടെ ഫോട്ടോയുടെ മുന്നിൽനിന്ന് പ്രാർഥിച്ചിട്ടുമുണ്ടാവും. എന്നാൽ, രാവിലെ 7.50-ന് രാജ്യവും സത്യപ്രതിജ്ഞയ്ക്കുള്ള ഉടുപ്പെടുത്തിട്ട ഉദ്ധവ് താക്കറെയും കേട്ടത് മറ്റൊരു വാർത്തയാണ്. ബി.ജെ.പി.യുടെ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായും എൻ.സി.പി.നേതാവും ശരദ്പവാറിന്റെ മരുമകനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായും ഗവർണർ ഭഗത്സിങ് കോഷിയാരിക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുന്നു. താനുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടി മാലകെട്ടുന്നതിന് തൊട്ടുമുമ്പ് അതേ പന്തലിൽവെച്ച് മറ്റൊരാളുടെ മണവാട്ടിയായിരിക്കുന്നു! ആ വാർത്തയ്ക്ക് മുന്നിൽ പകച്ചുനിന്നത് ഉദ്ധവ് താക്കറെയും ഈ രാജ്യത്തെ വിവിധ രാഷ്ട്രീയപ്പാർട്ടികളും പ്രസ്ഥാനങ്ങളും മാത്രമല്ല; ജനാധിപത്യസംവിധാനം തന്നെയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് മുമ്പ് സംഭവിച്ചിട്ടില്ല. ഇരുട്ടിന്റെ മറവിൽ നടന്നത് ലോകമോ ഇന്ത്യയിലെ 132 കോടിയിലധികംവരുന്ന ജനങ്ങളോ മറ്റ് രാഷ്ട്രീയപ്പാർട്ടികളോ പോകട്ടെ ഫഡ്നവിസിന്റെ പാർട്ടിയായ ബി.ജെ.പി.യിലെ നേതാക്കളും ഇക്കാര്യം എല്ലാം കഴിഞ്ഞതിനുശേഷം മാത്രമാണ് അറിഞ്ഞത് എന്നതാണ് വിചിത്രമായ വസ്തുത. എന്നാൽ, എല്ലാമറിഞ്ഞ് അറിയുന്ന രണ്ടുപേർ മാത്രം ട്വിറ്ററിലൂടെ പ്രതികരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. അവരുടെ ട്വിറ്റർ പ്രതികരണം വന്നപ്പോൾ ലോകം വീണ്ടും അമ്പരന്നു. ഇതെങ്ങനെ ഇവർ ഇത്രമേൽ രഹസ്യമാക്കിെവച്ചു? ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇങ്ങനെയൊക്കെ ചെയ്യാമോ? ഒറ്റ രാത്രിയുടെ ഇരുട്ടിൻ മറവിൽ സംഭവിച്ചതിനെ ഇങ്ങനെ സംഗ്രഹിക്കാം: നവംബർ 22-ന് രാത്രിയാണ് ബി.ജെ.പി. സർക്കാർ രൂപവത്കരണത്തിന്റെ ഒരുക്കങ്ങൾ നടന്നത്. ശിവസേന, എൻ.സി.പി., കോൺഗ്രസ് കക്ഷികൾ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ സ്വന്തം പാളയത്തിലിരുന്ന് അജിത് പവാർ അപ്പപ്പോൾ ദേവേന്ദ്ര ഫഡ്നവിസിനെ ഫോണിലൂടെ അറിയിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് ബി.ജെ.പി.യിൽനിന്ന് എൻ.സി.പി.യിലെത്തിയ ബീഡ് എം.എൽ.എ. ധനഞ്ജയ് മുണ്ടെയാണ് അജിത് പവാറിനും ഫഡ്നവിസിനുമിടയിലെ ദൂതനായത്. രാത്രി 11 മണിയോടെ അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യാമെന്ന ഉറപ്പ് നൽകുന്നു; എൻ.സി.പി.യുടെ 54 എം.എൽ.എ. മാരിൽ 30 പേർ തനിക്കൊപ്പമുണ്ടാവുമെന്നും. ഇതോടെ ഫഡ്നവിസ് കാര്യങ്ങൾ അമിത് ഷായെ ബോധ്യപ്പെടുത്തി. ആഭ്യന്തരമന്ത്രാലയം രാത്രിയിൽ ഉണർന്നെണീക്കുന്നു. മഹാരാഷ്ട്ര ഗവർണറെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു. തുടർന്ന് രാഷ്ട്രപതിഭരണം പിൻവലിക്കണമെന്ന് പറഞ്ഞ് ഗവർണറുടെ സെക്രട്ടറി പുലർച്ചെ 2.20-ന് രാഷ്ട്രപതിക്ക് കത്തയയ്ക്കുന്നു. പുലർച്ചെ 5.47-ന് രാഷ്ട്രപതി ഭരണം പിൻവലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉത്തരവ് വരുന്നു. രാവിലെ 6.30-ന് സത്യപ്രതിജ്ഞ നിശ്ചയിക്കുന്നു. പുലർച്ചെ ഫഡ്നവിസും അജിത് പവാറും ഗവർണറെക്കണ്ട് കാര്യങ്ങൾ സംസാരിക്കുന്നു. ശിവസേനയ്ക്ക് എൻ.സി.പി. എം.എൽ.എ.മാർ ഒപ്പിട്ടുനൽകിയ പിന്തുണക്കത്ത് ബി.ജെ.പി.ക്കുള്ള പിന്തുണയായി മാറുന്നു. ഇത്രയുമെല്ലാം നടക്കുമ്പോൾ ഇന്ത്യ ഉറങ്ങുകയായിരുന്നു എന്നോർക്കുക. വിരലിലെണ്ണാവുന്ന ചിലർ മാത്രം എല്ലാം അറിഞ്ഞ് ഉണർന്നിരുന്നു. രാവിലെ 7.30-ന് അജിത് പവാർ തനിക്ക് വിശ്വസ്തരായ 11 എം.എൽ.എ.മാരെ തന്റെ വീട്ടിൽ വിളിച്ചുവരുത്തി അവർക്കൊപ്പം രാജ്ഭവനിലെത്തുന്നു. ഒറ്റ മാധ്യമങ്ങളെപ്പോലും സത്യപ്രതിജ്ഞ അറിയിച്ചിരുന്നില്ല. വാർത്താ ഏജൻസിയായ എ.എൻ.ഐ.യെ മാത്രമാണ് വിളിച്ചത്. അവരോടും 'ഒരു പ്രധാനസംഭവ'മുണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. രാവിലെ 7.30-ന് എ.എൻ.ഐ. രാജ്ഭവനിൽ എത്തുന്നു. 7.50-ന്റെ സത്യപ്രതിജ്ഞ അവരിലൂടെ ജനാധിപത്യ ഇന്ത്യ അറിയുന്നു... പാതിരാ പകർന്നാട്ടം പറയുന്നത് ജനാധിപത്യത്തിലും ഇന്ത്യയുടെ ബഹുസ്വരതയിലും എല്ലാ തരത്തിലുമുള്ള വ്യത്യസ്തതകളിലും ഇപ്പോഴും വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ ചോദിക്കട്ടെ, ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് എന്തിലേക്കാണ്? നാമെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ അരുതാത്തത് എന്തൊക്കെയാണ് ഈ രാജ്യത്ത് നടക്കുന്നത്? രാജ്യത്തിന്റെ പരമോന്നത പദവികളിലിരിക്കുന്ന രണ്ടേരണ്ടുപേർ മാത്രം അറിഞ്ഞുകൊണ്ടുനടന്ന ഈ പാതിരാ പകർന്നാട്ടം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയിൽപ്പിന്നെ ജനാധിപത്യം എന്നൊന്ന് അല്പമെങ്കിലും ശേഷിക്കുമായിരുന്നോ? ഡച്ച് ചരിത്രകാരൻ ഫ്രാങ്ക് ഡീകതറിന്റെ ഇരുപതാം നൂറ്റാണ്ടിലെ എട്ട് ഏകാധിപതികളെക്കുറിച്ചുള്ള 'How To Be A Dictator' എന്ന പഠനം ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ വായിക്കുന്നത് നന്നായിരിക്കും. അതിലദ്ദേഹം ഇങ്ങനെ പറയുന്നു: 'സ്വയം നിർമിക്കുന്ന പ്രതിഛായയിൽ അഭിരമിച്ച് ഏകാധിപതികളിൽ പലരും, അവരുടെ സ്തുതിപാഠകർ ചായംപൂശുന്ന, സ്വയംതീർക്കുന്ന ഒരു ലോകത്തേക്ക് വഴുതിപ്പോകും. തീരുമാനങ്ങളൊക്കെ എടുക്കുന്നത് അവർ മാത്രമായിരിക്കും. ഒടുവിൽ അവർ നേരിടുന്ന ഭീഷണി ജനങ്ങളിൽ നിന്നായിരിക്കില്ല. അവരിൽ നിന്നുതന്നെയാകും'. മൂന്നു രാഷ്ട്രീയപ്പാർട്ടികൾ ചേർന്ന് മഹാരാഷ്ട്രയിൽ തുടക്കംകുറിച്ചിരിക്കുന്നത് പുതിയൊരു രാഷ്ട്രീയചരിത്രമാണ്. സാംസ്കാരികമൂല്യങ്ങളിലും പിറവിയിലും പ്രവർത്തനത്തിലുമെല്ലാം തികച്ചും വ്യത്യസ്തത പുലർത്തുന്ന മൂന്നു പാർട്ടികൾ. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് അകറ്റുന്നതിനാണ് ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ ഈ രാഷ്ട്രീയസഖ്യത്തിന് രൂപം നൽകിയത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മഹാവികാസ് അഘാഡിയെന്ന ത്രികക്ഷി രാഷ്ട്രീയസഖ്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ അധികാരമേറ്റത്. ഭരണഘടനയിലെ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസുമായും എൻ.സി.പി.യുമായും കൂടിയാലോചിച്ചുകൊണ്ടുള്ള ഭരണനിർവഹണമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നോട്ടുവെക്കുന്നത്. രാജ്യത്തിന്റെ മതേതരമായ ചട്ടക്കൂടിൽ നിന്നുകൊണ്ട് തർക്കവിഷയങ്ങളിലടക്കം ഇരുപാർട്ടികളുമായി കൂടിയാലോചനകൾ നടത്തി മുന്നോട്ടുപോകുമെന്നും ഉദ്ധവ് വ്യക്തമാക്കുന്നു. സഖ്യത്തെ പിന്തുണയ്ക്കുന്നതിന് ഏറ്റവും കുറഞ്ഞ അംഗങ്ങളാണ് കോൺഗ്രസിനുള്ളതെങ്കിലും മതേതരത്വമെന്ന ചലനാത്മകതയുടെ അംഗീകാരം അതിനുണ്ട്. ഇന്ത്യ എന്ന ആശയത്തിന്റെ മൂലക്കല്ലാണിത്. മഹാരാഷ്ട്ര രാഷ്ട്രീയനാടകത്തിൽ ബി.ജെ.പി.യിലെ സമുന്നത നേതാവും മറാഠിയുമായ നിതിൻ ഗഡ്കരിയുടെ നിസ്സംഗതയും അദ്ഭുതപ്പെടുത്തുന്നതാണ്. ശിവസേനയുമായി നല്ല ബന്ധം പുലർത്തുന്ന നിതിനും അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവന്ന ആർ.എസ്.എസും ഹിന്ദുത്വ വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബി. ജെ.പി.-ശിവസേനാ സഖ്യത്തെ ഒന്നിപ്പിക്കാൻ കാര്യമായി ഇടപെട്ടില്ല എന്നത് ശ്രദ്ധേയമാണ്. തീരുമാനങ്ങൾ നടപ്പാക്കാൻ ചിട്ടയായ കേഡർ സംവിധാനമുള്ള ഒരു സംഘടനയ്ക്ക് കാര്യങ്ങൾ, മോദി-ഷാ ദ്വയങ്ങൾ മാത്രം തീരുമാനിക്കുന്നതിലുള്ള അതൃപ്തിയുടെ അന്തർധാര ഒരുപക്ഷേ, ഈ നിസ്സംഗതയിൽ കാണാമോ? തന്റെ ഹിന്ദുത്വസഹോദരനുമായുള്ള ബി.ജെ.പി.യുടെ അകൽച്ച രാജ്യത്തെ മതേതര പാർട്ടികൾക്ക് ആഹ്ലാദിക്കാനുള്ള വകയാണ്. എൻ.ഡി.എ.യിൽ അവഗണിക്കപ്പെട്ട് ശബ്ദമില്ലാതെ കിടന്നിരുന്ന അവരുടെ സഖ്യകക്ഷികൾക്ക് ഈ പിളർപ്പ് ഒച്ചയുയർത്താനും വിലപേശാനുമുള്ള ധൈര്യം നൽകും. ബി.ജെ.പി.യുടെ ചൊൽപ്പടിക്കുനിൽക്കാത്ത പ്രാദേശിക പാർട്ടികളായ ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. എന്നിവർക്കും ഈസംഭവം അവരെ നേരിടാൻ ഇരട്ടി ഊർജം നൽകും. രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ ആഹ്വാനം നൽകിയ മോദി-അമിത് ഷാ കൂട്ടുകെട്ടിന് ഇപ്പോൾ തിരിച്ചടി നേരിടുകയാണ് എന്നതാണ് സത്യം. 2017-ൽ ഇന്ത്യയുടെ 71 ശതമാനം ഭൂഭാഗങ്ങളിലും ആധിപത്യമുണ്ടായിരുന്ന എൻ.ഡി.എ. ഇപ്പോൾ 40 ശതമാനത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 2018-ൽ കർണാടകവും കേരളവും മിസോറമും ഒഡിഷയും പഞ്ചാബും തമിഴ്നാടും തെലങ്കാനയും ബംഗാളും ഒഴിച്ചുള്ള ഇടങ്ങളെല്ലാം ബി.ജെ.പി.യുടെ നിയന്ത്രണത്തിലായിരുന്നു എന്നോർക്കണം. ഒരു കൊല്ലംകൊണ്ട് സ്ഥിതിഗതികൾ മാറിമറഞ്ഞു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും അവർക്ക് ഭരണം നഷ്ടപ്പെട്ടു. ആന്ധ്രയിൽ തെലുഗുദേശം അവരുമായുള്ള സഖ്യമുപേക്ഷിച്ചു. ജമ്മുകശ്മീരിലും സ്വാധീനം നഷ്ടപ്പെട്ടു. കോട്ടയായ ഗുജറാത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ അവർക്ക് അടിപതറി. തുറക്കുമോ പുതിയ സാധ്യതകൾ പ്രതിപക്ഷകക്ഷികളുടെ ഐക്യത്തിനുള്ള പുതിയ സാധ്യതകളിലേക്ക് മഹാരാഷ്ട്രയിലെ ഈ രാഷ്ട്രീയസഖ്യം വളരും എന്നു കരുതാം. മതേതരത്വത്തിന്റെ പുതിയ രാഷ്ട്രീയസാധ്യതകളെ പ്രതിഫലിപ്പിക്കുന്നതിനും അത് ഇടയാക്കും. പ്രതിപക്ഷത്തെ തുടച്ചുനീക്കുകയെന്ന ബി.ജെ.പി.യുടെ പ്രഖ്യാപിതലക്ഷ്യത്തിനെതിരേയുള്ള ചെറുത്തുനിൽപ്പാകുമത്. അങ്ങനെയുണ്ടാകുന്ന ധ്രുവീകരണം ബി.ജെ.പി. രാഷ്ട്രീയത്തിനെതിരായ അടിസ്ഥാനമൂല്യസംരക്ഷണത്തിനുള്ള പോരാട്ടത്തിലേക്കാകും നയിക്കുക. രാജ്യത്തു നടക്കുന്ന ധ്വംസനങ്ങൾക്കെതിരേ പ്രതികരിക്കേണ്ട, പ്രക്ഷോഭംനയിക്കേണ്ട ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ നിഷ്ക്രിയത്വം അദ്ഭുതപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയിൽ രാഷ്ട്രീയം തിളച്ചു മറിയുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അവധിയെടുത്ത് വിദേശത്തായിരുന്നു. മഹാരാഷ്ട്രയിൽ അവർക്കു കിട്ടിയ സീറ്റുകൾ സത്യത്തിൽ തങ്ങളുടെ പ്രവർത്തനമികവിന് കിട്ടിയതല്ല എന്ന യാഥാർഥ്യത്തിലേക്ക് അവർ ഇനിയെങ്കിലും ഉണരേണ്ടതുണ്ട്. രാജ്യത്ത് മതേതരത്വത്തിനും ബഹുസ്വരതയ്ക്കും അടിക്കല്ല് പാകിയ നെഹ്രുവിന്റെ കാലാതിവർത്തിയായ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ആർജവം പോലും പലപ്പോഴും കോൺഗ്രസിന് നഷ്ടമാവുന്നു എന്നത് ഞെട്ടിക്കുന്നു. ഈ മൗഢ്യത്തിൽനിന്ന് അവർ പുറത്തുവരാത്തതെന്ത് എന്നതാണ് ജനാധിപത്യവാദികളുടെ സന്ദേഹം. മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിന്റെ പര്യവസാനം തത്കാലത്തേക്കെങ്കിലും മോദി-ഷാ കൂട്ടുകെട്ടിന്റെ സമഗ്രാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്നത് ആശ്വാസകരമാണ്. എന്തായാലും ഒരു കാര്യം ഉറപ്പ്. എതിർശബ്ദങ്ങൾ ഉയർന്നില്ലെങ്കിൽ അഭിപ്രായങ്ങൾ പറഞ്ഞില്ലെങ്കിൽ നീതി പുലരില്ല. ജനാധിപത്യത്തിൽ ഭയം ഗ്രസിക്കുകയെന്നാൽ ആ സംവിധാനം മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അർഥം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ നായകനും ഐക്യനാടുകളുടെ രാഷ്ട്രപിതാവുമായ ജോർജ് വാഷിങ്ടൺ പറഞ്ഞ ഒരു വാചകംകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാവുമെന്നു തോന്നുന്നു. ''അഭിപ്രായസ്വാതന്ത്ര്യം എടുത്തുകളഞ്ഞാൽ, മിണ്ടാട്ടം മുട്ടിയവരായിത്തീരുന്ന നാം, നിശ്ശബ്ദരായി, ആടുകളെപ്പോലെ അറവുശാലയിലേക്ക് നയിക്കപ്പെടും.'' മഹാരാഷ്ട്രയിലേറ്റ തിരിച്ചടി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി. നടത്തിയ നാടകങ്ങൾ, അധികാരരാഷ്ട്രീയം നിസ്സങ്കോചം നടത്തുന്ന ജനാധിപത്യധ്വംസനത്തിന്റെ ദംഷ്ട്രകൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേട്ടുകേൾവിയില്ലാത്ത ചെയ്തികളാണ് മറാഠയുടെ മണ്ണിൽ അരങ്ങേറിയത്. ഏകപക്ഷീയമായ വിജയം സ്വപ്നംകണ്ട ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായ തിരിച്ചടി നൽകുന്ന തിരഞ്ഞെടുപ്പുഫലമായിരുന്നു നമ്മൾ കണ്ടത്. തുടർന്ന് തങ്ങളെ പൂർണമായി വിഴുങ്ങാനൊരുങ്ങുന്ന ബി.ജെ. പി.ക്കെതിരേ, അവരുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേ സഖ്യകക്ഷിയായ ശിവസേന കലാപമുണ്ടാക്കുകയും സഖ്യം വിച്ഛേദിക്കുകയും ചെയ്തു. മോദി മാജിക്കിന്റെ പിന്തുണയിൽ, അമിത് ഷായുടെ പ്രായോഗിക, രാഷ്ട്രീയ തന്ത്രങ്ങളിൽ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടാമെന്നും അതുവഴി ശിവസേനയെ ചൊൽപ്പടിക്കു നിർത്താമെന്നും ബി.ജെ. പി. കരുതി. നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും നട്ടെല്ലു തകർത്ത സാധാരണക്കാരെയും ചെറുകിട വ്യവസായികളെയും ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന വിദർഭയിലെ കർഷകരെയും അവർ കണ്ടില്ല. അഥവാ കണ്ടില്ലെന്നു നടിച്ചു. ഫലം, ഏകപക്ഷീയമായ വിജയം പ്രതീക്ഷിച്ച ബി.ജെ.പി. നിരാശരായി. ചിത്രത്തിലില്ലാത്ത കോൺഗ്രസുപോലും അവിടെ സീറ്റുകൾ കൊയ്തപ്പോൾ ബി.ജെ. പി.യുടെ പ്രതീക്ഷകൾ തെറ്റി. സഖ്യം വിട്ട് ശിവസേനയും വഴി പിരിഞ്ഞപ്പോൾ വളഞ്ഞമാർഗമേ അവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ. ഇരുട്ടിന്റെ മറവിലൊരു കച്ചവടം -അങ്ങനെയേ അതിനെ വിശേഷിപ്പിക്കാനാവൂ. content highlights: challenges of democracy in india and political drama took place at maharashtra


from mathrubhumi.latestnews.rssfeed https://ift.tt/2YjpFYj
via IFTTT