അഹമ്മദാബാദ്: കേന്ദ്ര ഗതാഗതനിയമത്തെ മറികടന്ന് വീണ്ടും ഗുജറാത്ത് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധികളിൽ ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം ഏർപ്പെടുത്തിയ കനത്തപിഴ വെട്ടിക്കുറച്ചതിനുപിന്നാലെയാണ് ഈ തീരുമാനം.സംസ്ഥാന മന്ത്രിസഭായോഗമാണ് നഗരങ്ങളിലെ യാത്രക്കാരെ ഹെൽമെറ്റിൽനിന്ന് മോചിപ്പിച്ചത്. ഇനിമുതൽ യാത്രക്കാർക്ക് താത്പര്യമുണ്ടെങ്കിൽമാത്രം ശിരോകവചം ധരിച്ചാൽമതി. എന്നാൽ, പട്ടണപരിധിക്കുപുറത്തും പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ പിഴയീടാക്കും. നഗരങ്ങളിലെ പൊതുജനങ്ങളിൽനിന്നുണ്ടായ എതിർപ്പും ബുദ്ധിമുട്ടുകളും മാനിച്ചാണ് ഹെൽമെറ്റ് നിർബന്ധമല്ലാതാക്കിയതെന്ന്് ഗതാഗതമന്ത്രി ആർ.സി. ഫൽദു പറഞ്ഞു. ഹെൽമെറ്റ് ധരിക്കുന്നത് മരണവും പരിക്കും കുറയ്ക്കുമെന്നുതന്നെയാണ് സർക്കാരിന്റെ കാഴ്ചപ്പാട്. എന്നാൽ, നഗരവാസികൾ കൂടുതൽദൂരം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരല്ല. പച്ചക്കറിവാങ്ങുന്നതിനുമുതൽ ശ്മശാനത്തിൽപോകുന്നതിനുവരെ ഹെൽമെറ്റുവെച്ച്് യാത്രചെയ്യുന്നത് നിത്യജീവിതത്തിൽ ഇവർക്ക് ബുദ്ധിമുട്ടാണെന്ന് മന്ത്രി വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളും കണക്കിലെടുത്തതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ കർശനമാക്കിയ ഗതാഗതനിയമങ്ങൾക്ക് ആദ്യം ഇളവുപ്രഖ്യാപിച്ചത് ഗുജറാത്തിലെ ബി.ജെ.പി. സർക്കാരാണ്. ഹെൽമെറ്റ് ധരിക്കാത്തവർക്ക് കേന്ദ്രനിയമം 1000 രൂപ പിഴ പ്രഖ്യാപിച്ചപ്പോൾ ഗുജറാത്ത് 500 ആക്കി കുറച്ചു. പിന്നിലെ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമില്ലെന്നും ഉത്തരവിറക്കി. 12 ഇനങ്ങളിലാണ് പിഴത്തുക 90 മുതൽ 50 വരെ ശതമാനം കുറച്ചത്. അച്ഛനും അമ്മയും കുട്ടികളും ഒരുബൈക്കിൽ യാത്രചെയ്യുന്നത് വലിയ കുറ്റമായി കാണാനാവില്ലെന്നാണ് അന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പരസ്യമായി പറഞ്ഞത്. എന്നിട്ടും ഹെൽമെറ്റ് ധരിക്കാത്തതിനെച്ചൊല്ലി യാത്രക്കാരും ട്രാഫിക് പോലീസും തമ്മിൽ തർക്കം നിത്യസംഭവമായിരുന്നു. ഇതിനെത്തുടർന്നാണ് ഹെൽമെറ്റേ നിർബന്ധമല്ലാതാക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2YfzAy7
via
IFTTT