ന്യൂഡൽഹി: സംസ്കൃതഭാഷ പഠിക്കുകയും നിത്യേന ഉപയോഗിക്കുകയും ചെയ്യുന്നത് നാഡികളെ ഉത്തേജിപ്പിക്കുമെന്നും അതിലൂടെ പ്രമേഹവും കൊളസ്ട്രോളും അകറ്റി നിർത്താമെന്നും ബിജെപി എംപി. മധ്യപ്രദേശിൽ നിന്നുള്ള പാർലമെന്റംഗം ഗണേഷ് സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. യുഎസ് ആസ്ഥാനമായ ഗവേഷണസ്ഥാപനം നടത്തിയ പഠനത്തിൽ സംസ്കൃതത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകാൻ കഴിയുമെന്ന് തെളിഞ്ഞതായി ഗണേഷ് സിങ് അവകാശപ്പെട്ടു. സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റീസ് ബിൽ വിഷയമായി നടത്തിയ ചർച്ചയ്ക്കിടെയാണ് സംസ്കൃതത്തിന്റെ ഗുണങ്ങളെ കുറിച്ച് ഗണേഷ് സിങ് വ്യക്തമാക്കിയത്. കമ്പ്യൂട്ടർ പ്രോഗ്രാമിങ് സംസ്കൃതത്തിലായാൽ കുറ്റമറ്റതാക്കാൻ കഴിയുമെന്ന് നാസ അഭിപ്രായപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ചില ഇസ്ലാമിക ഭാഷകളുൾപ്പെടെ ലോകത്തിലെ 97 ശതമാനത്തോളം ഭാഷകളുടെ അടിസ്ഥാനം സംസ്കൃതമാണെന്നും ഗണേഷ് സിങ് കൂട്ടിച്ചേർത്തു. സംസ്കൃത ഭാഷ ഉപയോഗിക്കാൻ ഏറെ അനുയോജ്യവും വിഭിന്നമായ ആശയങ്ങൾ ഒറ്റവാക്യത്തിൽ പ്രതിഫലിപ്പിക്കാനാവുന്നതുമാണെന്ന് ബില്ലിനെ കുറിച്ച് പാർലമെന്റിൽ സംസ്കൃതത്തിൽ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. കൗ(cow), ബ്രദർ(brother)തുടങ്ങിയ ഇംഗ്ലീഷ് പദങ്ങൾ സംസ്കൃതത്തിൽ നിന്ന് ആവിർഭവിച്ചതാണെന്നും സാരംഗി പറഞ്ഞു. സംസ്കൃതത്തിന് നൽകുന്ന പ്രോത്സാഹനം മറ്റൊരു ഭാഷയേയും പ്രതികൂലമായി ബാധിക്കില്ലെന്നും സാരംഗി കൂട്ടിച്ചേർത്തു. Content Highlights: Speaking Sanskrit Prevents Diabetes, Cholesterol: BJP Leader
from mathrubhumi.latestnews.rssfeed https://ift.tt/2LPryqt
via
IFTTT