Breaking

Sunday, December 8, 2019

ഉള്ളിവില 200 രൂപയും കടന്ന് മുന്നോട്ട്‌

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഉള്ളിയുടെ വില 200 രൂപയിലെത്തി. ഒരു കിലോയ്ക്ക് 140 തൊട്ട് 200 രൂപ വരെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളിലും ഉള്ളിയുടെ വില വർധിക്കുമെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്. എന്നാൽ മതിയായ ഗുണനിലവാരമുള്ള ഉള്ളിയല്ല നഗരത്തിലെത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഒരുമാസം മുമ്പുവരെ ഒരുദിവസം 1.39 ലക്ഷം ടൺ ഉള്ളിയാണ് നഗരത്തിലെത്തിയിരുന്നത്. നിലവിൽ 36,000 ടൺ ഉള്ളിമാത്രമാണ് നഗരത്തിലെ വിൽപ്പനകേന്ദ്രങ്ങളിലെത്തുന്നത്. കാലവർഷക്കെടുതിയിൽ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ഉള്ളിക്കൃഷിയുടെ 70 ശതമാനവും നശിച്ചു. ഈജിപ്തിൽനിന്നും തുർക്കിയിൽ നിന്നുമുള്ള ഇറക്കുമതിയിലാണ് നഗരത്തിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഡിസംബർ 15 -ഓടെ ഇവിടെനിന്നുള്ള ഉള്ളി നഗരത്തിലെത്തുമെന്നാണ് സൂചന. ബെംഗളൂരുവിലെ മൊത്തക്കച്ചവടക്കാരാണ് അയൽ ജില്ലകളിലേക്കും ഉള്ളി വിതരണം ചെയ്യുന്നത്. പൂഴ്ത്തിവെപ്പെന്ന് സംശയം ഉള്ളിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ നഗരത്തിലെ ഉള്ളി ഗോഡൗണുകളിലും കടകളിലും അഴിമതി വിരുദ്ധ ബ്യൂറോയുടെ പരിശോധന. വ്യാപകമായി ഉള്ളി പൂഴ്ത്തിവെക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് യശ്വന്തപുരിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റിയുടെ ഗോഡൗണിലും വിവിധ പ്രദേശങ്ങളിലെ ചെറുകിട വിൽപ്പനകേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. എസ്.പി.യും രണ്ട് ഡിവൈ.എസ്.പി. മാരും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഉള്ളി പൂഴ്ത്തിവെക്കുന്നതായുള്ള സൂചനകൾ ലഭിച്ചില്ലെന്ന് എസ്.പി. ത്യാഗരാജൻ പറഞ്ഞു. എന്നാൽ പൂഴ്ത്തിവെപ്പ് ശ്രദ്ധയിൽ പ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബിരിയാണിയിൽ ഉള്ളിയില്ല; ഹോട്ടലിൽ സംഘർഷം ഹോട്ടലിൽ ബിരിയാണിക്കൊപ്പം ഉള്ളി നൽകാത്തത് ചോദ്യം ചെയ്ത ഉപഭോക്താക്കളെ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. ബെലഗാവി നഗരത്തിലെ നെഹ്റുനഗറിലെ ഹോട്ടലിലാണ് സംഭവം. ബിരിയാണിക്കൊപ്പം ഉള്ളി ആവശ്യപ്പെട്ടവരോട് വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട യുവാക്കൾ ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടർന്നാണ് രണ്ടുപേർക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. ഹോട്ടൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/38bHHQR
via IFTTT