ക്രിസ്തുവിന് പ്രസക്തിയേറുന്നു--കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സന്ദേശമാണ് ത്യാഗനിർഭരമായ ജീവിതത്തിലൂടെ യോശു ജനങ്ങൾക്ക് നൽകിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ട്. ആനന്ദകരമാവട്ടെ ആഘോഷം-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്നേഹത്തിന്റേയും അനുകമ്പയുടേയും ക്ഷമാശീലത്തിന്റേയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ, സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാവട്ടെ ഈ ക്രിസ്മസ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസനേരുന്നു- സ്നേഹസമ്മാനം- കുഞ്ചാക്കോബോബൻ ക്രിസ്മസ് കൈമാറുന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശമാണ്. പ്രാർഥനയിൽ നിറയേണ്ടത് നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന ദേവവചനമാണ്- അകലം കുറയട്ടെ -നിവിൻ പോളി സമ്മാനപ്പൊതികളും സ്നേഹസന്ദേശങ്ങളും നിറഞ്ഞ കുട്ടിക്കാലമാണ് ഇന്നും ക്രിസ്മസ് ഓർമകൾ.പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന ഈ വേളയിൽ മനുഷ്യർ തമ്മിലുള്ള ഐക്യം ശക്തമാകുകയും മനസ്സുകൾ തമ്മിലുള്ള അകലം കുറയുകയും ചെയ്യട്ടെ. നന്മയുടെ വെളിച്ചം നിറയട്ടെ- സാന്ത്വനവും പ്രത്യാശയും നൽകാൻ കഴിയട്ടെ-ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ വിഭാഗീയചിന്തകൾ മറന്ന് മനുഷ്യർ ഒന്നാണെന്ന തിരിച്ചറിവോടെ സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഐക്യത്തിലും മുന്നേറാനും പട്ടിണികൊണ്ടും നാനാവിധമായ പ്രശ്നങ്ങൾകൊണ്ടും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് സാന്ത്വനവും പ്രത്യാശയും നൽകാൻ കഴിയുന്നതുമാവട്ടെ നമ്മുടെ ഈ ക്രിസ്മസ് ആഘോഷം. സമാധാനമാണ് സന്ദേശം-മിയ ജോർജ് എല്ലാവരും ജീവിതത്തിൽ പല പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സമൂഹത്തിലും വിവിധ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം തത്കാലത്തേക്ക് മാറ്റിവെച്ച് സമാധാനത്തോടെ കുടുംബത്തോടൊപ്പം ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കുക. ടെൻഷൻ ഫ്രീ ആയി ആഘോഷിക്കുക.- അനാഥർക്ക് കൂടുതൽ താങ്ങാകും-മാളവിക മോഹൻ അനാഥാലയങ്ങളിൽ പോകാറുണ്ട്. അവർക്ക് സഹായം നൽകാറുമുണ്ട്. മുംബൈയിലെതന്നെ മലാഡ് മൽവാണിയിലെ ജോൺ ചാക്കോവിന്റെ ദയാവിഹാർ എന്ന അനാഥാലയത്തിന് കൂടുതൽ സഹായം നൽകാനാണ് ആലോചന. അവിടെയുള്ള കുട്ടികളുടെ വളർച്ചയ്ക്കുള്ള സഹായവും നൽകും.- പ്രതീക്ഷയുടെ 2020-ജോജു ജോർജ്, ചലച്ചിത്രതാരം പുതുവർഷത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മികച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ 2020-ൽ പ്രേക്ഷകർക്ക് മുന്നിലെത്താൻ കഴിയുന്നു എന്നതാണ് പ്രധാനം. പ്രേക്ഷകരുടെ സ്നേഹവും അടുപ്പവും വരുംവർഷത്തിലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഉയരട്ടെ ഒരുമയുടെ സംഗീതം-ടൊവിനോ തോമസ്, ചലച്ചിത്രതാരം വേർതിരിവുകൾ പൊളിച്ചെഴുതുന്ന ചിന്തകളാണ് ക്രിസ്മസ് കാലം തുറന്നുവെക്കുന്നത്. ഒത്തൊരുമയുടെ സംഗീതം ഉയർന്നുകേൾക്കട്ടെ. ജാതിയുടെയും മതത്തിന്റെയും സങ്കുചിതമായ മതിൽക്കെട്ടുകൾക്കപ്പുറം മനുഷ്യൻ ഒന്നായിത്തീരുന്ന ഒരു പുതുവർഷത്തിലേക്കാകട്ടെ നമ്മുടെ യാത്ര- മാനവികതയും മാനുഷികതയുമുള്ള സിനിമകൾ വരണം-ഡോ. ബിജു, ചലച്ചിത്ര സംവിധായകൻ മനുഷ്യന്റെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള സിനിമകളും രാഷ്ട്രീയപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന സിനിമകളും സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും മലയാളത്തിൽ കൂടുതലായി വരണം. 2020-ൽ ഒരു ഫ്രഞ്ച് സിനിമ എടുക്കണമെന്ന ആലോചനയുമുണ്ട്.- നാരായണഗുരുവിന്റെ പുരാവിഷ്കാരം-റിയാസ് കോമു, ശില്പി, ചിത്രകാരൻ, ക്യൂറേറ്റർ ചിത്രകലയിലൂടെയും ശില്പത്തിലൂടെയും നാരായണഗുരുവിനെയും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചവരെയും ആവിഷ്കരിക്കാനുള്ള വലിയ പദ്ധതി ആലോചിക്കുന്നു. ഗവേഷണം നടന്നുവരുന്നു. അടുത്തവർഷം ഡിസംബർ അവസാനത്തോടെ പുറത്തെത്തും വലിയ ലക്ഷ്യങ്ങൾ-ബോസ് കൃഷ്ണമാചാരി, ചിത്രകാരൻ, ക്യൂറേറ്റർ ഇന്തോ -ഓസ്ട്രേലിയൻ പ്രോജക്ടാണ് വരുംവർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആലോചനയിലുള്ളത്. അത് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. ഞാനാണ് ക്യൂറേറ്റ് ചെയ്യുന്നത്. പിന്നെ കൊച്ചി ബിനാലെയുെട പ്രവർത്തനങ്ങളുമുണ്ട്- സന്മസ്സുളളവരാൽ സമാധാനം പുലരണം-കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഭൂമിയിൽ സമാധാനം പുലരണമെങ്കിൽ സന്മസ്സുണ്ടാകണമെന്നു സാരം. വർത്തമാനകാലത്തിലെ സാഹചര്യങ്ങളിൽ സന്മനസുള്ളവർ ഏറിവരേണ്ടത് അത്യാവശ്യമാണ്. സന്മസുള്ളവരാൽ സമാധാനം നിറഞ്ഞ ഒരുകാലം വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും ജനാധിപത്യവും സമത്വവും പുലരട്ടെ-ടിനി ടോം, ചലച്ചിത്രതാരം വേദനയുടെയും ആശങ്കയുടെയും ഒരു ക്രിസ്മസാണ് കടന്നുപോകുന്നത്. രാജ്യം മുഴുവൻ ആശങ്കപ്പെട്ടു നിൽക്കുമ്പോൾ ഒരാഘോഷവും നമുക്കുപറ്റില്ല. പ്രശ്നങ്ങൾ തീർന്ന്, ജനാധിപത്യവും സമത്വവും പുലരുന്ന ഒരു സമൂഹവും രാജ്യവുമാണ് അടുത്തവർഷം ഞാൻ സ്വപ്നം കാണുന്നത് സ്നേഹം എന്തിനും മുകളിൽ-പ്രയാഗ മാർട്ടിൻ, ചലച്ചിത്രതാരം ഈ ആഘോഷവേളയിൽ മനസ്സിൽ സൂക്ഷിക്കേണ്ടത് യൂണിവേഴ്സൽ ലവ് എന്ന സത്തയാണ്. മതത്തിന്റെയും ജാതിയുടെയും മുകളിലായിരിക്കണം ആ സ്നേഹം. ഐക്യത്തോടെയും സമാധാനത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ആയിരിക്കട്ടെ ഈ ക്രിസ്മസ് സഹായം വേണ്ടവരെ ചേർത്ത് നിർത്തും-സച്ചിൻ ബേബി, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് വലിയ പുണ്യമെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസത്തിലൂന്നിയാണ് ജീവിതവും. ഓരോ വർഷവും ചെയ്യേണ്ട സഹായങ്ങൾ എന്താണെന്ന് പ്ലാൻ ചെയ്യാറില്ല. നമ്മുടെ സഹായം വേണ്ടവർ മുന്നിൽവരാറുണ്ട്. അവരെ കൈയൊഴിയാറുമില്ല. കഴിഞ്ഞവർഷം അനാഥാലയങ്ങളിലെ കുട്ടികൾക്ക് വസ്ത്രം വാങ്ങി നൽകിയിരുന്നു. അതുപോലെ വൃദ്ധസദനങ്ങളിൽ പോകുകയും അവരോടൊപ്പം കുറച്ചുസമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ഈ വർഷവും ഉണ്ടാകും. നല്ല മനുഷ്യനാവാനുള്ള ശ്രമം-ഉണ്ണി മുകുന്ദൻ, നടൻ 2020ൽ പറ്റുന്നത്ര നല്ല മനുഷ്യനാകാൻ ശ്രമിക്കണം. കഴിയുന്നവരെയെല്ലാം സഹായിക്കണം. വില്ലനായും നായകനായും അഭിനയിച്ച് നടനെന്നനിലയിൽ സംതൃപ്തിതന്ന നല്ല വർഷമാണ് 2019. അടുത്തവർഷവും നല്ല സിനിമകൾചെയ്ത് ആ സംതൃപ്തി തുടരാനാകണം എല്ലാവരും ഒരുമിച്ചാണ്--സ്റ്റീഫൻ ദേവസ്സി, കീബോർഡിസ്റ്റ് വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും സന്ദർശിക്കാറുണ്ട്. ആരുമില്ലാത്തവരെ ഇനിയും സന്ദർശിക്കണം. ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ചാണെന്ന ചിന്ത അവരിലുണ്ടാക്കണം. സ്വന്തം കാര്യങ്ങൾക്ക് മാത്രം വഴിതെളിക്കാറില്ല. ആ ചിന്തയാണെന്നെ നയിക്കുന്നത്. അവസരങ്ങളുടെ പുതുലോകം-ഡോ.രേണുരാജ് ഐഎഎസ് (കേരള ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ) പഠിച്ച് വിഷയം സ്വന്തം കഴിവിനും അഭിരുചിക്കും അനുസരിച്ച് ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുന്നവർക്ക് വിജയിച്ച് മുന്നേറാൻ കഴിയും. പഠിക്കാൻ മികച്ച വിഷയം തിരഞ്ഞെടുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് തിരഞ്ഞെടുത്ത വിഷയത്തിൽ മികച്ച ആളായി പഠിച്ചിറങ്ങുക എന്നതും. ലോകം അവസരങ്ങളുമായി കാത്തിരിക്കുന്നു, 2020ൽ ആത്മവിശ്വാസത്തോടെ മുന്നേറുക ഇന്ത്യൻ താരങ്ങൾ ഇനിയും ഉണ്ടാകണം-സജ്ഞു വി സാംസൺ (ക്രിക്കറ്റ് താരം) ക്രിക്കറ്റിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. കേരളത്തിൽ നിന്നും അടുത്തവർഷം എന്നപ്പോലെ ഇന്ത്യൻ ടീമിലേക്ക് ഒരു കളിക്കാരനെങ്കിലും ഉണ്ടാവണം. ഇതിനായുള്ള പ്രയത്നം എന്റെ ഭാഗത്തുനിന്നുണ്ടാകും. അണ്ടർ 19 ടീമുകളിലെ മികച്ച കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പലർക്കും മറ്റുപല സഹായങ്ങളും ചെയ്യാറുണ്ടെങ്കിലും അത് പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Qo2p86
via
IFTTT