Breaking

Saturday, December 4, 2021

കളമശ്ശേരിയിലെ കാറപകടം;മരണത്തിനുശേഷം കാമുകനെപ്പറ്റി വിവരമില്ല,ദുരൂഹത ഉന്നയിച്ച് യുവതിയുടെ കുടുംബം

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ച് അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ. ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (സുഹാന -21) യുടെ മരണത്തിലാണ് ദുരൂഹത ഉയർന്നിരിക്കുന്നത്. കൊല്ലുമെന്ന് മൻഫിയയുടെ കാമുകൻ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് നബീസ പറഞ്ഞു. നിരവധിതവണ കാമുകനിൽനിന്ന് ഭീഷണിയുണ്ടായിട്ടുണ്ട്. മകളെ അപായപ്പെടുത്തുമെന്ന് തന്നോടും പറഞ്ഞിരുന്നതായി നബീസ പറഞ്ഞു. നവംബർ 30-ന് പുലർച്ചെ രണ്ടുമണിയോടെ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കുമിടയിൽ മെട്രോ തൂണിലിടിച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം കാമുകന്റെ ഫോണിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. മകളുടെ മരണത്തിന് ശേഷം കാസർകോട് സ്വദേശിയായ കാമുകനെപ്പറ്റി ഒരു വിവരവുമില്ലെന്നും നബീസ പറഞ്ഞു. ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്നു പറഞ്ഞാണ് അപകടദിവസം വൈകീട്ട് മൻഫിയ വീട്ടിൽനിന്നു പോയത്. പുലർച്ചെ ഒന്നരയോടെ വീട്ടുകാരുമായി സംസാരിച്ച മൻഫിയ ഉടൻ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടം എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ, എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാർ ഉറപ്പിച്ചുപറയുന്നു. നഴ്സിങ് വിദ്യാർഥിനിയായ മൻഫിയ മോഡലിങ് രംഗത്തും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ പാഞ്ഞ കാറാണ് അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന സുഹൃത്ത് സൽമാനുൽ ഫാരിസിനെ (26) സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കാറിൽ കൂടെയുണ്ടായിരുന്ന വരാപ്പുഴ സ്വദേശി ജിബിൻ ജോൺസണെ (28) ചോദ്യംചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇത്ര വലിയ അപകടം സംഭവിച്ചിട്ടും ജിബിൻ ആശുപത്രിയിൽ പോകാതെ വീട്ടിലേക്ക് മടങ്ങിയതിൽ പോലീസിന് സംശയമുണ്ടായിരുന്നു. ഇതിനിടെയാണ്, പുതിയ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. സൽമാനുലും ജിബിനും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഇവർ ഉപയോഗിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. കാമുകനിൽ ദുരൂഹത ഇതുവരെ കേസിൽ കേൾക്കാത്ത പേരാണ് കാമുകന്റേത്. മരണവിവരം കാമുകൻ എങ്ങനെ അറിഞ്ഞുവെന്നതാണ് സംശയിക്കാൻ കാരണം. അപകടശേഷം കാറിൽനിന്ന് കാമുകൻ ഓടിരക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. എന്നാൽ, അങ്ങനെയൊരു സാധ്യത ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ജിബിൻ പെൺകുട്ടിയെ വീട്ടിൽനിന്ന് ബൈക്കിൽ വിളിച്ചുക്കൊണ്ടുപോയി. സൽമാനുലിന്റെ ഫ്ലാറ്റിലെത്തി ഒരുമിച്ച് ഭക്ഷണംകഴിച്ചു. ഇവിടെനിന്ന് മൂവരുമായി നൈറ്റ് ഡ്രൈവിങ്ങിനു പോയി എന്നാണ് കാറിൽ ഒപ്പമുണ്ടായിരുന്ന ഇരുവരും നൽകിയ വിവരം. നാലാമനായി ദൃശ്യങ്ങൾ പരിശോധിക്കണം ഒരാളുടെ സാന്നിധ്യം സംശയകരമായി ഉന്നയിച്ചതിനാൽ തന്നെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്തേണ്ടി വരും. സൽമാനുലിന്റെ ഫ്ലാറ്റ്, ഇവർ കാറിൽ സഞ്ചരിച്ച മേഖല, അപകടം നടന്ന മേഖല എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നാലാമത് ഒരാൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണം.


from mathrubhumi.latestnews.rssfeed https://ift.tt/3GgcWdt
via IFTTT